
കൊച്ചി: കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ജൂലൈ മാസത്തെ യാത്രാ കലണ്ടർ പുറത്തിറക്കി. വിനോദസഞ്ചാരികളെയും തീർഥാടകരെയും ഒരുപോലെ ലക്ഷ്യമിട്ടുള്ള വിവിധ പാക്കേജുകളാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് ഹൈദരാബാദിലേക്കുള്ള സമ്പൂർണ പ്രീമിയം ടൂർ പാക്കേജാണ്.
നാല് പകലും മൂന്ന് രാത്രിയും നീളുന്ന ഹൈദരാബാദ് യാത്ര എസി ബസുകളിലായിരിക്കും. ഭക്ഷണം, താമസം, റാമോജി ഫിലിം സിറ്റിയിലേക്കുള്ള പ്രവേശന ടിക്കറ്റ് എന്നിവ ഉൾപ്പെടുന്നതാണ് ഈ സമ്പൂർണ പാക്കേജ്.
കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും തീർഥാടന കേന്ദ്രങ്ങളിലേക്കുമായി നിരവധി യാത്രകളും ജൂലൈ മാസത്തിൽ ക്രമീകരിച്ചിട്ടുണ്ട്. ജൂലൈ 4-ന് ഗുരുവായൂർ, മമ്മിയൂർ, പുന്നത്തൂർ, തൃപ്രയാർ, കൊടുങ്ങല്ലൂർ, ചേർത്തല, കാർത്യായനി ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള തീർഥാടന യാത്രയ്ക്ക് 1,360 രൂപയാണ് നിരക്ക്.
കർക്കടക മാസത്തിലെ നാലമ്പല ദർശനം ജൂലൈ 17-ന് രാത്രി 8 മണിക്ക് ആരംഭിക്കും. തൃപ്രയാർ, കൂടൽമാണിക്യം, പായമ്മേൽ, മൂഴിക്കുളം ക്ഷേത്രങ്ങൾ ഉൾപ്പെടുന്ന ഈ യാത്രയ്ക്ക് 1,320 രൂപയാണ് നിരക്ക്. കൂടാതെ ജൂലൈ 24, 30 തീയതികളിലും തൃശ്ശൂർ നാലമ്പല യാത്രകൾ സംഘടിപ്പിക്കും.
മാമലശ്ശേരി ശ്രീരാമക്ഷേത്രം, മേമ്മുറി ഭരതക്ഷേത്രം, മുളക്കുളം ലക്ഷ്മണക്ഷേത്രം, നെടുങ്ങാട് ശത്രുഘ്നക്ഷേത്രം എന്നിവ ഉൾപ്പെടുന്ന യാത്രയ്ക്ക് 750 രൂപയാണ് നിരക്ക്. ആറന്മുള വള്ളസദ്യയോടുകൂടിയ പഞ്ചപാണ്ഡവക്ഷേത്ര ദർശനം ജൂലൈ 20, 22, 28 തീയതികളിൽ നടത്തും. സദ്യ ഉൾപ്പെടെയുള്ള ഈ പാക്കേജിന് 910 രൂപയാണ് നിരക്ക്.
ജൂലൈ 4, 19 തീയതികളിൽ വാഗമൺ യാത്രയും ജൂലൈ 5, 25 തീയതികളിൽ ഇല്ലിക്കൽ കല്ല്–ഇലവീഴാപൂഞ്ചിറ യാത്രയും ഒരുക്കിയിട്ടുണ്ട്. ഉച്ചഭക്ഷണം ഉൾപ്പെടെയുള്ള വാഗമൺ യാത്രയ്ക്ക് 1,020 രൂപയും ഇല്ലിക്കൽ കല്ല് യാത്രയ്ക്ക് 820 രൂപയുമാണ് നിരക്ക്.
ജൂലൈ 5, 16, 19 തീയതികളിൽ പൊന്മുടി യാത്രയും ജൂലൈ 8, 13, 21 തീയതികളിൽ ഗവി യാത്രയും സംഘടിപ്പിക്കും. ഗവി യാത്രയ്ക്ക് 1,750 രൂപയാണ് നിരക്ക്. അടവി കുട്ടവഞ്ചി സവാരി, പ്രവേശന ഫീസ്, ഗൈഡ് ഫീസ്, ഉച്ചഭക്ഷണം എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജൂലൈ 11-ന് മൂന്നാർ–കാന്തല്ലൂർ, കുമരകം ഹൗസ്ബോട്ട് എന്നീ പ്രത്യേക പാക്കേജുകളും ലഭ്യമാണ്. താമസം, ജീപ്പ് സഫാരി, ഉച്ചഭക്ഷണം എന്നിവ ഉൾപ്പെടുന്ന മൂന്നാർ–കാന്തല്ലൂർ യാത്രയ്ക്ക് 2,450 രൂപയും ഹൗസ്ബോട്ട് ചെലവുകൾ ഉൾപ്പെടുന്ന കുമരകം യാത്രയ്ക്ക് 1,780 രൂപയുമാണ് നിരക്ക്.
ജൂലൈ 12-ന് പുള്ളിക്കാനം, രാമക്കൽമേട് യാത്രകൾ യഥാക്രമം 750 രൂപയ്ക്കും 1,050 രൂപയ്ക്കും ലഭ്യമാണ്.
ജൂലൈ 16-ന് രാത്രി 8 മണിക്ക് കൊല്ലത്ത് നിന്ന് വയനാട്ടിലേക്കുള്ള മൂന്ന് പകലും മൂന്ന് രാത്രിയും നീളുന്ന പ്രത്യേക ടൂർ ആരംഭിക്കും. പ്രവേശന ഫീസ്, താമസം, വനംവകുപ്പിന്റെ ജംഗിൾ സഫാരി എന്നിവ ഉൾപ്പെടുന്ന ഈ പാക്കേജിന് 4,510 രൂപയാണ് നിരക്ക്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി: 97479 69768, 94954 40444.






