
ടെഗന് ബഥാം എന്ന യുവതിയുടെ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മരണത്തിന്റെ മുന്‍പിലേക്കെത്തിയ ടെഗനെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് അവള് അന്ന് വരെ കാണാത്ത ഒരാളായിരുന്നു. അയാള്‍ അവളെ സുരക്ഷിതമാക്കിയ ഉടനെ തന്നെ അവിടെ നിന്നും മറയുകയും ചെയ്തു. ഇപ്പോള്‍ ഇരുവര്‍ക്കും വീണ്ടും കണ്ടുമുട്ടാനൊരു അവസരം ഒരുക്കി കൊടുത്തിരിക്കുകയാണ് ബിബിസിയുടെ ടിവി ഷോ ആയ 'റീ യൂണിയന് ഹോട്ടല്‍'.
ടെഗന് കഴിഞ്ഞ വര്‍ഷം ജൂലൈ 10 -ന് നടന്ന വയര്‍ലെസ് ഫെസ്റ്റിവലില്‍ നിക്കി മിനാജിന്റെ പ്രകടനം കാണാന്‍ സൗത്ത് വെയില്‍സില്‍ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്നു. അന്ന് കിംഗ്സ് ക്രോസ് സെന്റ് പാന്‍ക്രാസ് ട്യൂബ് സ്റ്റേഷനിലെ വിക്ടോറിയ ലൈന്‍ പ്ലാറ്റ്ഫോമിലൂടെ നടക്കുകയായിരുന്നു ടെഗന്. പെട്ടെന്ന് ഇവര്‍ ട്രാക്കിലേക്ക് വീണു പോയി. ട്രാക്കിലേക്ക് വീണ സമയത്ത് ഒരു ട്രെയിന്‍ അവിടേക്ക് പാഞ്ഞെത്തിക്കൊണ്ടിരിക്കുകയായിരുന്നു.
അവള് അവിടെ നിന്നും എഴുന്നേല്ക്കാന് ശ്രമിച്ചു കൊണ്ടേയിരുന്നുവെങ്കിലും അവള്‍ക്കതിന് കഴിഞ്ഞില്ല. ദേഹം മൊത്തം വേദനയും മരവിപ്പും അനുഭവപ്പെട്ടതിനാല്‍ ടെഗന് കാലനക്കാനേ സാധിച്ചില്ല. 'അയ്യോ, ട്രെയിന്‍ വരുന്നു, ട്രെയിന്‍ വരുന്നു' എന്ന് ആരൊക്കെയോ അലറി വിളിക്കുന്നത് ടെഗന് കേള്‍ക്കാമായിരുന്നു. ആ സമയത്താണ് ടെഗന് പ്ലാറ്റ്ഫോമില്‍ നില്ക്കുന്ന ഒരാളെ കണ്ടത്. ട്രെയിന്‍ കാണാതിരിക്കാന്‍ അവള് അയാളുടെ മുഖത്തേക്ക് തന്നെ നോക്കി. ആ സമയത്ത് അയാളവളോട് 'കൈ തരൂ' എന്ന് പറഞ്ഞ് കൈനീട്ടി. ശേഷം അയാള്‍ ട്രെയിന്‍ എത്തുന്നതിന് തൊട്ടു മുമ്പ് തന്നെ അവളെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചു കയറ്റി.
ടെഗനെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത് ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള ആന്റണി എന്നയാളായിരുന്നു. ടെഗന് അപകടത്തില്‍ പ്പെട്ടത് കണ്ടപ്പോള്‍ അവരെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നേ കരുതിയുള്ളൂ എന്നാണ് ആന്റണി പറയുന്നത്. ഒപ്പം താന്‍ ശാരീരികമായി വളരെ സ്ട്രോങ്ങ് ആയ ഒരാളൊന്നുമല്ല എന്നും ആന്റണി സമ്മതിക്കുന്നുണ്ട്.
ടെഗനെ പ്ലാറ്റ്ഫോമിലെത്തിച്ച ശേഷം പ്രൊഫഷണലുകളുടെ പരിചരണം ഉറപ്പാക്കി അയാള്‍ അവിടെ നിന്നും പോയി. ആ സമയം അവള് മരണം മുന്നില്‍ കണ്ടതിന്റെ ഞെട്ടല്‍ മാറാതെ കരഞ്ഞു കൊണ്ടേ ഇരിക്കുകയായിരുന്നു. ഏതായാലും പിന്നീട് ടെഗനോ ആന്റണിയോ പരസ്പരം കണ്ടില്ല എന്നാല്‍, തന്നെ രക്ഷിച്ച ആ മനുഷ്യനെ ഓര്‍ക്കാതെ ഒരുദിവസം പോലും കടന്നു പോയിട്ടില്ല എന്നാണ് ടെഗന് പറയുന്നത്. ഒടുവില്‍ ഇരുവരും ടിവി ഷോയുടെ ഭാഗമായി കണ്ടുമുട്ടിയപ്പോള്‍ അവള് അയാളെ നന്ദിയോടെ കെട്ടിപ്പിടിക്കുകയായിരുന്നു.






