
ആയുര്ദൈര്ഘ്യം വളരെ കൂടുതലുള്ള ജീവികളാണ് ഓര്ക്ക തിമിംഗലങ്ങള്. കുറഞ്ഞത് നൂറ് വര്ഷമെങ്കിലും ഇവ ജീവിക്കും. എന്നാല് തന്റെ ആയുസ്സിന്റെ പകുതിയും തടങ്കലില് ആക്കപ്പെട്ട ഒരു തിമിംഗലത്തിന്റെ അവസ്ഥ എന്തായിരിക്കും. ഇത്തരത്തില് കടലില് വാര്ത്തെടുക്കേണ്ട ജീവിതം മുഴുവന് തടങ്കലില് ജീവിച്ചു തിര്ത്ത ഓര്ക്ക തിമിംഗലമാണ് ലോലീറ്റ. എന്നാല് 53 വര്ഷത്തെ തടങ്കലിന് ശേഷം ലോലീറ്റയെ സമുദ്രത്തിലേക്ക് തുറന്നു വിടാന് ധാരണയായിരിക്കുകയാണ്. നിലവില് മിയാമിയെ സീക്വേറിയത്തിലാണ് ലോലീറ്റയെ പാര്പ്പിച്ചിരിക്കുന്നത്.
തടവില് പാര്പ്പിച്ചിരിക്കുന്നവയില് ഏറ്റവും പ്രായംചെന്ന ഓര്ക്ക തിമിംഗലമായ ലോലീറ്റയ്ക്ക് നിലവില് 56 വയസ്സുണ്ട്. ടോക്കിടേ എന്നും ലോലിറ്റയ്ക്ക് വിളിപ്പേരുണ്ട്. പതിറ്റാണ്ടുകളായി ലോലീറ്റയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ധാരാളം മൃഗസംരക്ഷണ സംഘടനകള് രംഗത്തു വന്നിട്ടുണ്ട്. ഏറെ നാളുകളായി കാത്തിരുന്ന സ്വപ്നം സഫലമായി എന്നാണ് തിമിംഗലത്തെ സമുദ്രത്തിലേക്ക് തിരികെ വിടാനുള്ള തീരമാനമറിഞ്ഞ് തിമിംഗലത്തിന്റെ മോചനത്തിനായി പ്രവര്ത്തിക്കുന്ന ഫ്രണ്ട്സ് ഓഫ് ടോക്കി എന്ന സംഘടന പ്രതികരിച്ചത്.
ഡോള്ഫിന് കമ്പനിയാണ് സീക്വേറിയത്തിന്റെ നിലവിലെ ഉടമകള്. എന്നാല് സീക്വേറിയത്തിന്റെ മുന് സിഇഒ ആയിരുന്ന എഡ്വാര്ഡോയുടെ മകളുടെ താത്പര്യ പ്രകാരമാണ് ലോലീറ്റയെ തുറന്നു വിടാനുള്ള ശ്രമങ്ങള് തുടങ്ങിയത്. ഒരിക്കല് ലോലീറ്റയുടെ പ്രകടനം കാണാന് എത്തിയ എഡ്വാര്ഡോയുടെ മകള്ക്ക് ലോലീറ്റയുടെ അവസ്ഥയില് സങ്കടം തോന്നുകയായിരുന്നു. വലിയ ഒരു കടലില് കഴിയേണ്ട ജീവിയെ ജയിലില് കിടക്കുന്നതുപോലെ ഒരു ചെറിയ സീക്വേറിയത്തിനുള്ളില് പാര്പ്പിച്ചിരിക്കുന്നത് പരിതാപകരമാണെന്ന് തോന്നുന്നകയും ലോലീറ്റയെ തുറന്നു വിടാന് മകള് അച്ഛനായ എഡ്വാര്ഡോയോട് ആവശ്യപ്പെടുകയും ആയിരുന്നു. മകളുടെ മനസ്സ് തിരിച്ചറിഞ്ഞ അദ്ദേഹം ലോലീറ്റയെ മോചിതയാക്കാനുള്ള നടപടികള് ആരംഭിക്കുകയായിരുന്നു. തുടര്ന്ന് ഡോള്ഫിന് കമ്പനിയുമായി ധാരണയില് എത്തുകയും ഉടന് തന്നെ തുറന്നു വിടാനുള്ള നടപടികള് ക്രമീകരിക്കുകയും ആയിരുന്നു.
ഇതേസമയം ലോലീറ്റയെ സമുദ്രത്തിലേക്ക് തുറന്നു വിടുമ്പോള് ഏറെ ആശങ്കകളും നിലനില്ക്കുന്നുണ്ട്. വേട്ടയാടി ശീലമല്ലാത്തതിനാല് ഇവയുടെ ജീവന് തന്നെ ഭീഷണയിലാണ്. കടലിന്റെ സാഹചര്യത്തോട് പൊരുത്തപ്പെടാനും സമയം വേണ്ടിവരും. അതുകൊണ്ടു തന്നെ തിമിംഗലങ്ങളെ പാര്പ്പിച്ചിരിക്കുന്ന മറ്റൊരു സംവിധാനത്തിലേക്കാണ് ആദ്യം എത്തിക്കുന്നത്. ഇതിലൂടെ തിമിംഗലങ്ങളുടെ ശബ്ദം കേള്ക്കാനും പെരുമാറ്റങ്ങള് മനസ്സിലാക്കാനും ലോലീറ്റയ്ക്ക് കഴിയുമെന്നാണ് വിദഗ്ധ സംഘം പറയുന്നത്. സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട ശേഷം പസഫിക് സമുദ്രത്തിലേക്കാണ് ലോലീറ്റയെ ആദ്യം തുറന്നുവിടുന്നത്.







Comments