
‘‘എന്തോ മൊഴിയുവാൻ ഉണ്ടാകുമീ മഴയ്ക്ക് എന്നോട് മാത്രമായി, ഏറെ സ്വകാര്യമായി...’’ മഴ എന്ന ആൽബത്തിലെ ഈ പാട്ട് മാത്രം മതി വിടർന്ന കണ്ണുകളും നിറഞ്ഞ പുഞ്ചിരിയുമുള്ള ശിവദ എന്ന അഭിനേത്രിയെ പ്രേക്ഷകർ ഓർത്തെടുക്കാൻ. ആന്തോളജി ചിത്രമായ ‘കേരള കഫേ’യിലെ ഒരു ചെറിയ വേഷത്തിലൂടെ സിനിമയിലെത്തിയ ശിവദ പിന്നീട് ജയസൂര്യ നായകനായ ‘സു സു സുധി വാത്മീകം’ എന്ന സിനിമയിലെ കല്യാണി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി. അതോടെ മലയാളികൾക്ക് സ്വന്തം വീട്ടിലെ കുട്ടിയായി ശിവദയെ മാറി. നായിക പദവിയിലേക്ക് ഉയർന്ന ശിവദ വില്ലത്തി വേഷങ്ങൾ ഉൾപ്പടെ കാമ്പുള്ള ഒരുപാട് കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മുന്നിലെത്തിച്ചു. നിരവധി തമിഴ് ചിത്രങ്ങളിലും താരം നായികാ വേഷമണിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ചെറിയൊരു ഇടവേളയ്ക്ക് ശേഷം കരുത്തുറ്റ സ്ത്രീ കഥാപാത്രമായി ശിവദ എത്തിയിരിക്കുകയാണ്, ‘ജവാനും മുല്ലപ്പൂവും’ എന്ന ചിത്രത്തിലൂടെ. കുടുംബപ്രേക്ഷകർ ഒരേ മനസ്സോടെ സ്വീകരിച്ച, തിയേറ്ററില്‍ നിറഞ്ഞ കൈയടി നേടുന്ന ജയശ്രീ ടീച്ചർ എന്ന കഥാപാത്രത്തെക്കുറിച്ചും, പുതിയ സിനിമകളെക്കുറിച്ചും ശിവദ മംഗളം ഓൺലൈനിനോട് മനസ്സ് തുറക്കുന്നു...
പേര് കേൾക്കുമ്പോൾ നായക പ്രാധാന്യമുള്ള സിനിമയാണ് എന്ന് തോന്നുമെങ്കിലും സിനിമയിലുടനീളം ഒരു ശക്തയായ സ്ത്രീ കഥാപാത്രമായി ജയശ്രീ ടീച്ചർ തിളങ്ങുന്നു... ഈ സിനിമ തിരഞ്ഞെടുക്കാനുള്ള കാരണവും അതായിരുന്നോ ?
ജവാനും മുല്ലപ്പൂവും എന്ന സിനിമയിലെ ജയശ്രീ ടീച്ചറിന് ഒരുപാട് പ്രാധാന്യമുണ്ട്. തിരക്കഥ വായിച്ചപ്പോൾ നമ്മളിൽ ഒരാളാണ് ജയശ്രീ ടീച്ചർ എന്ന് തോന്നി. ആദ്യാവസാനം ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് വളരെ രസകരമായിട്ടാണ്. വളരെ ശക്തയായ കഥാപാത്രം. ഒരു പ്രേക്ഷക ആയിട്ട് അത് വായിച്ചപ്പോൾ അത് കാണുന്ന പ്രേക്ഷകർക്ക് രജിസ്റ്റർ ആകുമെന്ന് തോന്നി. സിനിമ സെലക്ട് ചെയ്യാനുള്ള കാരണം അതായിരുന്നു.
ഇഷ്ടാനിഷ്ടങ്ങളുടെ കാര്യത്തിൽ ഗിരിധറും ജയശ്രീയും ഇരുധ്രുവങ്ങളിലാണ്. എങ്കിലും ഒരു ഭാര്യ, അമ്മ എന്നീ നിലയിലൊക്കെ ജയശ്രീ ടീച്ചർ എല്ലാം സഹിക്കുന്നു. ഇന്നത്തെ തലമുറയിൽ അങ്ങനെയൊരു കഥാപാത്രത്തിന് പ്രസക്തിയുണ്ടോ ?
ഇന്നത്തെ തലമുറയിലും ഇങ്ങനെയുള്ള സ്ത്രീകൾ ഉണ്ട്. എനിക്ക് വ്യക്തിപരമായി അറിയാവുന്ന ചിലർ ഇങ്ങനെയാണ്. കുടുംബം ഒന്ന് മുന്നോട്ട് പോകട്ടെ, എന്ന് കരുതി എല്ലാം സഹിച്ചു ജീവിക്കുന്ന സ്ത്രീകൾ ഒരുപാടുണ്ട്. പലർക്കുമത് അറിയില്ല എന്നേയുള്ളൂ. എനിക്ക് വ്യക്തിപരമായി അറിയാവുന്ന അവരോട് ഞാൻ പോലും ചോദിച്ചിട്ടുണ്ട്, ‘എന്തിനാ ഇങ്ങനെ അഡ്ജസ്റ്റ് ചെയ്യുന്നത് എന്ന്’. അതിനവർ പറയുന്ന മറുപടി ‘എന്റെ മകന്/ മകൾക്ക് ഒരു അച്ഛൻ വേണ്ടേ എന്നാണ്.’ കുടുംബമായി ജീവിക്കണം എന്ന ആഗ്രഹം ഉള്ളത് കൊണ്ട് എല്ലാം സഹിച്ചു ജീവിക്കുന്ന സ്ത്രീകൾ ഇന്നും നമുക്കിടയിലുണ്ട്.
ജയശ്രീ ടീച്ചറുടെ അതിജീവനത്തിന്റെ കഥ പറയുന്ന സിനിമയാണിത്. ആ കഥാപാത്രത്തിനോട് ശിവദയ്ക്ക് വ്യക്തിപരമായി തോന്നിയ ഇഷ്ടം ?
ഭർത്താവിൽ നിന്ന് ഒരുപാട് വിയോജിപ്പുകൾ ഉണ്ടാകുമ്പോഴും ഭാര്യ, അമ്മ, അധ്യാപിക എന്നീ റോളുകളിൽ ഒക്കെ ഒരു മടുപ്പും കൂടാതെ തികച്ചും ആത്മാർത്ഥമായി നില കൊള്ളാൻ ജയശ്രീ ടീച്ചറിന് കഴിയുന്നുണ്ട്. അതിജീവനത്തിന്റെ രീതി പോലും വളരെ രസകരമാണ്. ഇത്രയും വിഷമങ്ങൾ ഉള്ളിൽ ഉണ്ടെങ്കിലും വളരെ അടിപൊളിയായിട്ടണ് അവർ ആ യാത്ര ചെയ്യുന്നത്.
ഇതുവരെ ഒരു പാവം ഇമേജിൽ മാത്രം കണ്ടിട്ടുള്ള ശിവദയുടെ മറ്റൊരു മുഖം ക്ലൈമാക്സിൽ കണ്ടു. അങ്ങനെയൊരു മാറ്റം അഭിനേത്രി എന്ന നിലയിൽ ആഗ്രഹിച്ചിരുന്നതാണോ ?
അഭിനേത്രി എന്ന നിലയിൽ എപ്പോഴും എക്സ്പിരിമെന്റ് ചെയ്യണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം. ‘ദ് ഗേൾ നെക്സ്റ്റ് ഡോർ’ എന്ന ഇമേജിൽ നിന്ന് ഒരു മാറ്റം വേണമെന്ന് തോന്നി. സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെ തന്നെയാണ് ജയശ്രീ ടീച്ചറും. പക്ഷേ ആളല്പ്പം കൂടി ബോള്‍ഡാണ്. മലയാളത്തിൽ എന്നെ ആരും ബോള്‍ഡ് കഥാപാത്രമായി കണ്ടിട്ടില്ല. തമിഴിൽ പിന്നെയും അത്തരം കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. അതുകൊണ്ട് എനിക്കിത് ശരിക്കും എക്സ്പിരിമെന്റ് തന്നെയായിരുന്നു.
ക്ലൈമാക്സിൽ ജയശ്രീ ടീച്ചറിന്റെ പ്രതികരണം ആരും ആഗ്രഹിക്കുന്നതാണ്. ആ സീൻ സ്ക്രിപ്റ്റിൽ വായിച്ചപ്പോഴും പിന്നീട് അവതരിപ്പിച്ചപ്പോഴും തോന്നിയത് ?
എല്ലാവർക്കും മനസ്സിൽ തോന്നുന്ന ഒരു കാര്യമാണ് ജയശ്രീ ടീച്ചർ ചെയ്യുന്നത്. തിരക്കഥ വായിക്കുമ്പോൾ തന്നെ ആ സീൻ എനിക്കൽപം ടെൻഷൻ തന്നിരുന്നു. തിരക്കഥ വായിച്ചപ്പോഴുണ്ടായ അതേ മനസ്സോടെയാണ് ഞാനതു ചെയ്തതും. ഒട്ടും കൂടാനോ അല്‍പ്പം പോലും കുറയാനോ പാടില്ലാത്ത ഒരു സീക്വന്‍സായിരുന്നു അത്. അതില്‍ എന്തെങ്കിലും പാളിച്ച പറ്റിയാല്‍ പ്രേക്ഷകരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. സീന്‍ ചെയ്തു കഴിഞ്ഞപ്പോള്‍ ഒരു പൊടിക്ക് ഓവറാണോ എന്നൊക്കെ തോന്നിപ്പോകും. ഞാനെപ്പോഴും ലിമിറ്റഡായും സട്ടിളായും ആക്ട് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ്. പക്ഷേ എക്സട്രീമായി എന്തെങ്കിലും സീന്‍ ചെയ്യുമ്പോള്‍ ചിലപ്പോള്‍ കൈയില്‍ നിന്നു പോകാന്‍ സാധ്യതയുണ്ട്. ആ സമയത്ത് സംവിധായകന് രഘു മേനോന് ചേട്ടനോടും സ്ക്രിപ്റ്റ് റൈറ്റര്‍ സുരേഷ് കൃഷ്ണനോടുമൊക്കെ ‘നിങ്ങളുദ്ദേശിക്കുന്ന മീറ്റര്‍ ഇതു തന്നെയാണോ, അതോ ഒരു പൊടിക്ക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യണോ’ നിരന്തരം ചോദിക്കുമായിരുന്നു. സംഭാഷണങ്ങള്‍ പറഞ്ഞു വരുമ്പോള്‍ ഓവര്‍ ആക്ടിംഗായി എന്നാരും പറയരുത് എന്നുണ്ടായിരുന്നു. സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ പലരും ക്ലൈമാക്സ് സീനുകള്‍ നന്നായി, രസകരമായി എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമുണ്ട്.
യഥാർത്ഥത്തിൽ മുല്ലപ്പൂ കണ്ടാൽ അലർജി ശിവദയ്ക്കാണെന്ന് കേട്ടിട്ടുണ്ട്. അത് ഈ സിനിമയിലുണ്ടെന്ന് കേട്ടപ്പോൾ തോന്നിയത് ?
തിരക്കഥ വായിച്ചപ്പോള്‍ മുല്ലപ്പൂവിന് സിനിമയില്‍ വളരെ പ്രാധാന്യമുണ്ടെന്ന് മനസ്സിലായിരുന്നു. സാധാരണ പോലെ അത് വയ്ക്കുമ്പോള്‍ തലവേദന ഉണ്ടാകുമെന്ന് മാത്രമേ കരുതിയിരുന്നുള്ളൂ. പക്ഷേ സിനിമ തുടങ്ങുന്നതിന്റെ തലേ ദിവസം ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു. അതിന് മുല്ലപ്പൂവ് കൊണ്ട് വന്നപ്പോഴാണ് തുമ്മിത്തുടങ്ങി എന്നെനിക്ക് മനസ്സിലായത്. തലവേദനയാണെങ്കില്‍ അതെനിക്ക് മാത്രമല്ലേ അറിയാന്‍ കഴിയൂ, തുമ്മല്‍ അങ്ങനെയല്ലല്ലോ. ചെറിയൊരു ശബ്ദം മാത്രമാണ് എന്റെ തുമ്മിലിനുള്ളത്. അത് പറഞ്ഞ് പലരും സെറ്റില്‍ കളിയാക്കുമായിരുന്നു. പിന്നെ അലര്‍ജിയുടെ മരുന്നൊക്കെ കഴിച്ചാണ് ഞാന്‍ ഷൂട്ട് ചെയ്തത്.
കോമഡി പരിപാടികളിലൂടെ ഏവരെയും ചിരിപ്പിച്ചുകൊണ്ടിരിക്കുന്നയാളായ സുമേഷിന്റെ വലിയൊരു ചെയ്ഞ്ചാണീ സിനിമ. സഹതാരമെന്ന നിലയിൽ സുമേഷിനെക്കുറിച്ച് ?
സുമേഷേട്ടന് എന്നു പറയുമ്പോള്‍ ചിരിപ്പിക്കുന്ന കാര്യങ്ങളാണ് ഓര്‍മ്മ വരുന്നത്. കൂട്ടത്തില്‍ ‘ദൃശ്യം 2’ വിലെ ഷാഡോ പോലീസിന്റെ വേഷവും. നല്ല കഴിവുള്ള ഒരു അഭിനേതാവാണ് സുമേഷേട്ടന്. ഒരു കഥാപാത്രത്തിനു വേണ്ടി കഠിനപ്രയത്നം ചെയ്യുന്ന ആളാണ്. കോമഡി ടൈമിംഗിന്റെ കാര്യത്തില്‍ പിന്നെ പ്രത്യേകിച്ച് ഒന്നും പറയേണ്ടതില്ല. ഷൂട്ടില്ലാത്ത സമയത്തൊക്കെ ചേട്ടന്റെ കൗണ്ടര്‍ കേട്ട് ഒരുപാട് ചിരിച്ചിട്ടുണ്ട്. വളരെ ഡെഡിക്കേറ്റഡായ, വളരെ നല്ല ഭാവിയുള്ള ഒരു അഭിനേതാവാണ് സുമേഷ് ചേട്ടന്.
നൃത്തം ചെയ്യുന്ന ശിവദയെ ഈ സിനിമയിൽ കണ്ടു. നൃത്തം എന്ന പാഷൻ പൊടി തട്ടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ അത് ?
അതെ. ഒരു പാട്ടു സീനില്‍ ജയശ്രീ ടീച്ചര്‍ നൃത്തം ചെയ്യുന്നുണ്ട്. നൃത്തം ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്ന ആളാണ് ഞാന്‍. ഒരു ചെറിയ ഇടവേള കൊടുത്തിരുന്ന ആ ഇഷ്ടത്തെ ഇപ്പോള്‍ പൊടിതട്ടിയെടുത്തു എന്നു വേണം പറയാന്‍. വളരെ നാളുകള്‍ക്ക് ശേഷം നൃത്തം ഒരു വേദിയില്‍ അവതരിപ്പിക്കാനുള്ള ഒരു ശ്രമത്തിലാണ്. അന്നുമിന്നും എപ്പോഴും നൃത്തം എന്റെ പാഷനും ഇഷ്ടവുമൊക്കെയാണ്.
എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ടീച്ചറാണ് ജയശ്രീ. വ്യക്തി ജീവിതത്തിൽ അങ്ങനെ ഒരുപാടിഷ്ടമുള്ള അദ്ധ്യാപികയുണ്ടോ ?
വ്യക്തിജീവിതത്തില്‍ ഒന്നല്ല, ഇഷ്ടമുള്ള ഒരുപാട് അദ്ധ്യാപകരുണ്ട്. സ്കൂളിലാണെങ്കിലും കോളജിലാണെങ്കിലും എനിക്ക് ക്ലോസായിട്ടുള്ള ഒരുപാട് ടീച്ചേഴ്സുണ്ട്. എപ്പോഴും കള്‍ച്ചറല്‍ ആക്ടിവിറ്റീസുമായി നടക്കുന്ന ഒരാളായിരുന്നതു കൊണ്ട്, പഠനത്തില്‍ ഒട്ടും പിറകോട്ടു പോകരുതെന്ന് പറഞ്ഞ് എപ്പോഴും സപ്പോര്‍ട്ട് തരുമായിരുന്നു. എന്റെ കല്യാണം ഞാനൊരു ഫോണ്‍കോളിലൂടെ അറിയിച്ചപ്പോള്‍ ഇവരൊക്കെ അനുഗ്രഹിക്കാനും ആശിര്‍വദിക്കാനും എത്തിയതാണ്. ഇപ്പോഴും കാണുമ്പോള്‍ ആ സ്നേഹം ഉണ്ട്. പിന്നെ നൃത്തം പഠിപ്പിക്കുന്ന സുധ ടീച്ചര്‍, മായ ടീച്ചര്‍ എന്നിങ്ങനെ പ്രിയപ്പെട്ട അദ്ധ്യാപകരുടെ ലിസ്റ്റ് നീണ്ടു പോകും.
സിനിമയിലടക്കം മിക്ക സിനിമകളിലും ഒരു അമ്മ കഥാപാത്രമാണ്. അമ്മ വേഷങ്ങൾ കരിയറിൽ തിരഞ്ഞെടുക്കുമ്പോൾ ടൈപ്പ് കാസ്റ്റ് ചെയ്യുമോ എന്ന ടെൻഷൻ തോന്നാറില്ലേ ?
അങ്ങനെ തോന്നാറില്ല. ഒരു കഥാപാത്രത്തിന് മകന് അല്ലെങ്കില്‍ മകള്‍ വേണമെന്ന് ആവശ്യപ്പെടുമ്പോള്‍ മാത്രമാണല്ലോ അങ്ങനെ ചെയ്യുന്നത്. റിയല്‍ ലൈഫിലും ഞാനൊരു അമ്മ കൂടിയാണല്ലോ. കുഞ്ഞിന്റെ കഥാപാത്രം സിനിമയിലെ തിരക്കഥ ആവശ്യപ്പെടുന്നതു കൊണ്ടാണല്ലോ അങ്ങനെ കാസ്റ്റ് ചെയ്യുന്നത്. കഥ പറച്ചിലില്‍ അത് വേണമെന്നുണ്ടെങ്കില്‍ അമ്മ കഥാപാത്രമാകുന്നതില്‍ ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല.
ഈ സിനിമയിൽ എടുത്തു പറയേണ്ട ഒന്നാണ് ജയശ്രീ ടീച്ചറിന്റെ മേക്കപ്പും കോസ്റ്റ്യൂമും... അതിൽ ശിവദയുടെ പങ്ക് ?
സിനിമ കണ്ട പലരും എടുത്തു പറയുന്ന ഒന്നാണ് ജയശ്രീ ടീച്ചറിന്റെ അപ്പിയറന്‍സ്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് ജയശ്രീ ടീച്ചറിനെ എങ്ങനെ മാറ്റി നിര്‍ത്താമെന്നത് ചിന്തിച്ചു തന്നെയാണത് ചെയ്തത്. എല്ലാവരും കൂടിയിരുന്ന് ആലോചിച്ചാണത് വര്‍ക്കൗട്ട് ചെയ്തത്. കോസ്റ്റ്യൂം ഡിസൈനര്‍ ആദിത്യ കുറച്ചു ഡിസൈനൊക്കെ അയച്ചു തന്നിരുന്നു. ഞാനും കുറച്ചു റെഫറന്‍സുകള്‍ അയച്ചു കൊടുത്തു. പിന്നെ സംവിധായകന് രഘുച്ചേട്ടനുമൊക്കെ കൂടിയിരുന്ന് ആലോചിച്ചാണത് ഫിക്സ് ചെയ്തത്. കോട്ടണ്‍ സാരി വളരെ രസകരമായി ഞൊറിഞ്ഞുടുക്കുന്നതും അതിന് ചേരുന്ന തരത്തില്‍ പ്രിന്റഡ് ബ്ലൗസും ചേര്‍ത്ത് ഒരു കോസ്റ്റ്യൂം തീരുമാനിച്ചു. ടീച്ചര്‍ കഥാപാത്രമായതു കൊണ്ട് ഓവറാകാനും പാടില്ല, സിമ്പിളാകുകയും വേണം. മേക്കപ്പും വളരെ സിമ്പിളായി എന്നാലതില്‍ ആകഷണം തോന്നുകയും വേണം. കൂടിയാലോചിച്ചാണ് ജയശ്രീ ടീച്ചറിന്റെ ഔട്ട്ലുക്ക് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.
മലയാളത്തിൽ ചെറിയൊരു ഇടവേള എടുത്തത് മനപൂർവ്വമാണോ ?
മനഃപൂര്‍വ്വമായി ഒരു ഇടവേളയൊന്നും എടുത്തിട്ടില്ല. ‘ശിക്കാരി ശംഭു’വിന് ശേഷം തിയേറ്ററില്‍ റിലീസായത് ‘മേരി ആവാസ് സുനോ’ ആണ്. മോള് അരുന്ധതിയുണ്ടായ ശേഷമാണ് ആ ഗ്യാപ്പ് വന്നത്. മോളുണ്ടായ ശേഷവും ഞാന്‍ ഷൂട്ടിന് പോയിരുന്നു. പക്ഷേ ആ സമയത്താണ് കൊറോണ ഫസ്റ്റ് വേവ് വന്നത്. അതോടെ എനിക്കു മാത്രമല്ല ആര്‍ക്കും സിനിമയില്ലാണ്ടായി. അതുകൊണ്ടാകാം ഒരു ഇടവേളയെടുത്തു എന്ന് തോന്നുന്നത്.
തുടക്കം മമ്മൂട്ടിയ്ക്കൊപ്പം, പിന്നീട് മോഹൻലാലിന്റെ സിനിമയിൽ ഉടനീള വേഷം... ഇവർക്കൊപ്പം ഉള്ള എക്സ്പീരിയൻസ് എങ്ങനെയായിരുന്നു ?
മമ്മൂക്കയ്ക്കൊപ്പം തുടക്കം എന്നു പറയാനേ കഴിയൂ. ‘കേരളകഫേ’യുടെ സമയത്ത് ഞാന്‍ മമ്മൂക്കയെ കണ്ടിട്ടു കൂടിയില്ല. സെറ്റില്‍ വച്ച് ജസ്റ്റ് കണ്ടു എന്നു മാത്രമേയുള്ളൂ. കൂടെ അഭിനയിക്കാനൊന്നും കഴിഞ്ഞിട്ടില്ല. അന്ന് ഞാന്‍ ശ്രീനിവാസന് സാറിനെ മാത്രമേ കണ്ടിട്ടുള്ളൂ.
പക്ഷേ ലാലേട്ടനൊപ്പം സ്ക്രീന്‍ ഷെയര്‍ ചെയ്യാന്‍ 12ത് മാനിലൂടെ അവസരം കിട്ടി. ഒരുപാട് നല്ല എക്സ്പീരിയന്‍സ് ആ സിനിമ എനിക്ക് തന്നിട്ടുണ്ട്. ഇത്രയും വലിയ ഒരു മഹാനടന്, നമുക്ക് എല്ലാവര്ക്കും ഇഷ്ടമുള്ള ലാലേട്ടന് വളരെ സിമ്പിളായി അഭിനയിക്കുന്നതും, ഷൂട്ടില്ലാത്ത സമയത്ത് ഗെയിമൊക്കെ കളിക്കാന്‍ കൂടെ കൂടുന്നതും, തമാശകള്‍ പറയാനും കേള്‍ക്കാനും ഒപ്പം കൂടുന്നതും ഒക്കെ വലിയ സന്തോഷം തന്നിട്ടുണ്ട്. മറക്കാനാവാത്ത ഒരു ലൊക്കേഷന്‍ തന്നെയായിരുന്നു അത്.
അമ്മയായ ശേഷം കരിയറിലും ജീവിതത്തിലും വന്ന മാറ്റം ? കരിയറിൽ കുറച്ചു കൂടി ഫോക്കസ് ചെയ്യാൻ തുടങ്ങിയിട്ടുണ്ടോ ?
അമ്മയായ ശേഷം ഉത്തരവാദിത്തങ്ങള്‍ കൂടി. പണ്ടത്തെപ്പോലെ ഉറക്കമൊന്നും കൃത്യസമയത്ത് നടക്കില്ല. ഷൂട്ട് കഴിഞ്ഞെത്തുമ്പോള്‍ ചിലപ്പോഴൊക്കെ വെളുപ്പിനെയാകും. അപ്പോഴൊന്ന് കിടന്നുറങ്ങാമെന്നു വച്ചാല്‍ അവള് സമ്മതിക്കില്ല. ചില സമയത്ത് ഷൂട്ടിനിടയില്‍ പോലും ‘അവള് എങ്ങനെയായിരിക്കും, ഒക്കെയാണോ’ എന്നൊക്കെ ചിന്തിക്കാറുണ്ട്. എങ്കില്‍പ്പോലും രണ്ടും കൂടി മാക്സിമം ബാലന്‍സ് ചെയ്തു പോകാന്‍ ശ്രമിക്കാറുണ്ട്. ഇപ്പോള്‍ സിനിമകളില്‍ കൂടുതല്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടിത്തുടങ്ങിയിട്ടുള്ളതു കൊണ്ട് കൂടുതല്‍ ഫോക്കസ് ചെയ്യുന്നുണ്ട്.
തിരക്ക് കൂടിയപ്പോൾ കുടുംബം നൽകുന്ന സപ്പോർട്ട് ?
അന്നുമിന്നും അവര്‍ തരുന്ന പിന്തുണ കൊണ്ടാണ് ഞാനിന്നിവിടെ നില്‍ക്കുന്നത്. തിരക്കു കൂടിയപ്പോള്‍ മാത്രമല്ല എപ്പോഴുമത് കൂടെത്തന്നെയുണ്ട്.ശരിക്കും പറഞ്ഞാല്‍ കുഞ്ഞിനൊപ്പം സമയം ചിലവഴിക്കാന്‍ കുറച്ചു ദിവസങ്ങളായിട്ട് പറ്റുന്നില്ല. സിനിമയുടെ പ്രൊമോഷനുള്ളതു കൊണ്ട് നല്ല തിരക്കാണ്. ഇതൊക്കെയൊന്ന് കുറഞ്ഞിട്ട് ഒരു ട്രിപ്പ് പോകണം. മോള്‍ക്കും ഭര്‍ത്താവ് മുരളിക്കും വേണ്ടി കുറെയധികം സമയം ചെലവഴിക്കണം. അങ്ങനെയാണിത് ബാലന്‍സ് ചെയ്തു പോകുന്നത്.
ശിവദയുടേതായി പ്രേക്ഷകർക്ക് മുന്നിലേക്ക് ഇനിയെത്താനുള്ള ചിത്രങ്ങൾ ഏതൊക്കെയാണ് ?
‘ജവാനും മുല്ലപ്പൂവു’മാണ് ഏറ്റവുമവസാനം റിലീസ് ചെയ്ത സിനിമ. ഇനിയിപ്പോള്‍ അഭയ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘സീക്രട്ട് ഹോം’ എന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞിട്ടുണ്ട്. അതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. തമിഴില്‍ മൂന്നു സിനിമകള്‍ റിലീസ് ചെയ്യാനുണ്ട്. ജയ കൂടെയുള്ള രൂഹന് വെങ്കിടേശിന്റെ സംവിധാനത്തിലുള്ള ‘തീരാക്കാതല്’ എന്ന സിനിമയുണ്ട്. ഐശ്വര്യ രാജേഷും അതിലുണ്ട്. അടുത്ത മാസം അതിന്റെ റിലീസ് കാണും. പിന്നെ എസ്.ഐ സൂര്യ സാറിനൊപ്പമുള്ള ‘ഇരവക്കാലം’ എന്ന സിനിമയുണ്ട്. പിന്നെയൊരെണ്ണം ഫീമെയില്‍ ഓറിയന്റഡ് സബ്ജക്ടായ ‘ഇടുമ്പന്‍കാരി’ എന്ന സിനിമയുമുണ്ട്. ഇതു മൂന്നുമാണ് റിലീസ് കാത്തിരിക്കുന്നത്. മറ്റൊരെണ്ണം അടുത്ത മാസം ചിത്രീകരണം തുടങ്ങാനുള്ളതാണ്.