
നാസ: സ്പേസില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ച സ്ത്രീ എന്ന പദവിയ്ക്ക് പിന്നാലെ ചന്ദ്രെന ചുറ്റുന്ന ആദ്യ ബഹിരാകാശ സഞ്ചാരിണിയായി ചരിത്രമെഴുതാന്‍ അമേരിക്കന്‍ ബഹിരാകാശ എഞ്ചിനീയര്‍ ക്രിസ്റ്റീന കൊച്ച്. ചന്ദ്രനിലേക്കുള്ള ആര്‍ട്ടമിസ് 2 ദൗത്യവുമായി ബന്ധപ്പെട്ട് നാസ ഇന്നലെ നടത്തിയ പ്രഖ്യാപനത്തില്‍ സംഘത്തിലെ ഏക വനിതയായി ക്രിസ്റ്റീനയുടെ പേരും പ്രഖ്യാപിച്ചു.
ആര്‍ടെമിസ് 2 വില്‍ മിഷന് സ്പെഷ്യലിസ്റ്റാണ് ക്രിസ്റ്റീന. ആര്‍ട്ടെമിസ് പ്രോഗ്രാമിന്റെ രണ്ടാം പാദ പരിപാടിയില്‍ നടക്കുന്ന ആദ്യ ക്രൂവ്ഡ് ഫ്ളൈറ്റ് ടെസ്റ്റുമാണ്. ബഹിരാകാശ ശാസ്ത്രജ്ഞന്മാരായ വിക്ടര്‍ ജെ ഗ്ളോവര്‍, ജോര്‍ജ്ജി റെയ്ഡ് വിസ്മന്‍, കനേഡിയന്‍ സ്പേസ് ഏജന്‍സിയുടെ ജെറമി റോജര്‍ ഹാന്സെന് എന്നിവരാണ് കൊച്ചിനൊപ്പമുള്ള മറ്റു മൂന്ന് പേര്. സിംഗിള്‍ സ്പേസ് ഫ്ളൈറ്റില്‍ ഏറ്റവും കൂടുതല്‍ കാലം ചെലവഴിച്ചതിന്റെ റെക്കോഡ് പേരിലുള്ള കൊച്ച് വനിതകളുടെ ആദ്യ സ്പേസ് വാക്കിലും പങ്കാളിയായിരുന്നു.
മിഷിഗണിലെ ഗ്രാന്റ് റാപിഡില്‍ ജനിച്ച് വടക്കന്‍ കരോലിനയിലെ ജാക്സണ്‍വില്ലില്‍ വളര്‍ന്ന് ലിവിംഗ്സ്റ്റണിലും മൊണ്ടാനയിലും ജീവിച്ച കൊച്ച് 2013 ലാണ് നാസയില്‍ എത്തുന്നത്. ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ 59,60,61 പര്യവേഷണത്തില്‍ ഫ്ളൈറ്റ് എഞ്ചിനീയറായിരുന്നു.
മൊണ്ടാനയില്‍ താമസിക്കുമ്പോഴാണ് ബഹിരാകാശസംഘത്തില് ഭാഗമായത്. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിലും ഫിസിക്സിലും ബിരുദം നേടിയ അവര്‍ നോര്‍ത്ത് കരോലിനയിലെ റാലേയിലെ കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇതേ വിഷയത്തില്‍ ബിരുദാനന്തരബിരുദവും നേടി. ഇതേ സര്‍വകലാശാല കോച്ചിന് ഓണററി പിഎച്ച്ഡിയും നല്‍കിയിട്ടുണ്ട്.
നാസയിലെ ഗദ്ദാര്ദ് സ്പേസ് ഫ്ളൈറ്റ് സെന്ററില്‍ ഇലക്ട്രിക് എഞ്ചിനീയറായിട്ടാണ് കോച്ച് കരിയര്‍ ആരംഭിച്ചത്. നാസയുടെ സ്പേസ് സയന്‍സ് മിഷന് ആവശ്യമായ ശാസ്ത്ര ഉപകരണങ്ങള്‍ നല്‍കുകയായിരുന്നു ആദ്യ ചുമതല. പിന്നീട് അമേരിക്കയുടെ അന്റാര്‍ട്ടിക് പ്രോഗ്രാമില്‍ ഗവേഷണ സഹായിയായി മാറി. അമുന്‍ഡ്സെന്‍ സ്കോട്ട് സൗത്ത് പോള്‍ സ്റ്റേഷനിലും പാല്‍മര്‍ സ്റ്റേഷനിലും കൊടും തണുപ്പില്‍ ഒരു വര്‍ഷം ജോലി ചെയ്തു. ദക്ഷിണ ധ്രുവത്തില്‍ ജോലി ചെയ്യുമ്പോള്‍ അഗ്നിശമന വിഭാഗത്തിനൊപ്പവും രക്ഷാ ടീമിനൊപ്പവും സേവനം ചെയ്തു.
2001 ല്‍ ഗൊദാര്‍ദ് സ്പേസ് ഫ്ളൈറ്റ് സെന്ററില്‍ നാസ അക്കാദമി പ്രോഗ്രാമില്‍ പങ്കാളിയായതോടെ അവിടെ ഇലക്ട്രിക് എഞ്ചിനീയറായി ജോലി ചെയ്തു. 2013 ല്‍ നാസയുടെ 21 ാമത്തെ ബഹിരാകാശ ക്ലാസ്സില്‍ പങ്കെടുക്കാനുള്ള എട്ടുപേരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടു. 2015 ല്‍ കോച്ച് ബഹിരാകാശ സംഘത്തിന്റെ പരിശീലനം പൂര്‍ത്തിയാക്കി.
2018 ല്‍ ഐഎസ്എസില്‍ ആദ്യ നീണ്ട മിഷനില്‍ കോച്ച് പങ്കാളിയായി. 2019 മാര്‍ച്ച് 14 ന് കോച്ച് സോയുസ് എംഎസ് - 12 സ്പേസ്ക്രാഫ്റ്റ് അവതരിപ്പിച്ചു. ആറിലധികം സ്പേസ് വാക്കുകള്‍ അവര്‍ നടത്തി. കോച്ച് ഇതില്‍ 42 മണിക്കൂറും 15 മിനിറ്റും നടന്നു. സ്പേസില്‍ 328 ദിവസം ചെലവഴിച്ച ശേഷം 2020 ഫെബ്രുവരി 6 ന് കൊച്ച് ഭൂമിയില്‍ തിരിച്ചെത്തി. കൊച്ചിനൊപ്പം ചന്ദ്രനിലേക്ക് പോകുന്ന ആദ്യ കറുത്തവര്‍ഗ്ഗക്കാരനായി വിക്ടര്‍ ജെ ഗ്ളോവറും ആദ്യ അമേരിക്കക്കാരനല്ലാത്ത ആളായി കാനഡക്കാരന് ജെറമി ഹാന്‍സണും മാറും.






