
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര എ.ടി.എസ്. പ്രതിയെ രത്നഗിരിയില്‍ നിന്ന് ചൊവ്വാഴ്ച മഹാരാഷ്ട്ര പോലീസിലെ ഭീകരവിരുദ്ധ വിഭാഗവും (എ.ടി.എസ്) കേന്ദ്ര ഇന്റലിജന് ഏജന്‍സികളും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടികൂടിയിരുന്നു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് എ.ടി.എസ്. പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് പ്രതി പിടിയിലായതെന്ന് മഹാരാഷ്ട്ര എടിഎസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
രത്നഗിരി ജില്ലാ ആശുപത്രിയില്‍ പോലീസ് പിടിയിലാകും മുമ്പ് ഇയാള്‍ ചികിത്സ തേടിയിരുന്നു. ആശുപത്രിയില്‍ നിന്ന് പോലീസിനെ പേടിച്ച് രക്ഷപ്പെട്ട ഇയാളെ ഇന്റലിജന്‍സിന്റെ വിവരപ്രകാരം പിന്നീട് മഹാരാഷ്ട്ര എ.ടി.എസും, രത്നഗിരി പോലീസും ചേര്‍ന്ന് രത്നഗിരി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പിടികൂടുകയായിരുന്നു. കേരള പോലീസിന്റെ പ്രത്യേക അന്വേഷണസംഘം ഷാരൂഖ് സെയ്ഫിയുമായി കേരളത്തിലേക്ക് യാത്ര തിരിച്ചതായാണ് പുറത്തു വരുന്ന വിവരം.
പ്രതിയുടെ പക്കല്‍ നിന്ന് മോട്ടോറോള കമ്പനിയുടെ മൊബൈല്‍ ഫോണ്‍, ആധാര്‍ കാര്‍ഡ്, ബാങ്ക് എ.ടി.എം കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ പോലീസ് കണ്ടെടുത്തതായി പറയുന്നു. പ്രതിയെ ബുധനാഴ്ച ഉച്ചയോടെയാണ് കേരള പോലീസ് സംഘത്തിന് കൈമാറിയത്. ഇതിന് മുന്‍പ് എന്‍.ഐ.എ.യും മഹാരാഷ്ട്ര എ.ടി.എസും പ്രതിയെ ചോദ്യംചെയ്തിരുന്നു.
തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കി കഴിഞ്ഞ് പ്രതിയുമായി കേരള പോലീസ് സംഘം യാത്ര തിരിക്കുകയായിരുന്നു. ഡിവൈ.എസ്.പി. റഹീം അടക്കമുള്ളവരാണ് കേരള പോലീസ് സംഘത്തിലുള്ളത്. പോലീസ് സംഘത്തിന് സുരക്ഷാപ്രശ്നം കാരണം ട്രെയിന്‍മാര്‍ഗമുള്ള യാത്രയ്ക്ക് അനുമതി ലഭിച്ചിട്ടില്ല. ഇതോടെ റോഡ് മാര്‍ഗം മുഖേനയാകും പ്രതിയെ കൊണ്ടുപോയതെന്ന് വിവരം.
അതേസമയം ഷാരൂഖിനെ ആരോ കൂട്ടിക്കൊണ്ടു പോയതാണെന്നും മകന് ഇങ്ങനെ ചെയ്തെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും ഷാരൂഖിന്റെ പിതാവ് പ്രതികരിച്ചു. 'ഷാരൂഖ് സെയ്ഫിയെ ആരോ കൂട്ടിക്കൊണ്ടു പോയതാണ്. അവന് ഇതുവരെ ഡല്‍ഹി വിട്ട് പുറത്തു പോയിട്ടില്ല. ആരോ അവനൊപ്പമുണ്ട്. അവന് വീട്ടില്‍ നിന്നും പോയത് മാര്‍ച്ച് 31 നാണ്. പിന്നെ മടങ്ങി വന്നിട്ടില്ല. ഈ മാസം രണ്ടാം തീയതി മകനെ കാണുന്നില്ല എന്ന പരാതി ഞാന്‍ പൊലീസിന് നല്‍കിയിരുന്നു. കേരളത്തില്‍ നിന്നും പൊലീസ് ഇവിടെ വന്നിരുന്നു. അവര്‍ ഷാരൂഖിനേക്കുറിച്ച് അന്വേഷിച്ചു. ഞാന്‍ വിവരങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. അവരാണ് മകന് ഇങ്ങനെയൊക്കെ ചെയ്തു എന്ന് പറഞ്ഞത്. വിശ്വസിക്കാന്‍ കഴിയുന്നില്ല. സുഹൃത്തുക്കളുടെ വിവരങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്', എന്നും പിതാവ് പറഞ്ഞു.






