
അട്ടപ്പാടി ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിനും കുടുംബത്തിനും നീതി ലഭിക്കാന്‍ കാരണമായവര്‍ക്ക് നന്ദി പറഞ്ഞ് നടന് ശരത് അപ്പാനി. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം നന്ദി അറിയിച്ചത്. മധുവിന്റെ മരണശേഷം തനിക്ക് ആ കഥാപാത്രമായി സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചു. ഈ കഥാപാത്രത്തെ മനസിലാക്കാന്‍ അട്ടപ്പാടിയില്‍ പോയപ്പോള്‍ ഒരുപാട് സങ്കടം തോന്നിയിരുന്നു. എന്നാണ് ശരത് പറയുന്നത്.
ഇനി നമ്മുടെ നാട്ടില്‍ മധുമാര്‍ ഉണ്ടാകരുതെന്നും അതിനെല്ലാവരും മനസ്സുവിചാരിക്കണമെന്നും ശരത് പറഞ്ഞു. മധുവിന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങിയ ആദിവാസി ദ ബ്ലോക്ക് ഡെത്ത് എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചത് ശരത് അപ്പാനിയായിരുന്നു. മധുകേസില്‍ കുറ്റക്കാര്‍ക്ക് കോടതി ശിക്ഷ വിധിച്ചിരുന്നു.
അപ്പാനി ശരത്തിന്റെ വാക്കുകള്‍
ഒരുപാട് മനസ് നിറഞ്ഞുളള വീഡിയോ ആണിത്. അട്ടപ്പാടിയിലെ മധുവിന്റെ കുടുംബത്തിനും സ്നേഹിക്കുന്നവര്‍ക്കുമെല്ലാം നീതി ലഭിച്ചിരിക്കുകയാണ്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുകയാണ്.
ജീവിച്ചിരുന്ന സമയത്ത് കാണാന്‍ കഴിയാതിരുന്ന കഥാപാത്രമാണ് മധു, അദ്ദേഹത്തിന്റെ മരണശേഷം എനിക്ക് കഥാപാത്രമായി സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചു. ഈ കഥാപാത്രത്തെ മനസ്സിലാക്കാന്‍ അട്ടപ്പാടിയില്പോവുകയും കുറേ കാര്യങ്ങള്അന്വേഷിക്കുകയും ചെയ്തപ്പോള്‍ ഒരുപാട് സങ്കടംതോന്നുന്ന നിമിഷങ്ങളുണ്ടായിരുന്നു.
ഇപ്പോള്‍ അതിനൊക്കെ മാറ്റം കിട്ടി ഇന്ന് മധുവിനെ സ്നേഹിച്ച എല്ലാവരും സന്തോഷത്തിലാണ് അദ്ദേഹത്തിന് നീതി ലഭിച്ചു. ഇനി നമ്മുടെ നാട്ടില്‍ മറ്റൊരു മധു ഉണ്ടാകരുത്. അതിനെല്ലാവരും മനസ്സുവിചാരിക്കണം. ലോകത്തില്‍ ഏറ്റവും വലിയ വേദന എന്നു പറയുന്നത് വിശപ്പ് തന്നെയാണ് അത് അനുഭവിച്ചവര്‍ക്കേ മനസിലാകൂ.






