
പാര്‍ട്ടി വിട്ട് അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. അനില്‍ ആന്റണി ബിജെപിയുടെ കെണിയില്‍ വീഴുകയായിരുന്നു. അനില്‍ ആന്റണിക്ക് തന്റെ ഈ തീരുമാനത്തില്‍ ദുഃഖിക്കേണ്ടി വരുമെന്നും പിന്നാലെ അപകടം ബോധ്യപ്പെടുമെന്നും വി ഡി സതീശന് കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിനോ, പോഷക സംഘടനകള്‍ക്കോ നേരിട്ടോ അല്ലാതെയോ ഒരു വിധത്തിലുമുള്ള സേവനങ്ങള്‍ അനില്‍ ആന്റണി ഇതുവരെ ചെയ്തിട്ടില്ല. ഏല്‍പ്പിച്ച ചുമതല പോലും അനില്‍ കൃത്യമായി നിര്‍വഹിച്ചിരുന്നില്ല എന്നും വി ഡി സതീശന് വിമര്‍ശിച്ചു. ബി.ജെ.പി ഒരുക്കിയ കെണിയില്‍ വീഴുകയായിരുന്നുവെന്നും, ബി.ജെ.പി ബാന്ധവത്തിന് കാരണമായി തീര്‍ത്തും വിചിത്രമായ കാര്യങ്ങളാണ് അനില്‍ ആന്റണി പറയുന്നത്. അതിന്റെ അപകടം പിന്നാലെ ബോധ്യപ്പെടുമെന്നും തീര്‍ത്തും പക്വതയില്ലാത്ത ഈ തീരുമാനത്തില്‍ പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
എ.കെ.ആന്റണി എന്ന പിതാവിനോട് മകനെന്ന നിലയില്‍ അനില്‍ ആന്റണി കാണിച്ച നിന്ദയാണിതെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. മകന് ബി.ജെ.പിയില്‍ ചേര്‍ന്നതുകൊണ്ട് എ.കെ ആന്റണിയുടെ രാഷ്ട്രീയ സംശുദ്ധിക്കോ ആദര്‍ശ ധീരതയ്ക്കോ ഒരു കോട്ടവും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവിന് പുറമെ അനിലിനെതിരെ കടുത്ത വിമര്‍ശനവുമായി മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നത് രാഷ്ട്രീയ ആത്മഹത്യയായിപ്പോയെന്ന് കാലം തെളിയിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന് പ്രതികരിച്ചു. അനില്‍ കോണ്‍ഗ്രസ്സ് വിട്ടുപോയത് കേരളത്തില്‍ ഒരു ചലനവും സൃഷ്ടിക്കില്ല. ഒരു പുരുഷായുസ്സ് മുഴുവന്‍ സ്വന്തം ജീവിതം കോണ്‍ഗ്രസ്സിനു സമര്‍പ്പിച്ച, അടിയുറച്ച മതേതരവാദിയായ എ.കെ.ആന്റണിയുടെ യശസ്സിനെയും, പാരമ്പര്യത്തെയും അനിലിന്റെ ഈ തീരുമാനം അല്പം പോലും ബാധിക്കില്ലെന്നും എംഎം ഹസ്സന് പ്രതികരിച്ചു.






