
കൊച്ചി: ചില കോടതികൾ അന്യായവിധികൾ പുറപ്പെടുവിക്കുന്നുവെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പീലാത്തോസിനെ പോലെ പ്രീതി നേടാൻ ചില ന്യായാധിപന്മാർ ശ്രമിക്കുന്നുവെന്നാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ദുഃഖവെള്ളി സന്ദേശത്തില്‍ പറയുന്നത്.
പീലാത്തോസിന് വിധികൾ എഴുതി നൽകിയത് ജനങ്ങളോ സീസറോ ആകാമെന്നും ഇത് പോലെ ഇന്നത്തെ ന്യായാധിപന്മാർക്ക് വിധികൾ എഴുതി നൽകുന്നുവെന്ന് ജോർജ് ആലഞ്ചേരി പറയുന്നു. മാധ്യമ പ്രീതിയ്ക്കോ ജനപ്രീതിയ്ക്കോ ആകാം അന്യായ വിധികൾ, അല്ലെങ്കിൽ ജുഡീഷ്യൽ ആക്ടീവിസമാകാം. ജുഡീഷ്യൽ ആക്ടീവിസം അരുതെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്.
വികസനത്തിന്റെ പേരിൽ സാധാരണക്കാരെ കുടിയൊഴിപ്പിക്കുന്നുവെന്ന വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ ദുഃഖവെള്ളി സന്ദേശത്തില്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് ഗോഡൗണുകളിൽ കഴിയേണ്ടി വരുന്നു. പ്രതിഷേധങ്ങളെ സർക്കാർ അടിച്ചമർത്തുന്നുവെന്നും കുത്തകകൾക്കുവേണ്ടി സാധാരണക്കാരെ കുടിയൊഴിപ്പിക്കുന്നുവെന്നും തോമസ് ജെ. നെറ്റോ വിമർശിച്ചു
എല്ലാ വര്‍ഷവും ഈസ്റ്ററിനു മുമ്പുള്ള വെള്ളിയാഴ്ചയാണ് ഈ ദിവസം. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ ഈ ദിവസം വളരെ പരിശുദ്ധിയോടെയും വ്രതത്തോടെയും കഴിച്ചുകൂട്ടുന്നു. ദുഃഖവെള്ളി ദിനത്തില്‍ പല വിധത്തിലുള്ള ആചാരങ്ങളും ചടങ്ങുകളും നടക്കാറുണ്ട്. ദേവാലയങ്ങളില്‍ പ്രത്യേക ചടങ്ങുകള്‍ നടത്തുന്നു. മിക്ക സ്ഥലങ്ങളിലും ഈ ദിവസം ഉപവാസദിനമായി ആചരിക്കുന്ന പതിവുണ്ട്.






