
പക്ഷി വിസര്‍ജ്യത്തില്‍ നിന്നും നിര്‍മ്മിക്കുന്ന ഫേഷ്യലിന് ഇപ്പോള്‍ ജപ്പാനില്‍ വന്‍ ഡിമാന്‍ഡാണെന്നാണ് ഡെയിലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നൈറ്റിംഗേല്‍ പൂപ്പ് ഫേഷ്യല്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത്തരത്തിലുളള ഫേഷ്യലിന് ഏറെ ആവശ്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവ ചര്‍മം കൂടുതല്‍ യുവത്വമുള്ളതാക്കാനും, തിളക്കമുള്ളതാക്കാനും സഹായിക്കുന്നു.
ജാപ്പനീസ് ദ്വീപായ ക്യുഷുവില്‍ മാത്രം കാണപ്പെടുന്ന നൈറ്റിംഗേലിന്റെ കാഷ്ഠം കൊണ്ടാണ് ഈ ഫേഷ്യല്‍ നിര്‍മ്മിച്ചിരിക്കുന്നത്. നൈറ്റിംഗേലിന്റെ പൂപ്പ് ഫേഷ്യല്‍ നിരവധി പ്രശസ്തരായ താരങ്ങള്‍ ഇതിനോടകം പരീക്ഷിച്ചിട്ടുണ്ട്. ടോം ക്രൂസും വിക്ടോറിയ ബെക്കാമും ഈ ഫേഷ്യല്‍ പരീക്ഷിച്ചുവെന്നും ഒരു സിറ്റിംഗിന് 14,000 രൂപ വിലവരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പൗരാണിക കാലത്ത് ജപ്പാനില്‍ കബൂക്കിയിലെ കലാകാരന്മാര് പക്ഷി പൂപ്പ് ചികിത്സ പരീക്ഷിച്ചിരുന്നു. അതിന് ശേഷമാണ് പുരാതന ജപ്പാനില്‍ ഈ ചികിത്സാരീതിയ്ക്ക് ആവശ്യക്കാരേറിയത്. നൈറ്റിംഗേല്‍ കാഷ്ഠം അവരുടെ ചര്‍മ്മത്തെ സുഖപ്പെടുത്തുകയും തിളക്കമുള്ളതാക്കി മാറ്റുകയും ചെയ്യുന്നുവെന്ന് ഇവര്‍ മനസിലാക്കി. കലാകാരന്മാര് മുഖത്ത് പുരട്ടിയിരുന്ന കട്ടിയുള്ള മേക്കപ്പില്‍ വലിയ തോതില്‍ ഈയം അടങ്ങിയിരുന്നു. ഇതിന് പ്രതിവിധിയായാണ് പുരാതന ജാപ്പനീസ് കലാകാരന്മാര് ഫേഷ്യലായി നെറ്റിംഗേലിന്റെ കാഷ്ഠം ഉപയോഗിച്ച് തുടങ്ങിയതെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഗ്വാനിന്‍ എന്ന എന്‍സൈം നൈറ്റിംഗേല്‍ കാഷ്ഠത്തില്‍ പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റായി പ്രവര്‍ത്തിക്കുന്നുവെന്നാണ് വോഗ് മാസിക റിപ്പോര്‍ട്ട് പറയുന്നത്.






