
എലത്തൂര്‍ തീവണ്ടി തീവെയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് വൈദ്യസഹായം വേണ്ടി വരുമെന്ന് അന്വേഷണസംഘം അറിയിച്ചു. ഷാറൂഖ് സെയ്ഫി നിരന്തരമായി ശാരീരിക അവശതകള്‍ തന്നെ അലട്ടുന്നുണ്ടെന്ന് ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് വൈദ്യ സഹായം നല്‍കേണ്ടി വരുമെന്നു പൊലീസിന്റെ വെളിപ്പെടുത്തല്‍. ആവശ്യമുണ്ടെങ്കില്‍ ഇന്ന് ക്യാമ്പിലേക്ക് മെഡിക്കല്‍ സംഘത്തെ അയയ്ക്കാം എന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ ഉറപ്പുനല്‍കി. ഇയാളുടെ ആരോഗ്യസ്ഥിതി ഉറപ്പുവരുത്തി ശേഷം മാത്രമേ തെളിവെടുപ്പിനെ കുറിച്ച് തീരുമാനിയ്ക്കുകയുള്ളൂ.
ദില്ലിയില്‍ നിന്ന് കേരളത്തിലേക്ക് ഷാരൂഖ് സെയ്ഫി എത്തിയത് സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസില്‍ ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇയാള്‍ ഇതിനു മുന്‍പും കേരളത്തില്‍ എത്തിയെന്ന സംശയത്തിലാണ് അന്വേഷണസംഘം. 14 മണിക്കൂറാണ് സംഭവ ദിവസം പ്രതി ഷൊര്‍ണൂരില്‍ ചിലവഴിച്ചത് അവസാനം വിളിച്ച നമ്പറുകളെല്ലാം സ്വിച്ച് ഓഫ് ആയ നിലയിലാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷാറൂഖിന്റെ ് ചോദ്യം ചെയ്യല്‍ തുടരുകയാണ്.
കേസിനെ സംബന്ധിച്ച് കേരള പൊലീസ് സംഘം കൂടൂതല്‍ ആളുകളെ ദില്ലിയില്‍ ചോദ്യം ചെയ്തു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടൂതല്‍ നീക്കങ്ങളിലേക്ക് കടക്കും. ബാങ്ക് ഇടപാടുകളെ സംബന്ധിച്ച വിവരങ്ങളും അന്വേഷണ സംഘം ശേഖരിക്കും. ന്യൂ ദില്ലി റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഷാറൂഖിന് ദില്ലിയില്‍ മലയാളികളുമായി ബന്ധമുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്.






