
ന്യൂഡല്‍ഹി: ടിബറ്റന്‍ ബുദ്ധമതക്കാരുടെ ആത്മീയാചാര്യന് ദലൈലാമയുടെ ചുംബനം വിവാദമാകുന്നു. ഒരു കുട്ടിയുടെ ചുണ്ടില്‍ ചുംബിച്ച ശേഷം തന്റെ നാവ് നുകരാന്‍ ദലൈലാമ കുട്ടിയോട് ആവശ്യപ്പെടുന്നതിന്റെ പുറത്തുവന്ന വീഡിയോയാണ് വിവാദമായി മാറുന്നത്. ദലൈലാമയുടെ പ്രവര്‍ത്തി വ്യാപകമായ വിമര്‍ശനമാണ് വിളിച്ചുവരുത്തിയിരിക്കുന്നത്.
സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ ഇപ്പോള്‍ വൈറലാണ്. തന്റെ അടുത്തു നില്ക്കുന്ന കുട്ടിയുടെ ചുണ്ടില്‍ ചുംബിച്ച ശേഷം തന്നോട് തിരിച്ച് അതേ ബഹുമാനം കാണിക്കാനാണ് ആത്മീയാചാര്യന് ആവശ്യപ്പെടുന്നത്. തന്റെ നാവ് പുറത്തേക്ക് നീട്ടിയ ശേഷം അതില്‍ കുട്ടിയോട് അയാളുടെ നാവ് കൊണ്ട് നക്കാനാണ് ആവശ്യപ്പെടുന്നത്. 'എന്റെ നാവ് നുകരുമോ' എന്ന് ലാമ കുട്ടിയോട് ചോദിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാനാകും. ദലൈലാമയ്ക്ക് എതിരേ ബാലപീഡനത്തിന് കേസെടുക്കണമെന്ന് വിമര്‍ശകര്‍ പറയുന്നു.
വീഡിയോ ട്വിറ്റര്‍ യൂസര്‍മാരില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. വീഡി്യോ പങ്കുവെച്ചത് ജൂസ്റ്റ ബ്രോക്കര്‍ എന്നയാളാണ്. എന്തിനാണ് കുട്ടി ഇങ്ങിനെ ചെയ്യുന്നതെന്ന് അയാള്‍ കുറിച്ചു. ഇത്തരം മോശം പ്രവര്‍ത്തിയെ ആരും ന്യായീകരിക്കില്ലെന്നും പറഞ്ഞു. വീഡിയോയിലെ കുട്ടി ഇന്ത്യാക്കാരനാണ്.
അതേസമയം ദലൈലാമ വിവാദത്തില്‍ പെടുന്നത് ഇതാദ്യമല്ല. 2019 ല്‍ തന്റെ പിന്‍ഗാമിയായി ഒരു പെണ്‍കുട്ടിയാണ് വരുന്നതെങ്കില്‍ അവള് ആകര്‍ഷണീയത ഉള്ളയാളായിരിക്കണമെന്ന് നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. 2019 ല്‍ നോബല്‍ സമ്മാന ജേതാവായതിന് പിന്നാലെ ധര്‍മ്മശാലയില്‍ നടന്ന അഭിമുഖത്തിലാണ് ദലൈലാമ നടത്തിയ ഈ പ്രസ്താവന വലിയ വിമര്‍ശനത്തിന് വഴി വെച്ചിരുന്നു. വിവാദമായതോടെ ദലൈലാമ പിന്നീട് മാപ്പു പറയുകയും ചെയ്തു.
കഴിഞ്ഞമാസമാണ് അമേരിക്കയില്‍ ജനിച്ച മംഗോളിയന്‍ ബാലനെ 10 ാമത്തെ റിംപോച്ചേയായി പ്രഖ്യാപിച്ചത്. ടിബറ്റന്‍ ബുദ്ധിസത്തിലെ മൂന്നാമത്തെ ഉയര്‍ന്ന പദവിയാണ് ഇത്. അതേസമയം ദലൈലാമയെ ചൈന വലിയ രീതിയില്‍ തന്നെ എതിര്‍ക്കുന്നുണ്ട്. ദലൈലാമ ടിബറ്റില്‍ വേര്‍തിരിവ് കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നാണ് ചൈനയുടെ ആരോപണം. ചൈനയെ എതിര്‍ത്ത് ഇന്ത്യയും നേപ്പാളും കാനഡയും അമേരിക്കയും ഉള്‍പ്പെടെ 32 രാജ്യങ്ങളിലായി ഒരു ലക്ഷം ടിബറ്റുകാരാണ് കഴിയുന്നത്.






