
ന്യൂഡല്‍ഹി/തിരുവനന്തപുരം/കോഴിക്കോട്: കോഴിക്കോട് എലത്തൂരില്‍ ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്പ്രസിന് തീവച്ച കേസില്‍ തീവ്രവാദ ബന്ധത്തിന്റെ സൂചന നല്കി എന്‍.ഐ.എ. റിപ്പോര്‍ട്ട്. തീവയ്പിന് ആസൂത്രിത സ്വഭാവമുണ്ടെന്നും അന്വേഷണം കേരള പോലിസിന്റേത് മാത്രമായി ഒതുക്കിയാല്‍ മറ്റു കണ്ണികളിലേക്കെത്തില്ലെന്നും എന്‍. ഐ.എ റിപ്പോര്‍ട്ടില്‍ പറയുന്നു. എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ കഴിയാത്തതും തിരിച്ചടിയായി.
പിടിയിലായ ഡല്‍ഹി ഷഹീന് ബാഗ് സ്വദേശി ഷാരൂഖ് ഫക്രുദ്ദീന്‍ സെയ്ഫിനു നിര്‍ദേശം നല്‍കിയവരെ കണ്ടെത്താന്‍ ശക്തമായ അന്വേഷണം ആവശ്യമാണെന്നും എന്‍.ഐ.എ. നേരിട്ട് കേസ് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍.ഐ.എ. ചെന്നെ, കൊച്ചി ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ തയാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര വകുപ്പിനു കൈമാറി.
സ്ഫോടന സാധ്യതകളിലേക്കടക്കം വിരല്‍ചൂണ്ടുമ്പോഴും കേസില്‍ യു.എ.പി.എ. ചുമത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. ഡല്‍ഹിയില്‍നിന്നെത്തി ഷെര്‍ണൂര്‍ വഴി എലത്തൂരില്‍വച്ച് ട്രെയിനില്‍ തീകൊളുത്തിയ ശേഷം രക്ഷപ്പെട്ട ഷാരൂഖ് പിടിയിലായത് മഹാരാഷ്ട്രയിലെ രത്നഗിരിയില്വച്ചാണ്. വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ച അയാളുടെ സഞ്ചാരപഥങ്ങളും ലഭിച്ച സഹായവും അന്വേഷിക്കണമെന്നാണ് എന്‍.ഐ.എ. നിലപാട്. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് തീവ്രവാദികള്‍ നടത്തിയ മൂന്നാമത്തെ കേസാണ് ഇതെന്നാണ് എന്‍.ഐ.എ നിഗമനം.
കോയമ്പത്തൂര്‍ കോട്ടമേട് സംഗമേശ്വര ക്ഷേത്രത്തിനു സമീപത്തെ കാര്‍ ബോംബ് സ്ഫോടനം, (ആസൂത്രണം ചെയ്ത ജമേഷ മുബിന് തല്‍ക്ഷണം കൊല്ലപ്പെട്ടിരുന്നു), മംഗളുരു സ്ഫോടന കേസ് എന്നിവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച തലച്ചോര്‍ കേരളത്തിലെ ട്രെയിന്‍ തീവയ്പ്പ് കേസിന് പിന്നിലും പ്രവര്ത്തിച്ചതായാണു സംശയം. പ്രതികളെ വാര്‍ത്തെടുത്ത സംഘടനകളെക്കുറിച്ച് എ.ടി.എസിന് (തീവ്രവാദ വിരുദ്ധ സ്ക്വാഡ് ) കൃത്യമായ വിവരമുണ്ട്. കൃത്യം നിര്‍വഹിക്കാനായി തെരഞ്ഞെടുക്കുന്നവരുമായി സൂത്രധാരര്‍ ബന്ധപ്പെടാറില്ല എന്നതാണു പുതിയ രീതി.
ഈ സാഹചര്യത്തില്‍ കേസ് സംസ്ഥാന പോലീസിന് മാത്രം അന്വേഷിക്കാന്‍ സാധിക്കുന്നതല്ലെന്ന് എന്‍.ഐ.എ. കരുതുന്നു. ഷാരൂഖ് സെയ്ഫ് ഇതിന് മുമ്പ് ഉപയോഗിച്ച ഫോണിലെ സിമ്മുകളും ബാങ്ക് അക്കൗണ്ടും അടക്കമുള്ള വിവരങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇതിനകം ശേഖരിച്ചിട്ടുണ്ട്. അയാള്‍ മൂന്നു മാസം മുമ്പുവരെ നടത്തിയിട്ടുള്ള എല്ലാവിധ ഓണ്‍ലൈന്‍ ഇടപാടുകളും ഫോണ്‍കോളുകളും പങ്കെടുത്ത പരിപാടികളുമെല്ലാം പരിശോധനയ്ക്ക് വിധേയമാക്കും. തുടര്‍ച്ചയായി ചോദ്യംചെയ്തിട്ടും തന്റെ താല്‍പ്പര്യപ്രകാരം നടത്തിയ കുറ്റകൃത്യമെന്ന നിലപാടില്‍ ഷാരൂഖ് ഉറച്ചുനില്‍ക്കുകയാണ്. പിടിക്കപ്പെട്ടാല്‍ പറയേണ്ട മറുപടി നേരത്തെ തന്നെ പഠിച്ചുറപ്പിച്ചതുപോലെയാണ് അയാളുടെ പ്രതികരണമെന്ന് അന്വേഷണ സംഘവും കരുതുന്നു.
പോലീസ് അന്വേഷണത്തിനൊപ്പം കേന്ദ്ര ഏജന്‍സികളുടെ സമാന്തര അന്വേഷണവും സജീവമാണ്. ഷാരൂഖിന്റെ സുഹൃത്തുക്കള്‍ അടക്കമുള്ള നിരവധി പേരെ ചോദ്യംചെയ്തു. ആക്രമണത്തിന് കേരളം തെരഞ്ഞെടുത്തുവെന്നതില്‍ ദൂരൂഹതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐ.ജി: പി.വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഉള്‍പ്പെടുത്തി കൊണ്ടുള്ള അന്വേഷണവും കേന്ദ്ര ഏജന്‍സികള്‍ ആലോചിക്കുന്നുണ്ട്. ബോഗിയിലെ മുഴുവന്‍ പേരെയും വധിക്കുകയായിരുന്നു ലക്ഷ്യമെന്ന് കരുതേണ്ടി വരുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഷൊര്‍ണൂരില്‍ ചെലവിട്ട 14 മണിക്കൂറുകളില്‍ എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു എന്നൊന്നും ഷാരൂഖ് മിണ്ടുന്നില്ല. ഷൊര്‍ണൂരില്‍ ഇയാള്‍ സഞ്ചരിച്ച ഓട്ടോയുടെ ്രെഡെവറുടെ മൊഴിയെടുത്തിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കുകയും റെയില്‍വേ സ്റ്റേഷനും പെട്രോള്‍ പമ്പിനും പുറമെ ഷാരൂഖ് എത്തിയ സ്ഥലങ്ങളിലും പരിശോധന നടത്തി. ഇയാളെ സഹായിച്ചവരില്‍ മലയാളികള്‍ ഉള്‍പ്പെടുന്നതായി പോലീസും കേന്ദ്ര ഏജന്‍സികളും സംശയിക്കുന്നു.
തങ്ങളുടെ ശക്തി ചോര്‍ന്നിട്ടില്ലെന്ന് അണികളെ ബോധ്യപ്പെടുത്താന്‍ ഏതെങ്കിലും സംഘടന ആസൂത്രണം ചെയ്തതാണോ ട്രെയിന്‍ ആക്രമണം എന്നതും കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. എന്നാല്‍, ആസൂത്രണം പാളി. ഇതുമൂലമാകം ബാഗും മൊബൈലും നഷ്ടപ്പെട്ടതെന്നും അന്വേഷണ ഏജന്‍സികള്‍ കരുതുന്നു.






