
വട്ടിയൂര്‍ക്കാവ്; ബിവറേജസ് കോര്പ്പറേഷന് മദ്യക്കടയില്‍ നിന്ന് ബാങ്കിലടച്ച തുക എത്തിയത് കാട്ടാക്കട സ്വദേശിനിയുടെ അക്കൗണ്ടില്‍. 10.76 ലക്ഷം രൂപയാണ് സ്ത്രീയുടെ അക്കൗണ്ടിലെത്തിയത്. എന്നാല്‍ ബാങ്ക് അധികൃതര്‍ സംഭവം തിരിച്ചറിഞ്ഞ് അന്വേഷിച്ചെത്തിയപ്പോള്‍ സ്ത്രീ പണം മുഴുവന്‍ ചെലവഴിച്ചിരുന്നു. വട്ടിയൂര്‍ക്കാവ് പൊലീസിന് സംഭവത്തില്‍ ബാങ്ക് അധികൃതര്‍ പരാതി നല്കി.
ബിവറേജസ് കോര്‍പ്പറേഷന്റെ നെട്ടയം മുക്കോലയില്‍ പ്രവര്‍ത്തിക്കുന്ന മദ്യക്കടയുടെ പണമാണ് നെട്ടയത്തെ പൊതുമേഖല ബാങ്ക് ശാഖയില്‍നിന്ന് ആളുമാറി ക്രഡിറ്റ് ചെയ്തത്. മാര്‍ച്ച് 18നാണ് പണം നഷ്ടമായ വിവരം ബാങ്ക് അധികൃതര്‍ തിരിച്ചറിയുന്നത്.
ബാങ്ക് നടത്തിയ പരിശോധനയില്‍ കാട്ടാക്കടയിലുള്ള ഒരു സ്ത്രീയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് കണ്ടെത്തി. ബാങ്ക് അധികൃതര്‍ ഈ സ്ത്രീയെ സമീപിച്ചെങ്കിലും പണം ചെലവഴിച്ചെന്നായിരുന്നു അവരുടെ മറുപടി. സ്ത്രീ പൊലീസിനോടും പറഞ്ഞത് പണം പൂര്‍ണ്ണമായും ചെലവഴിച്ചതായാണ്.






