
മുംബൈ: എംബിബിഎസ് വിദ്യാര്‍ത്ഥിനി സ്വാദിച്ഛ സെയ്ന് കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് മുംബൈ ക്രൈംബ്രാഞ്ച്. ലൈംഗിക ബന്ധത്തിന് തയ്യാറാകാതെ വന്ന സെയ്നെ പാറക്കെട്ടില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. 'ലാസ്റ്റ് പഴ്സണ്‍ സീന്‍' അനുസരിച്ച് സെയ്നെ അവസാനമായി കണ്ട ലൈഫ്ഗാര്‍ഡ് മിത്തു സിങിന് എതിരെയാണ് കൊലപാതക കുറ്റം ചുമത്തിയിരിക്കുന്നത്. സെയ്നെ താനാണ് കൊലപ്പെടുത്തിയതെന്ന് മിത്തു സമ്മതിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.
2021 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബാന്ദ്രയിലെ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം നടന്നത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് മിത്തു സെയ്നോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സെയ്ന് വിസമ്മതിക്കുകയും ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും ആയിരുന്നു. തുടര്‍ന്ന് വഴക്കിനിടയില്‍ സെയ്നെ മിത്തു തള്ളിയിടുകയോ, സെയ്ന് തനിയെ പാറക്കെട്ടില്‍ നിന്ന് വീഴുകയോ ചെയ്തതായിരിക്കാം എന്നാണ് നിഗമനം. എന്നാല്‍ യുവതിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താന്‍ സധിച്ചിട്ടില്ല. കൊലപാതക ശേഷം മൃതദേഹം താന്‍ കടലില്‍ തള്ളിയെന്നാണ് മിത്തു സമ്മതിച്ചത്. എന്നാല്‍ പോലീസ് ഈ ഭാഗത്ത് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
2021 നവംബര്‍ 29 നാണ് സെയ്നെ കാണാതായതിന് പിന്നാലെ പിതാവ് പോലീസില്‍ പരാതി നല്‍കിയത്. ഈ വര്‍ഷമാണ് കേസ് ക്രൈബാഞ്ച് ഏറ്റെടുക്കുകയും കൊലപാതകം എന്ന നിഗമനത്തില്‍ എത്തുകയും ചെയ്തത്. ഇതിനെ തുടര്‍ന്ന് മിത്തുവിന്റെ വീടും പരിസരവും പോലീസ് പരിശോധിച്ചിരുന്നു. 100 സാക്ഷികളുള്ള കേസില്‍ നാലുപേര്‍ മജിസ്ട്രേറ്റിന് നല്കിയ മൊഴി നിര്‍ണായകമായിരുന്നു. ഇതില്‍ ബാന്ദ്രയില്‍ ചൈനീസ് സ്റ്റാള്‍ നടത്തുന്ന മിത്തുവിന്റെ തൊഴിലാളികളില്‍ ഒരാളുടെ മൊഴിയാണ് നിര്‍ണായകമായത്.






