
ഈരാറ്റുപേട്ട: തീക്കോയിയില്‍ ഗര്‍ഭിണിയായ യുവതിയെ എത്തിച്ചു പാര്‍പ്പിച്ചു പ്രസവശേഷം നവജാതശിശുവിനെ വില്‍പ്പന നടത്തിയെന്ന കേസില്‍ മൂന്നാം പ്രതി കൊല്ലം സ്വദേശിനിയായ യുവതി അനീന അറസ്റ്റില്‍. ഇടനിലക്കാരിയായി അനീന പ്രവര്‍ത്തിച്ചെന്നാണു പോലീസിന്റെ കണ്ടെത്തല്‍. കേസില്‍ മൂന്നാമത്തെ അറസ്റ്റാണിത്. നേരത്തെ അറസ്റ്റിലായ തമിഴ്നാട് സ്വദേശി രാജ, വാഗമണ്‍ പുള്ളിക്കാനം സ്വദേശി അര്ജുന് എന്നിവരെ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. അനീനയെ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെത്തിച്ച ശേഷം വൈദ്യപരിശോധനയ്ക്ക് അയച്ചു. ഇതര സംസ്ഥാനങ്ങളില്‍നിന്നു ഗര്‍ഭിണികളെ എത്തിച്ചു നവജാതശിശുക്കളെ അനധികൃതമായി കൈമാറുന്ന സംഘത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. എട്ടു മാസം മുമ്പ് മറ്റൊരു നവജാതശിശുവിനെയും സംഘം വിറ്റതായി പോലീസ് കണ്ടെത്തി. ഇതുസംബന്ധിച്ച് പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുഞ്ഞിനെ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണു കൈമാറിയതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. കുഞ്ഞിനെ ഏറ്റുവാങ്ങിയവരുടെ പങ്കും ഇവരെ കേസില്‍ പ്രതി ചേര്ക്കണമോയെന്നതും പരിശോധിച്ചുവരികയാണന്നു പോലീസ് പറഞ്ഞു. രണ്ടാമത്തെ കേസില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേര്‍ക്കു പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. അസം സ്വദേശിനിയായ 22കാരിയുടെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. ഇന്‍സ്റ്റഗ്രാം വഴിയാണു യുവതിയുമായി പ്രതികള്‍ ബന്ധപ്പെട്ടതെന്നു പോലീസ് കണ്ടെത്തി. യുവതിയുടെ മൊഴി വിശ്വാസയോഗ്യമാണെന്ന് കോട്ടയം എസ്.പി: കെ.എം സാബു മാത്യു പറഞ്ഞു.കുഞ്ഞിനെ വില്‍പ്പനയ്ക്കായി പാര്‍പ്പിച്ചിരുന്ന തീക്കോയിയിലെ വീട്ടില്‍ മറ്റു ഗര്‍ഭിണികളായ യുവതികളും ഉണ്ടായിരുന്നതായി യുവതി മൊഴി നല്‍കിയിരുന്നു. ഇതോടെ സംഭവത്തിനു പിന്നില്‍ കൂടുതല്‍ പേരുണ്ടെന്ന സംശയം ശക്തമായി.
അറസ്റ്റിലായ പ്രതികള്‍ക്കു മറ്റു ക്രിമിനല്‍ പശ്ചാത്തലങ്ങളില്ലെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്നും മറ്റൊരു കുഞ്ഞിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്കു പങ്കുണ്ടോയെന്നും ഉള്‍പ്പെടെ വിശദമായ അന്വേഷണം തുടരുകയാണ്. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്ന് എസ്.പി: കെ.എം. സാബു മാത്യുവും പാലാ ഡിവൈ.എസ്.പി: കെ. സദനും അറിയിച്ചു.







Comments