
ആലപ്പുഴ: ആര്യാട്ട് യുവാവിനെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ റിമാന്‍ഡില്‍. ആര്യാട് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ മുരിയംവെളിയില്‍ അജിയുടെ മകന് അഖിലിനെ (അച്ചു-24) കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തുക്കളായ ആദിക്കാട്ടുകുളങ്ങര സ്വദേശി കണ്ടിനേത്ത് ഷെല്‍ജൂഖ് (34), ഓച്ചിറ ഞക്കനാല്‍ സ്വദേശി അനന്തുഭവനില്‍ അനന്തു (29) എന്നിവരെയാണ് ആലപ്പുഴ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. കൃത്യത്തിനു പ്രതികളെ പ്രേരിപ്പിച്ചത് പെട്ടെന്നുണ്ടായ പ്രകോപനമാണെന്നു പോലീസ് കണ്ടെത്തി.
കഴിഞ്ഞ 24 ന് വൈകിട്ടായിരുന്നു സംഭവം. രണ്ടു കേസുകളില്‍ പോലീസ് തെരയുന്നതിനാല്‍ ഒളിക്കാന്‍ ഇടവും പണവും തേടി പ്രതികള്‍ അഖിലിനെ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് ആലപ്പുഴയിലെത്തിയ ഇവര്‍ പുന്നമടയിലെ ബാറില്‍ കയറി മദ്യപിച്ചശേഷം പലതവണ വിളിച്ചിട്ടും അഖില്‍ ഫോണ്‍ എടുത്തില്ല. ഇങ്ങനെ തങ്ങളെ 'പോസ്റ്റാക്കി'യതിന്റെ വിരോധമാണ് ആക്രമണത്തിനു പ്രേരിപ്പിച്ചതെന്നാണ് പ്രതികള്‍ പോലീസിനു നല്കിയ മൊഴി.
ആലപ്പുഴയില്‍നിന്ന് മറ്റൊരു സുഹൃത്തിനൊപ്പം ഓട്ടോറിക്ഷയിലെത്തിയാണ് ഇവര്‍ അഖിലിന്റെ വീട് കണ്ടെത്തിയത്. സുഹൃത്ത് പോയശേഷം അഖിലിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കൊലപാതകം നടത്തുകയുമായിരുന്നു.
ഒന്നാംപ്രതി ഷെല്‍ജൂഖ് കൈവശമുണ്ടായിരുന്ന കത്തികൊണ്ട് അഖിലിന്റെ നെഞ്ചിനുനേരേ കുത്തി. സംഭവശേഷം മറ്റൊരു ഓട്ടോറിക്ഷയില്‍ ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെത്തി പാസഞ്ചര്‍ ട്രെയിനില്‍ കയറിയ ഇവര്‍ മറുഭാഗത്തുകൂടി പുറത്തിറങ്ങി.
ഓട്ടോയില്‍ കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡിലെത്തി. തുടര്‍ന്ന് കോഴിക്കോട്ടേക്കുള്ള ബസില്‍ കയറി കുന്നംകുളത്ത് ഇറങ്ങി. രാത്രിയില്‍ റൂം എടുത്തെങ്കിലും മറ്റൊരു ലോറിയില്‍ കയറി മംഗലപുരത്തേക്കു പോയി.
അവിടെനിന്ന് ഷെല്ജൂഖിന്റെ പെണ്‍സുഹൃത്തും എം.ഡി.എം.എ കേസുകളില്‍ മുമ്പ് പ്രതിയുമായിട്ടുള്ള സോഷ്യല്‍ മീഡിയ താരം റിന്‍സി മുംതാസ് താമസിക്കുന്ന ബെംഗളുരുവിലേക്കു കടന്നെങ്കിലും പോലീസ് പിന്തുടരുന്നതറിഞ്ഞ് റിന്‍സിയെ സന്ദര്‍ശിക്കാതെ 27 നു രാത്രി ട്രെയിനില്‍ കരുനാഗപ്പള്ളിയിലെത്തി.
ഒളിവില്‍ പോകുന്നതിനുവേണ്ടി ഓച്ചിറയിലേക്കു യാത്രചെയ്യുന്നതിനിടെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ അന്വേഷണത്തിനും ആയുധം കണ്ടെത്തുന്നതിനുമായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.
ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപിന്റെയും ഡിവൈ.എസ്.പി: ജി.ബി. മുകേഷിന്റെയും മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.
നോര്‍ത്ത് സി.ഐ: എം.ജെ. അരുണിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ എസ്. ദേവിക, ബാലു കെ. അജിത്ത്, ജി.എസ്.ഐ: യു. ഉല്ലാസ്, സി.പി.ഒ. ബിനോയ് ജോര്‍ജ്, എസ്.സി.പി.ഒ. ബിപിന്‍ ദാസ്, കെ.എസ്. ഷൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.







Comments