
ആലപ്പുഴ: തുമ്പോളിയില്‍ റിട്ട. അധ്യാപിക ഏലിയാമ്മ സെബാസ്റ്റ്യന്‍ (ചിന്നമ്മ-74) കൊല്ലപ്പെട്ട കേസില്‍ അയല്‍വാസിയും ബന്ധുവുമായ യുവതി കുറ്റക്കാരിയെന്നു കോടതി കണ്ടെത്തി.
ആലപ്പുഴ മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മാഞ്ഞാലിക്കാട് വീട്ടില്‍ ഫ്രില്ലി ഫ്രാന്‍സിസിനെ (39) യാണ് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി എം. ഷുഹൈബ് കുറ്റക്കാരിയെന്നു കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ ഇന്നു വിധിക്കും.
2010 ഓഗസ്റ്റ് 12-നായിരുന്നു സംഭവം. കാനഡയില്‍നിന്നു മടങ്ങിയെത്തി കുടുംബ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്ന ഏലിയാമ്മയെ വൈകിട്ട് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഏലിയാമ്മയുടെ ബന്ധുവായ ഫ്രില്ലി വീട്ടുമുറ്റത്തു നാടോടികളെ കണ്ടതായി പോലീസിനു മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യം അന്വേഷണം നടന്നത്. എന്നാല്‍ സംശയം തോന്നിയ പോലീസുദ്യോസ്ഥര്‍ പിന്നീട് ഫ്രില്ലിയെ നിരീക്ഷിക്കുകയും വൈകാതെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഫ്രില്ലിക്ക് അന്ന് 23 വയസായിരുന്നു. പോലീസ് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുള്‍ നിവര്‍ന്നത്.ഏലിയാമ്മയുടെ നാലു മക്കളും ഭര്‍ത്താവും വിദേശത്തായിരുന്നു. വേലക്കാരി വീട്ടില്‍ പോയ സമയത്ത് അടുക്കളത്തിണ്ണയില്‍ കസേരയിലിരിക്കുകയായിരുന്ന ഏരിയാമ്മയെ പ്രതി സ്നേഹപൂര്‍വം നിര്‍ബന്ധിച്ച് വീടിനുളളില്‍ കൊണ്ടുവന്നു.
തുടര്‍ന്ന് മുഖത്ത് മുളകുപൊടി വിതറി പിന്നില്‍നിന്നു തള്ളി താഴെയിട്ടു. അതിനുശേഷം മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് ഇരു കൈത്തണ്ടകളും മുറിക്കുകയും കഴുത്തില്‍ മുറിവുണ്ടാക്കുകയും ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.
സംഭവശേഷം ഏലിയാമ്മയുടെ സ്വര്‍ണവളകളും മാലയും മോഷ്ടിച്ച് ഫ്രില്ലി സ്ഥലംവിട്ടു. പിന്നീട് ഈ ആഭരണങ്ങള്‍ പണയംവച്ച് ഇവര്‍ മോതിരവും ആഭരണവും വസ്ത്രങ്ങളും വാങ്ങി.
വേലക്കാരിയുടെ മൊഴി രേഖപ്പെടുത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആലപ്പുഴ നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ കെ.എ. തോമസാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തൊണ്ടിമുതലുകള്‍ കണ്ടെത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സി.ബി.സി ഐ.ഡി ഇന്‍സ്പെക്ടര്‍ എ. നസീര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എഴുപതോളം സാക്ഷികളും നിരവധി തൊണ്ടിമുതലുകളും ശാസ്ത്രീയ തെളിവുകളും ഹാജരാക്കിയിരുന്നു.
പ്രതി ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു. തുടര്‍ന്ന് ജില്ലാ ജയിലിലേക്കയച്ചു. വിധി കേള്‍ക്കുന്നതിനായി ഇന്ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
പ്രോസി ക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ പി.പി. ഗീത, എന്‍.ബി. ഷാരി എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷന് സഹായികളായി സി.പി.ഒമാരായ സി. അമല്‍, ലിജുമോന്‍, ഗ്രേഡ് എസ്.ഐ: ജോസഫ് എന്നിവരാണു ഹാജരായത്.







Comments