
യുഎസ്സിലെ ഒരു യുവാവ് തന്റെ ഉയരം അഞ്ചിഞ്ചാക്കി ഉയര്‍ത്തുന്നതിനായി സര്‍ജറി ചെയ്തുവെന്ന വിവരമാണ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. മോസസ് ഗിബ്സണ് എന്ന യുവാവാണ് ധാരാളം പണം ചെലവാക്കി സര്‍ജറി നടത്തിയത്. കഠിനമായ വേദനയിലൂടെയാണ് ഇപ്പോള്‍ ഇദ്ദേഹം കടന്നുപോകുന്നത്. എന്നിരുന്നാലും താന്‍ ആഗ്രഹിച്ച ഉയരം നേടാനാകുമല്ലോയെന്ന സന്തോഷത്തിലാണ് ഇയാള്‍.
താന്‍ നീളം കുറഞ്ഞതിന്റെ പേരില്‍ ഒരുപാട് സങ്കടങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നാണ് മോസസ് പറയുന്നത്. തന്റെ നീളം ഒരല്പം കൂട്ടുന്നതിനുവേണ്ടി അദ്ദേഹം അനേകം വഴികള്‍ സ്വീകരിച്ചു. എന്നാല്‍, നീളം കൂടിയില്ല. ഒടുവിലാണ് മോസസ് നീളം കൂട്ടാനുള്ള ഉപാധിയായി സര്‍ജറി തെരഞ്ഞെടുത്തത്.
ഈ 41 -കാരന് സര്‍ജറിയുടെ സമയത്ത് കടുത്ത വേദനയിലൂടെയാണ് കടന്നു പോയത്. ഇതിന്റെ പേരില്‍ ധാരാളം പണവും ഇയാള്‍ക്ക് ചെലവഴിക്കേണ്ടതായി വന്നു. ആദ്യ സര്‍ജറി 2016 -ലാണ് നടന്നത്. അന്ന് മൂന്ന് ഇഞ്ച് ഉയരമാണ് കൂട്ടാന്‍ സാധിച്ചത്. പിന്നീട് രണ്ടിഞ്ച് ഉയരം കൂട്ടുന്നതിന് വേണ്ടി അദ്ദേഹം അടുത്ത ശസ്ത്രക്രിയയ്ക്കും വിധേയനായി. 61.48 ലക്ഷം രൂപയാണ് ആദ്യത്തെ ശസ്ത്രക്രിയയ്ക്ക് ചെലവാക്കേണ്ടി വന്നത്. രണ്ടാമത്തെ ശസ്ത്രക്രിയയ്ക്ക് ചെലവായത് 80.34 ലക്ഷം രൂപ. 1.3 കോടി രൂപയാണ് മോസസിന് രണ്ട് ശസ്ത്രക്രിയകള്‍ക്കും കൂടി ചെലവായത്. സോഫ്റ്റ്വെയര് എഞ്ചിനീയറായ ഇദ്ദേഹം രാത്രിയില്‍ ഊബര്‍ കൂടി ഓടിയാണ് ശസ്ത്രക്രിയയ്ക്കുള്ള പണം സംഘടിപ്പിച്ചത്.
മോസസ് ജൂണ്‍ മാസത്തില്‍ തന്നെ താന്‍ ആഗ്രഹിക്കുന്ന അഞ്ചടി പത്തിഞ്ച് ഉയരത്തിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ്. ഉയരം കുറവായതിന്റെ പേരില്‍ തനിക്ക് നേരിടേണ്ടി വന്ന കളിയാക്കലുകള്‍ തന്നെ നിരാശനാക്കിയിരുന്നില്ല എന്നിരുന്നാലും ഉയരം കൂട്ടാന്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്നത് താന്‍ നോക്കിയിരുന്നുവെന്നാണ് മോസസ് പറയുന്നത്.






