
തിരുവനന്തപുരം: അതിവേഗ പദ്ധതികള്‍ വരുമ്പോള്‍ കേരളത്തിന്റെ വികസന വേഗതയും വര്‍ധിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. കേരളത്തിന് വന്ദേഭാരത് ഇല്ലെന്ന് മുഖ്യമന്ത്രി രണ്ടാഴ്ച മുന്‍പ് നടത്തിയ പ്രസ്താവനയ്ക്ക് അധികം ആയുസ്സ് ഉണ്ടായില്ല. രണ്ടാഴ്ചയ്ക്കുള്ളില്‍ വന്ദേ ഭാരത് എത്തി. വന്ദേ ഭാരത് അനുവദിച്ച പ്രധാനമന്ത്രിക്കും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനും നന്ദി. പ്രധാനമന്ത്രി എല്ലാത്തവണയും അദ്ദേഹം കേരളം സന്ദര്‍ശിക്കുമ്പോള്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കാറുണ്ട്. ഇത്തവണ വരുമ്പോഴും പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
പ്രധാനമന്ത്രി കേരളത്തിന് വേണ്ടി നടത്തുന്ന വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കേരളം തെറ്റിദ്ധാരണ പരമായി പ്രചരിക്കുകയാണ്. വന്ദേ മെട്രാ ട്രെയിന്‍ ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ചോദ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ വന്ദേ മെട്രോ നല്‍കാനാവില്ലെന്ന് അറിയിച്ചു. എന്നാല്‍ അതിന്റെ പേരില്‍ വന്ദേ ഭാരത് കേരളത്തില്‍ വരില്ലെന്ന് വലിയ പ്രചാരണം വരെ നടന്നു. കേരളത്തിന് ട്രെയിന്‍ അനുവദിക്കണമെന്ന് കാണിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ട്രെയിന്‍ വന്നു. വന്ദേഭാരത് കേരളത്തിന് ഇല്ലെന്ന പ്രചാരണത്തിന് രണ്ടാഴ്ചത്തെ ആയുസ് മാത്രമാണുള്ളതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം, കേരളത്തിന് വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങളും കൊഴുക്കുകയാണ്. ഇത് കേരളത്തിനുള്ള വിഷു സമ്മാനമെന്നാണ് ബിജെപി നിലപാട്. കേന്ദ്രമന്ത്രി വി മരുളീധരനാകട്ടെ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കാനുള്ള പുതിയ ആയുധമായ വന്ദേഭാരതിനെ ഉപയോഗിച്ചുകഴിഞ്ഞു. വന്ദേഭാരതിനെ ഉയര്‍ത്തിക്കാട്ടി കെ റെയിലിനെ എതിര്‍ത്തവര്‍ എവിടെയന്ന പിണറായിയുടെ മുന്‍ പ്രസ്താവന പങ്കുവച്ചാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് വിമര്‍ശനം.
' കേരളത്തിനുള്ള വന്ദേഭാരത് എക്സ്പ്രസ് എവിടെ '? എന്ന് ചോദിച്ചവര്‍ക്ക് നരേന്ദ്രമോദി സര്‍ക്കാര്‍ മറുപടി നല്കിയിരിക്കുന്നു.
' വന്ദേഭാരത് ദാ ഇവിടെയുണ്ട്, തിരുവനന്തപുരത്ത് '..!
ഇനി വരാന്‍ പോകുന്ന ക്യാപ്സൂള്‍,
' മുഖ്യമന്ത്രി കത്തെഴുതി, കേന്ദ്രം വന്ദേ ഭാരത് അനുവദിച്ചു ' എന്നാവും !
'കാള പെറ്റന്ന് കേട്ട് കയറെടുത്ത ' പിണറായി വിജയന് ഇനിയെങ്കിലും സ്വയം തിരുത്തണം.
'കേരളത്തിന് വന്ദേ ഭാരത് ഇല്ലെന്ന്' റെയില്‍വെ മന്ത്രി പറഞ്ഞു എന്ന പച്ചക്കള്ളം പടച്ചുവിട്ട മാധ്യമങ്ങളും അതേറ്റെടുത്ത മുഖ്യമന്ത്രിയും ഇപ്പോള്‍ പരിഹാസ്യരായി !
'വന്ദേ ഭാരതും വന്ദേ മെട്രൊയും 'തമ്മിലുള്ള വ്യത്യാസം മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയില്ലെങ്കിലും മുഖ്യമന്ത്രിയെങ്കിലും അറിഞ്ഞിരിക്കണം.
ഇത്തരത്തിലാണ് ഭരണ- പ്രതിപക്ഷങ്ങളും തല്പര മാധ്യമങ്ങളും ചേര്‍ന്ന് നരേന്ദ്രമോദി സര്‍ക്കാരിനെക്കുറിച്ച് കേരളത്തില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ കേരളത്തിലെ ജനങ്ങളിലേക്കെത്താതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തുന്നത്.
പക്ഷേ ഇനി അധികകാലം മലയാളിയെ പറ്റിക്കാനായില്ലെന്ന് കൂട്ടുകക്ഷികള്‍ തിരിച്ചറിയുക.






