
ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത് കീര്‍ത്തി സുരേഷും നാനിയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ‘ദസറ’ ബോക്സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടി മുന്നേറുകയാണ്. രണ്ടാം വാരത്തിലും ബോക്സ് ഓഫീസില്‍ പണം വാരുന്ന ‘ദസറ’യുടെ ഡിലീറ്റ് ചെയ്ത രംഗങ്ങള്‍ അണിയറക്കാര്‍ പുറത്തു വിട്ടിരുന്നു. അടുത്തിടെ റിവഞ്ച് ത്രില്ലറില്‍ നിന്ന് നീക്കം ചെയ്ത ഒരു രംഗം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. അത് ഹിറ്റായതിന് പിറകെയാണ് ‘ദസറ’യിലെ രംഗം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഒടിടി റിലീസിനിടയിലെങ്കിലും ചിത്രത്തിന്റെ ഭാഗം ഉള്‍പ്പെടുത്തണമെന്ന് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ, കീര്‍ത്തി സുരേഷും ഡിലീറ്റ് ചെയ്ത സീനിന്റെ ഡബ്ബിംഗ് വീഡിയോ സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്തിരിക്കുകയാണ്. ‘‘ ഡിലീറ്റ് ചെയ്ത സീനിന്റെ ഡബ്ബിംഗിലേക്ക് ഒരു ഒളിഞ്ഞുനോട്ടം. തീവ്രമായ ഒരു സീൻ ഡബ്ബ് ചെയ്യുമ്പോൾ എന്നെ നോക്കൂ...’’ എന്ന ക്യാപ്ഷനും നല്‍കിയാണ് താരം വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
കീര്‍ത്തി അവതരിപ്പിച്ച വെണ്ണേല, മറ്റൊരു പുരുഷനായ സൂരിയെ (ദീക്ഷിത് ഷെട്ടി) സ്നേഹിക്കുന്നുവെന്ന് അറിയാമെങ്കിലും, ധരണി (നാനി അവതരിപ്പിച്ച)യുമായുള്ള വിവാഹത്തിന് എങ്ങനെ സമ്മതിക്കുമെന്ന് അമ്മയോട് ചോദിക്കുന്നതാണ് ഡിലീറ്റ് ചെയ്ത സീനില്‍ കാണിക്കുന്നത്. ഈ സമയത്ത്, സൂരി മരിച്ചുവെന്ന് വെണ്ണലയെ അറിയിക്കാന്‍ സൂരിയുടെ അമ്മ വീട്ടിലേക്ക് വരുന്നു. ഈ രംഗമാണ് കീര്‍ത്തി ഷെയര്‍ ചെയ്തിരിക്കുന്നത്.
സിനിമയ്ക്ക് വേണ്ടി താരം തെലുങ്കില്‍ എത്ര നന്നായി ഡബ്ബ് ചെയ്യുന്നു എന്നതാണ് പല ആരാധകരും കമന്റിടുന്നത്. തൊഴിലിനോടുള്ള സമര്‍പ്പണത്തെ പലരും അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. ‘കൊള്ളാം…ഈ വീഡിയോ കാണാന്‍… ഒരു കലാകാരന് സിനിമയില്‍ എങ്ങനെ കഠിനാധ്വാനം ചെയ്യുന്നു എന്ന് കണ്ടു നോക്കൂ, ഡബ്ബിംഗ്… തെലങ്കാന സ്ലാംഗ് തെലുങ്കില്‍," എന്നതടക്കം കമന്റുകള്‍ നിറയുന്നു. ഒരാള്‍ എഴുതി. ആ രംഗം തീര്‍ച്ചയായും സിനിമയില്‍ ചേര്‍ക്കണമെന്നാണ് പല ആരാധകരും കമന്റിടുന്നത്.






