
ഐശ്വര്യത്തിന്റേയും, സമൃദ്ധിയുടേയും മറ്റൊരു വിഷുക്കാലം കൂടി വന്നെത്തിയിരിയ്ക്കുകയാണ്. മലയാള മാസം മേടം ഒന്നിനാണ് കാര്‍ഷിക ഉത്സവമായ വിഷു ആഘോഷിക്കുന്നത്. അടുത്ത ഒരു കൊല്ലത്തെ കുറിച്ചാണ് വിഷുവിലൂടെ ജനങ്ങള്‍ ചിന്തിക്കുന്നത്. വിഷു ദിവസം നമ്മള് ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍ അടുത്ത വര്‍ഷം മുഴുവന്‍ നിലനില്ക്കുന്നു എന്നാണ് വിശ്വാസം. അന്നേ ദിവസം പുലര്‍ച്ചെ ആദ്യം കാണുന്ന കാഴ്ചയെ കണി കാണല്‍ എന്നു പറയുന്നു. വിഷുക്കണി ഒരുക്കുന്നതിനു പ്രത്യേക രീതി ഉണ്ട്. വീട്ടിലെ മുതിര്‍ന്ന സ്ത്രീകളായിരിയ്ക്കും വിഷുകളകണി ഒരുക്കുന്നതും, വീട്ടിലെ ബാക്കിയുള്ള അംഗങ്ങളെ പുലര്‍ച്ചെ വിളിച്ച് ഉണര്‍ത്തി കണി കാണിയ്ക്കുന്നതും.
കണിവെള്ളരിയും, കൊന്നപ്പൂവും, തൊടിയിലുണ്ടായ മാമ്പഴവും, ചക്കയും, കശുമാങ്ങാപ്പഴവും, നാളികേരവുമെല്ലാം വിഷുക്കണിയില്‍ സ്ഥാനം പിടിയ്ക്കാറുണ്ട്. കൃത്യമായ ആചാരപ്രകാരമാണ് വിഷുക്കണി ഒരുക്കേണ്ടത്. ഓട്ടുരുളിയില്‍ വേണം കണി ഒരുക്കാന്‍. ഉരുളി ഇല്ലെങ്കില്‍ ഓടിന്റെ തളികയിലുമാവാം. വിഷുക്കണി ഒരുക്കുന്നതിനു വേണ്ട സാധനങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ഓട്ടുരുളി/ഓട്ട് തളിക
കണിക്കൊന്ന
കൃഷ്ണവിഗ്രഹം
നിലവിളക്ക്
വാല്‍ക്കണ്ണാടി
കോടിമുണ്ട്
വെറ്റില,
അടയ്ക്ക
നാണയങ്ങള്‍
കണിവെള്ളരി
നാളികേരപ്പാതി
ഉണക്കലരി
പച്ചക്കറികള്‍
മാമ്പഴം
ചക്ക
കണ്മഷിയും ,ചാന്തും
സ്വര്‍ണ്ണം
കണിയിലെ പ്രധാനപ്പെട്ട ഒന്നാണ് കിഴക്കോട്ട് തിരിയിട്ട് കത്തിച്ചുവെച്ച നിലവിളക്ക്. കത്തി നില്ക്കുന്ന ദീപം ഐശ്വര്യത്തിന്റെ പ്രതീകമാണ്. പ്രഞ്ചത്തിനെയാണ് ഉരുളി സൂചിപ്പിക്കുന്നത്. കാലപുരുഷന്റെ കിരീടമെന്ന സൂചനയാണ് കണിക്കൊന്ന നല്‍കുന്നത്. നാണയങ്ങളും,വിഷുക്കൈനീട്ടവും ധനലക്ഷ്മിയെ സൂചിപ്പിക്കുന്നു. ഫലങ്ങളും പച്ചക്കറികളും ധാന്യങ്ങളും സമൃദ്ധമായ കാര്‍ഷിക കാലത്തെ ആണ് സൂചിപ്പിക്കുന്നത്.
തലേ ദിവസം രാത്രി തന്നെ കണി ഒരുക്കി വെക്കണം. കാരണം രാവിലെ കണിയുടെ മുന്പില് കത്തിച്ചു വെച്ച ദീപം കണ്ടാണ് കണ്ണ് തുറക്കേണ്ടത്. മുത്തശ്ശിമാരാണ് പൊതുവെ വീട്ടിലുള്ള എല്ലാ അംഗങ്ങളേയും വിളിച്ച് കണി കാണിയ്ക്കുന്നത്. വിഷുക്കണി കണ്ട്, വിഷു കൈനീട്ടവും വാങ്ങി, വിഷു സദ്യയും കഴിച്ച് നമ്മള് വിഷു ആഘോഷിയ്ക്കുന്നു.






