കൃഷ്ണഗിരി: തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ വീണ്ടും ദുരഭിമാന കൊല. മകന് താഴ്ന്നജാതിയിലുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് പിതാവ് മകനെയും അമ്മയേയും കൊലപ്പെടുത്തി. കൃഷ്ണഗിരി സ്വദേശിയായ ദണ്ഡപാണി ആണ് ഭാര്യ കണ്ണമ്മാള്‍ (65), മകന് സുഭാഷ് (25) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. സുഭാഷിന്റെ ഭാര്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏതാനും നാള് മുന്‍പാണ് സുഭാഷ് തന്റെ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതിയെ വിവാഹം കഴിച്ചത്. ഇതിനെ ദണ്ഡപാണി എതിര്‍ത്തിരുന്നു. എന്നാല്‍ സുഭാഷിന്റെ അമ്മ കണ്ണമ്മാളും മുത്തശ്ശിയും ഈ ബന്ധത്തെ അനുകൂലിച്ചിരുന്നു. പിതാവിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് സുഭാഷ് ഭാര്യയുമായി വീട്ടില്‍ നിന്ന് മാറി താമസിച്ചിരുന്നു. ഇന്നലെ ഇവര്‍ വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. രാത്രി ഉറങ്ങിക്കിടക്കുമ്പോഴാണ് ദണ്ഡപാണി ഇവരെ ആക്രമിച്ചത്.
കൃഷ്ണഗിരിയില്‍ കഴിഞ്ഞ മാസവും ദുരഭിമാന കൊല നടന്നിരുന്നു. കെആര്‍പി ഡാം ജംഗ്ഷന് റോഡിലാണ് വധുവിന്റെ ബന്ധുക്കള്‍ വരനെ വെട്ടിക്കൊന്നത്.






