
തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസിലെ അഴിമതിക്കാരെന്നു സംശയിക്കപ്പെടുന്നവരുടെ ഹിറ്റ്ലിസ്റ്റ് തയാറാക്കാനൊരുങ്ങി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ വിഭാഗം. പോലീസിലെ അഴിമതിവിരുദ്ധ നീക്കത്തിനു സമാനമായാണിത്.
സംശയനിഴലിലുള്ള ഉദ്യോഗസ്ഥരെ നിരീക്ഷിക്കാനും ട്രാപ്പ് സംവിധാനം ശക്തമാക്കാനും വിജിലന്‍സ് വിഭാഗം പുതിയ സംവിധാനത്തിന് രൂപം നല്കി. ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, തൊഴില്‍, ധനകാര്യം, പൊതുവിതരണം, കൃഷി, സഹകരണം, കായികം, മരാമത്ത് തുടങ്ങി എല്ലാ വകുപ്പുകളിലെയും അഴിമതിക്കാരെയും ഇടനിലക്കാരെയും പിടികൂടാനാണു പുതിയ പദ്ധതി.
നിലവിലുള്ള ഡോസിയര്‍ (കേസുകെട്ട്) സംവിധാനം അപര്യാപ്തമാണെന്നു തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ' ''സസ്പെക്ട് ഓഫീസര്‍ സര്‍വീസ് ഷീറ്റ്'' സംവിധാനം ഏര്‍പ്പെടുത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഉത്തരവിട്ടു. ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങള്‍ വകുപ്പ് മേധാവിക്ക് കൈമാറും. വകുപ്പ് മേധാവി അഴിമതിക്കാരാനാണെങ്കില് ആ വിവരം മുഖ്യമന്ത്രിയെ അറിയിക്കും.
അഴിമതിക്കാരെന്നു സ്ഥിരമായി ആരോപണം ഉയരുകയും സംശയിക്കുകയും ചെയ്യുന്ന ഓരോ ഉദ്യോഗസ്ഥന്റെയും പേരില്‍ പ്രത്യേക നമ്പറിട്ട് സസ്പെക്ട് ഷീറ്റ് തുറക്കും. ഈ ഉദ്യോഗസ്ഥനെ നിരീക്ഷിക്കാനും നടപടി ശിപാര്‍ശ ചെയ്യാനും ഒരു ഡിവൈ.എസ്.പിയെ നിയോഗിക്കും. റെയ്ഞ്ച് എസ്.പിമാര്‍ക്ക് മേല്‍നോട്ടച്ചുമതല നല്‍കും. നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ഓരോ പരാതിയും പരിശോധിക്കണം.
ഇക്കാര്യം വിജിലന്‍സ് ഇന്റലിജന്‍സ് എസ്.പി. നിരീക്ഷിക്കണം. ഓരോ കരടിന്റെയും വിവരങ്ങള്‍ അപ്പപ്പോള്‍ ഐ.ജി വഴി വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറണം. കൊടും അഴിമതിക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ എസ്.പിമാര്‍ നേരിട്ട് അന്വേഷിക്കണം. ആരോപണവിധേയരുടെ ഓഫീസ് ഇടപെടലുകള്‍ പരാതിക്കാരുടെ വേഷത്തില്‍ പോയി അന്വേഷിക്കണം.
അഴിമതിക്കാരനായ ഉദ്യോഗസ്ഥന് ഒരു ജില്ലയില്‍നിന്ന് മറ്റൊരു ജില്ലയിലേക്കോ ആ ജില്ലയിലെ തന്നെ മറ്റ് സ്ഥലത്തോ സ്ഥലം മാറി പോയാല്‍ അക്കാര്യം അവിടത്തെ വിജിലന്‍സ് ഡിവൈ.എസ്.പിയെ അറിയിക്കണം.
മൂന്ന് മാസത്തിലൊരിക്കല്‍ അഴിമതിക്കാരുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അതേസമയം സംശയപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്ക്കെതിരേ തെളിവ് ലഭിക്കുന്നതുവരെ അവരുടെ സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവയ്ക്കു തടസമുണ്ടാകില്ല.തെളിവ് ലഭിച്ചില്ലെങ്കില്‍ സംശയപ്പട്ടികയില്നിന്നു നീക്കും.






