
ഒരു ജയില്‍ചാട്ടത്തിന്റെ കഥയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്നത്. ബ്രയാന്‍ ഫ്രാന്‍സിസ്കോ റോമന്‍ എന്ന 26 വയസ്സുകാരന് യുവാവ് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ജയില്‍ ചാടിയത്.
റോമന്‍ തന്നോടൊപ്പം തടവറയില്‍ ഉണ്ടായിരുന്ന സഹ തടവുകാരനെ മോചിപ്പിക്കാനുള്ള ഉത്തരവ് വന്നതോടെയാണ് ഇത്തരത്തിലൊരു ആള്‍മാറാട്ടം നടത്തി രക്ഷപ്പെട്ടത്. പൊലീസ് സഹതടവുകാരനെ മോചിപ്പിക്കാന്‍ എത്തിയപ്പോയാണ് പൊലീസിനെ ഇയാള്‍ ബുദ്ധിപൂര്‍വം കബളിപ്പിച്ചത്. ഈ സമയത്ത് ജയില്‍ മോചിതനാകേണ്ടിയിരുന്ന തടവുകാരന് ഉറങ്ങുകയായിരുന്നു. പിന്നീട് ഇയാള്‍ ഒറ്റ നോട്ടത്തില്‍ ആര്‍ക്കും തിരിച്ചറിയാനാകാത്ത വിധം സഹതടവുകാരന്റെ വേഷം കെട്ടി ജയില്‍നിന്ന് രക്ഷപ്പെട്ടു.
ഇയാള്‍ ജയിലില്‍ നിന്ന് രക്ഷപ്പെടുന്നതിനു മുന്നേ തന്നെ സഹ തടവുകാരന്റെ പേഴ്സ്, താക്കോലുകള്‍, ഡെബിറ്റ് കാര്‍ഡ്, ഐഡി തുടങ്ങിയവ കൈവശപ്പെടുത്തി. മാത്രമല്ല ഇയാള്‍ ജയില്‍ നിന്ന് പുറത്തിങ്ങുന്നതിന് മുന്നേ സഹ തടവുകാരന്റെ ഒപ്പും വ്യാജമായി ഇടുകയായിരുന്നു. എല്ലാകാര്യങ്ങളും ഒത്തിണങ്ങിയതിനാല്‍ ഇയാളെ പുറത്തുവിട്ട സമയത്ത് പൊലീസിന് സംശയം തോന്നിയിരുന്നില്ല.
പിന്നീട് സഹ തടവുകാരന് പൊലീസിനോട് തന്നെ എപ്പോള്‍ വിട്ടയക്കുമെന്ന് ചോദിച്ചപ്പോഴാണ് ഉദ്യോഗസ്ഥര്‍ തങ്ങളെ കബളിപ്പിച്ചെന്നത് തിരിച്ചറിയുന്നത്. ഇരു തടവുകാര്‍ക്കും സമാനമായ ശാരീരിക സവിശേഷതകളുള്ളതിനാലാണ് ആശയക്കുഴപ്പം ഉണ്ടായതെന്നാണ് കൗലിറ്റ്സ് കൗണ്ടി ഷെരീഫ് ഓഫീസിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. പോലീസ് റോമനെതിരെ ക്രിമിനല്‍ ആള്‍മാറാട്ടം, രക്ഷപ്പെടല്‍, വ്യാജരേഖ ചമയ്ക്കല്‍, മോഷണം എന്നീ കുറ്റങ്ങള്‍കൂടി ചേര്‍ത്ത് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.






