
രമേശ് ചെന്നിത്തലയുടെ എഐ ക്യാമറ സംബന്ധിച്ച ആരോപണങ്ങള്ക്ക് തളളി കെല്ട്രോണ് രംഗത്ത്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സുതാര്യമായാണ് നടത്തിയതെന്ന് കെല്ട്രോണ് എംഡി നാരായണ മൂര്ത്തി പറഞ്ഞു. 235 കോടിയായിരുന്നു ആദ്യം മുതല് തന്നെ പദ്ധതി തുക . ഇത് ചര്ച്ചകള്ക്ക് ശേഷമാണ് 232 കോടി രൂപയാക്കിയത്. ഇതില് 151 കോടിയാണ് ഉപകരാര് നല്കിയത്. ബാക്കി തുക കണ്ട്രോള് നടത്താനും ചെല്ലാന് അയക്കാനും കെല്ട്രോണിന്റെ ചെലവിനുമായാണ് വിനിയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ക്യാമറയ്ക്ക് 35 ലക്ഷം രൂപ എന്ന പ്രചാരണം തെറ്റാണെന്നും ഒരു ക്യാമറ സിസ്റ്റത്തിന് 9.5 ലക്ഷം മാത്രമാണ് വിലയെന്നും നാരായണ മൂര്ത്തി പ്രതികരിച്ചു. 74 കോടി രൂപയാണ് ക്യാമറയ്ക്കായി ചെലവാക്കിയത്. ബാക്കി സാങ്കേതിക സംവിധാനം, സെര്വര് റൂം, പലിശ എന്നിവ അടക്കമുള്ളവയാണ്. സ്രിറ്റ് എന്ന സ്ഥാപനം മികച്ച പ്രവര്ത്തനമാണ് നടത്തിയത്. ആ കമ്പനി ഉപകരാര് നല്കിയതില് കെല്ട്രോണിന് ബാധ്യതയില്ല. സര്ക്കാര് ഇതുവരെ ഒരു പൈസയും ചെലവഴിച്ചിട്ടില്ല. തെറ്റായി പിഴ ചുമത്തപ്പെടാതിരിക്കാനാണ് കണ്ട്രോള് റൂമിലെ ജീവനക്കാര് പരിശോധിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി.
കെല്ട്രോണിന് കരാര് നല്കുന്നതിന് ടെന്ഡര് ആവശ്യമില്ലെന്ന് മന്ത്രി ആന്റണി രാജുവും പ്രതികരിച്ചിരുന്നു. കെല്ട്രോണിനെ 2018ലാണ് പദ്ധതി ഏല്പ്പിക്കുന്നത്. 2021ലാണ് താന് മന്ത്രിയായത്. ഇതിന് മുമ്പ് തന്നെ പദ്ധതി ആവിഷ്കരിച്ചു കഴിഞ്ഞിരുന്നുവെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ 58 ശതമാനം അപകടങ്ങളും ഇരുചക്ര വാഹനങ്ങള് മൂലമാണ് ഉണ്ടാകുന്നത്. ഇത്തരത്തിലുളള അപകടങ്ങള് കുറയ്ക്കുക എന്നതാണ് ഇപ്പോള് എഐ ക്യാമറയിലൂടെ ലക്ഷ്യമിടുന്നതെന്നും ക്യാമറകള് സ്ഥാപിച്ചതിന് ശേഷം നിയമലംഘകരുടെ എണ്ണം കുറഞ്ഞതായും മന്ത്രി പറഞ്ഞു.







Comments