
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കൊള്ളസംഘത്തലവന് അതിഖ് അഹമ്മദും സഹോദരന് അഷ്റഫും പോലീസ് കസ്റ്റഡിയില്‍ ഗുണ്ടകളുടെ വെടിയേറ്റുമരിച്ച സംഭവത്തില്‍ സ്വതന്ത്ര വിദഗ്ധ സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി 28ന് വാദം കേള്‍ക്കും. സുപ്രീം കോടതിമുന്‍ ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ വിശാല്‍ തിവാരിയാണ് ചീഫ് ജസ്റ്റീസിന്റെ ബെഞ്ചിനെ സമീപിച്ചത്. ഹര്‍ജി കോടതി ഇന്ന് പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.
അഞ്ച് ജഡ്ജിമാര്‍ കോവിഡ് ബാധിതരായി ചികിത്സയിലായതിനാല്‍ ഹര്‍ജി 28ലേക്ക് മാറ്റുന്നതായി ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ് അറിയിച്ചു. ഇരുവരുടെയും കൊലപാതകം നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി.
2017 മുതല്‍ സംസ്ഥാനത്ത് നടന്ന 183 ഏറ്റുമുട്ടലുകള്‍ സ്വതന്ത്ര സമിതി അന്വേഷിക്കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ 15ന് രാത്രി പ്രയാഗ്രാജിലെ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു അതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടത്.






