
ലണ്ടന്‍: ബ്രിട്ടനില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ വ്യവസായി വാഗ്ദാനം ചെയ്തത് 250 കോടി രൂപ. ബ്രിട്ടനില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ജഗന്നാഥ ക്ഷേത്രത്തിനായി പണം പിരിച്ചെടുക്കുന്ന സമിതിയ്ക്ക് 25 ദശലക്ഷം പൗണ്ട് (250കോടി) വാഗ്ദാനം ചെയ്തിരിക്കുന്നത് ഫിന് നെസ്റ്റ് ഗ്രൂപ്പ് കമ്പനികളുടെ ചെയര്‍മാനും സ്ഥാപകനുമായ ഒഡീഷ്യന്‍ കോടീശ്വരന് ബിശ്വനാഥ് പട്നിക്കാണ്.
ഇന്ത്യയ്ക്ക് പുറത്ത് ഒരു ക്ഷേത്രത്തിന് ഇത്രയും തുക ഒരു ഇന്ത്യാക്കാരന് വാഗ്ദാനം ചെയ്യപ്പെടുന്നത് ഇതാദ്യമാണ്. യുകെയിലെ ശ്രീജഗന്നാഥ സൊസൈറ്റിയാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. ഞായറാഴ്ച അക്ഷയ തൃതീയയില്‍ ആദ്യ ജഗന്നാഥ് കണ്വെന്ഷന് അരങ്ങേറുന്നുണ്ട്. സംഭവവനയായി കിട്ടുന്ന 25 ദശലക്ഷം പൗണ്ടില്‍ നിന്നും ഏഴ് ദശലക്ഷം പൗണ്ട് (ഏകദേശം 70 കോടി) മുടക്കി ലണ്ടന്റെ പ്രാന്തപ്രദേശത്ത് 15 ഏക്കര്‍ വാങ്ങാനാണ് ഉദ്ദേശം. ഇതുമായി ബന്ധപ്പെട്ട അപേക്ഷകളെല്ലാം പ്രാദേശിക ഭരണകൂടത്തിന് നല്കിക്കഴിഞ്ഞിരിക്കുകയാണ്.
ക്ഷേത്രത്തിന്റെ ആദ്യ ഘട്ടം 2024 ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുകെയില്‍ നിന്നും അയര്‍ലന്റില്‍ നിന്നും 600 ഭക്തരാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ക്ഷേത്രം യൂറോപ്പിലെ തന്നെ ജഗന്നാഥ സംസ്ക്കാരത്തിന്റെ കേന്ദ്രം ആയിരിക്കുമെന്നും തീര്‍ത്ഥാടനത്തിന്റെ പ്രധാന ഇടങ്ങളില്‍ ഒന്നായിരിക്കുമെന്നും സംഘടനയുടെ തലപ്പത്തുള്ളവരുടെ പ്രതീക്ഷ.






