
പരുക്കന്‍ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായൊരു ഇടം തീര്‍ത്ത അഭിനേതാവ്, രാജേഷ് ശര്‍മ്മ. നാടകവേദികളിലൂടെ വെള്ളിത്തിരയിലെത്തിയ ഈ താരം പ്രേക്ഷകര്‍ ഓര്‍ത്തുവയ്ക്കുന്ന ഒരുപാട് നല്ല കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. രാജേഷ് ശർമ്മയെ സംബന്ധിച്ചിടത്തോളം, ആർക്ക് ലൈറ്റുകൾക്ക് കീഴിൽ ഒരു വേഷം ചെയ്യുമ്പോൾ സ്റ്റേജും സ്ക്രീനും തമ്മിലുള്ള വ്യത്യാസങ്ങൾ നിസ്സാരമായി മാറുന്നു. സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത പ്രതിഭാധനനായ നടൻ. കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടനുള്ള പുരസ്കാരം നേടിയിട്ടുള്ള ശർമ്മ 1996-ൽ കൊല്ലത്തെ സോപാനം കലാകേന്ദ്രത്തിലെ അഭിനയ കേന്ദ്രത്തിൽ നിന്ന് നാടകം പൂർത്തിയാക്കി. പ്രൊഫഷണൽ, അമച്വർ നാടകങ്ങൾക്കൊപ്പം കുട്ടികളുടെ നാടകവേദിയിലും സജീവമാണ്. കുട്ടികൾക്കായി 10 നാടകങ്ങൾ രചിക്കുകയും ഇരുപതോളം നാടകങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. അന്നയും റസൂലിലെ പലിശ പ്രാഞ്ചിയും, ചാര്‍ളിയിലെ സെബാനും, ഹോംലി മീല്‍സിലെ പാലാരിവട്ടം മോസപ്പനുമൊക്കെ അവയില്‍ ചിലതു മാത്രം. അച്ഛന് കഥാപാത്രങ്ങളില്‍ തിളങ്ങി നില്‍ക്കുമ്പോഴും അവയിലൊക്കെയും തന്റേതായൊരു വ്യത്യസ്തത വരുത്താന്‍ രാജേഷ് ശര്‍മ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ‘എന്താടാ സജി’യിലെ തോമസ് എന്ന കഥാപാത്രമായി നിറഞ്ഞു നില്ക്കുന്ന രാജേഷ് ശര്‍മ്മ പുത്തന്‍ വിശേഷങ്ങളും... കടന്നു വന്ന വഴികളും... മംഗളം ഓണ്‍ലൈനുമായി പങ്കുവയ്ക്കുന്നു...
പേരില്‍ തന്നെ കൗതുകമുണര്‍ത്തുന്ന സിനിമ. എന്താടാ സജിയില്‍ കേന്ദ്രകഥാപാത്രം സ്ത്രീ ആണെന്ന് കരുതിയാണോ സിനിമ സെലക്ട് ചെയ്തത് ?
എന്താടാ സജിയിലേക്ക് എന്നെ കാസ്റ്റ് ചെയ്യുമ്പോള്‍ എന്നോട് പറഞ്ഞത്, നായികയുടെ അച്ഛനാണെന്നാണ്. ഞാന്‍ ഒകെ പറഞ്ഞു. പിന്നീട് പറഞ്ഞു സജിയുടെ അച്ഛനാണെന്ന്. അപ്പോള്‍ തോന്നി സ്ക്രിപ്റ്റ് ചെയ്ഞ്ചു ചെയ്തു കാണുമെന്ന്. കുഞ്ചാക്കോ ബോബനും ജയസൂര്യയും ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാനോര്‍ത്തു സജി അവരാരെങ്കിലും ആണെന്ന്. ആ സംശയം തോന്നിയപ്പോള്‍ ഞാന്‍ പിന്നീടത് വിളിച്ചു ചോദിച്ചു. അപ്പോഴാണ് അറിയുന്നത് സജി ഒരു പെണ്‍കുട്ടിയാണെന്നും ഞാനതില്‍ സജിയുടെ അച്ഛന് തോമസിന്റെ കഥാപാത്രമാണ് ചെയ്യുന്നത് എന്നും. പേരിലെ ആ കൗതുകം തന്നെയാണ് ഞാന്‍ സിനിമ തെരഞ്ഞെടുക്കാനുള്ള ഒരു കാരണം.
സിനിമയുടെ ആദ്യഭാഗത്ത് സജിയും തോമസും തമ്മിലുള്ള അച്ഛന്-മകള്‍ സ്നേഹബന്ധങ്ങളൊന്നും കാണിക്കുന്ന സീനുകളില്ല. പക്ഷേ അവര്‍ക്കിടയിലുള്ള തീവ്ര ബന്ധം ആ സിനിമയിലുടനീളമുണ്ട് ?
പറഞ്ഞാല്‍ അനുസരണയില്ലാത്ത, ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുന്ന മകളാണ് സജി. അച്ഛനും മകളും തമ്മിലുള്ള സംസാരം പലപ്പോഴും അടിയിലും വഴക്കിലുമേ കലാശിക്കൂ. പക്ഷേ അതില്‍ കിണറിന്റെ അടുത്തിരുന്ന് സജിയും അച്ഛന് തോമസും തമ്മില്‍ സംസാരിക്കുന്ന ഒരു സീക്വന്‍സ് ഉണ്ട്. അത് മാത്രം മതി അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം മനസ്സിലാക്കാന്‍. എങ്ങനെയാണ് സജിയെന്ന മകളെ കിട്ടിയതും പുണ്യാളനുമായുള്ള ആത്മബന്ധവുമൊക്കെ അവരപ്പോള്‍ സംസാരിക്കുന്നുണ്ട്. മകള്‍ ചെയ്യുന്ന കുരുത്തക്കേടുകള്‍ ഒരല്പം മാറി നിന്ന് നോക്കി ആസ്വദിക്കുകയും ചിലപ്പോഴൊക്കെ ആശങ്കപ്പെടുകയും ചെയ്യുന്ന അച്ഛനാണ് തോമസ്. എങ്കിലും ആ സിനിമ കണ്ടപ്പോള്‍ അച്ഛനും മകളും സംസാരിക്കുമ്പോള്‍ അവര്‍ക്കിടയിലുള്ള ഇരിപ്പിന്റെ അകലം അല്‍പ്പം കുറയ്ക്കാമെന്നു എനിക്ക് തോന്നിയിരുന്നു. പക്ഷേ അപ്പോള്‍ സംവിധായകന് എന്നോട് പറഞ്ഞത്, മകള്‍ നടന്നു പോകുമ്പോഴുള്ള നോട്ടവും, ‘ആഹ്, നീ ചെല്ല്’ എന്ന സംഭാഷണവും മാത്രം മതി അവര്‍ തമ്മിലുള്ള ആത്മബന്ധം പ്രേക്ഷകര്‍ക്ക് മനസ്സിലാകാന്‍ എന്നാണ്. വര്‍ത്തമാനങ്ങള്‍ക്ക് അപ്പുറത്തേക്ക് ‘നീ ചെല്ല്’ എന്ന് ആ അച്ഛന് പറയുമ്പോള്‍ മകളോടുള്ള ഇഷ്ടവും വാത്സല്യവും നിറഞ്ഞു നില്‍ക്കുന്നുണ്ടെന്നുള്ളത് വലിയൊരു സത്യമാണ്.
സജിയില്‍ ഒരു വലിയ താരനിര തന്നെയുണ്ടല്ലോ. സഹതാരങ്ങളെക്കുറിച്ച് ?
കഥ കേട്ടപ്പോള്‍ തന്നെ സിനിമ എനിക്ക് വളരെയിഷ്ടപ്പെട്ടു. സിനിമയിലെ എല്ലാ താരങ്ങളും മികച്ച അഭിനയമായിരുന്നു. ഗംഭീരമായ അഭിനയമാണ് നിവേദ തോമസ് ആ സിനിമയിലുടനീളം കാഴ്ചവയ്ക്കുന്നത്. ഓവര്‍ ആക്ടിംഗ് ഒന്നുമില്ലാതെ, വളരെ തന്മയത്വത്തോടെയാണ് ആ കുട്ടി അതില്‍ അഭിനയിക്കുന്നത്. പ്രണയം പറഞ്ഞതിനു ശേഷം ടൂവീലറില്‍ ഒരു സോംഗ് സീക്വന്‍സില്‍ നിവേദ വരുന്നൊരു സീനുണ്ട്. പ്രണയം തുറന്നു പറഞ്ഞിട്ട് വരുമ്പോഴുള്ള ഉള്ളു നിറഞ്ഞുള്ള ചിരി ആ കുട്ടി എത്ര മനോഹരമായിട്ടാണ് അവതരിപ്പിച്ചത്.
പിന്നെ സിനിമയില്‍ എടുത്തു പറയേണ്ട ഒരാളാണ് ജയസൂര്യ. ജയസൂര്യയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രമാണ് എന്താടാ സജിയിലുള്ളത്. നിഷേധിയായ, കുസൃതിത്തരമുള്ള, ഉള്ളില്‍ സ്നേഹമുള്ള ഒരാളാണ് ജയസൂര്യയുടെ കഥാപാത്രം. ഇതുവരെ ജയസൂര്യ അത്തരം ആറ്റിറ്റ്യൂടുള്ള കഥാപാത്രം ചെയ്തു കണ്ടിട്ടില്ല.
കുഞ്ചാക്കോ ബോബന്റെ പുണ്യാളന് കഥാപാത്രവും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. ഒരു പുണ്യാളനാകുമ്പോള് നടപ്പിലും ഇരിപ്പിലും നോട്ടത്തിലുമൊക്കെ ഒരു വിശുദ്ധി തോന്നണം. അത് ചാക്കോച്ചന് മികച്ച രീതിയില്‍ ചെയ്തു. ഒരുപാട് കൗതുകങ്ങളുള്ള ഫാന്റസിയില്‍ പിറന്ന ഒരു കഥയാണത്. ഫാന്റസിയെ വിജയിപ്പിക്കുക എന്നതു തന്നെയാണല്ലോ ഏറ്റവും വലിയ വെല്ലുവിളി. ആ വെല്ലുവിളി ഏറ്റെടുത്താണ് അതിലെ ഓരോ കഥാപാത്രങ്ങളെയും സംവിധായകന് ഗോഡ്ഫി ബാബു കാസ്റ്റ് ചെയ്തത്.
പരുക്കന്‍ സ്വഭാവമുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നത് മനഃപൂര്‍വ്വമാണോ ?
ഒരിക്കലുമല്ല. അതില്‍ നിന്നു മാറാന്‍ മാത്രമല്ല ഞാനതിനു വേണ്ടി സമരം ചെയ്യുന്ന ഒരു ആളു കൂടിയാണ്. എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാനാണ് എനിക്കിഷ്ടം. ഒരു ആക്ടറിനെ സംബന്ധിച്ച് അവരുടെ നിഘണ്ടുവില്‍ ഇല്ലാത്ത വാക്കാണ് നോ. യെസ് അല്ലെങ്കില്‍ ട്രൈ എന്ന വാക്കു മാത്രമാണ് അഭിനേതാക്കള്‍ക്ക് വേണ്ടത്. അഭിനയം ശരിക്കുമൊരു അറിവാണ്. മുന്നിലെത്തുന്ന വേഷങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ച് അത് മാറും. ചിലര്‍ എക്സ്പീരിയന്‍സ് വഴി ആ അറിവ് നേടിയെടുക്കും, മറ്റ് ചിലര്‍ അഭിനയത്തിന്റെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി അത് പഠിക്കും. നമ്മളായി നിന്ന് ഒരു കഥാപാത്രമാകുക, ഞാനായിത്തന്നെ ഇരിക്കുക എന്നതൊക്കെ വലിയ ബുദ്ധിമുട്ടാണ്. മറ്റൊരാളാകാന്‍ വളരെ ഈസിയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ഞാനുമതിനു വേണ്ടി ശ്രമിക്കാറുണ്ട്. വരുന്ന കഥാപാത്രങ്ങളെ പരമാവധി സാധ്യതയില്‍ വ്യത്യസ്തമാക്കുന്നതും അതുകൊണ്ടാണ്. നിരന്തരമായി ഒരു മീഡിയത്തിലൂടെ ഇടപഴകുകയും പുതുക്കിപ്പണിയാന്‍ ശ്രമിക്കുകയും ചെയ്താല്‍ മാത്രമേ അത് മാറൂ. ഒരു പ്രേക്ഷകന്റെ സ്വീകാര്യത തന്നെയാണ് കഥാപാത്രങ്ങളെ വീണ്ടും വീണ്ടും അതേ രീതിയില്‍ അവതരിപ്പിക്കാനുള്ള കാരണമായി മാറുന്നത്. സ്ഥിരമായി ഒരു കഥാപാത്രത്തില്‍ നിന്നാല്‍ അതില്‍ നിന്നൊരു പൊളിച്ചെഴുത്ത് വലിയ ബുദ്ധിമുട്ടാണ്. ഇതുവരെ പ്രേക്ഷകര്‍ കണ്ട ഒരാളില്‍ നിന്ന് കരകയറിയാല്‍ മാത്രമേ അഭിനേതാവെന്ന നിലയില്‍ വിജയിക്കാനും, വൈവിധ്യം വരുത്താനും കഴിയൂ. ചാര്‍ളിയില്‍ നിന്ന് വ്യത്യസ്തമാണ് നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയിലെ കഥാപാത്രം. അതുപോലെ തന്നെ എങ്കിലും ചന്ദ്രികേ സിനിമയിലും എന്താടാ സജിയിലും അച്ഛന് വേഷമാണ്. പക്ഷേ അതില്‍ വ്യത്യസ്തത വരുത്താന്‍ ശ്രമിച്ചു. അതില്‍ വിജയിക്കാന്‍ കഴിഞ്ഞു എന്നാണ് തോന്നുന്നത്.
എങ്ങനെയാണ് അഭിനയമെന്ന ഉള്‍വിളി മനസ്സിനെ അലട്ടിത്തുടങ്ങിയത് ?
ശരിക്കും പറഞ്ഞാല്‍ കുഞ്ഞുനാളില്‍ നിന്ന് വ്യത്യസ്തനാക്കുക, ഒരു പെര്‍ഫോര്‍മര്‍ ആകുക, മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുക എന്നതു തന്നെയായിരുന്നു അഭിനയമേഖല തെരഞ്ഞെടുക്കാനുള്ള കാരണം. എട്ടാം ക്ലാസിലൊക്കെ പഠിക്കുന്ന സമയത്ത് മിമിക്രി ചെയ്യുമ്പോള്‍ അടുത്താഴ്ച ഒരു സിനിമാ നടനാകും എന്ന പ്രതീക്ഷയായിരുന്നു. മിമിക്രി കലാകാരന്മാര്ക്ക് ഒരു ഓറയുണ്ടെന്നുള്ള തിരിച്ചറിവൊക്കെ അതിന് കാരണമായിരുന്നു. പത്താം ക്ലാസിലൊക്കെ സ്കൂള്‍ രാഷ്ട്രീയത്തിലും ശക്തമായി നിന്നു. അതു പിന്നെ അലച്ചിലുകള്‍ക്ക് കാരണമായി. അവിടെ നിന്നാണ് നാടകപഠനത്തിലേക്ക് തിരിയുന്നത്. ഞാന്‍ തന്നെ അന്വേഷിച്ചു കണ്ടെത്തിയാണത്. അവസാനം 1996 ല്‍ കൊല്ലത്ത് സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്സില്‍ ചേര്‍ന്നു. അതൊരു വഴിത്തിരിവായി മാറി. എന്റെ മാത്രം തീരുമാനമായിരുന്നു അത്. തിയേറ്ററിന്റെ സാധ്യതകള്‍ മനസ്സിലാകുന്നത് അവിടെ ചെന്ന ശേഷമാണ്. രാഷ്ട്രീയ പ്രവര്‍ത്തനവും നാടകത്തിലൂടെ കാണാന്‍ തുടങ്ങിയതോടെ നാടകം തന്നെ മതിയെന്ന തീരുമാനത്തിലെത്തി. അദ്ധ്യാപകരായിട്ടുള്ള ഒരുപാട് പ്രഗല്ഭര് എന്റെ തീരുമാനം ശരിയാണെന്നു ഉറപ്പിച്ചു. ക്ലാസ് എടുക്കാന്‍ വന്ന കാവാലം, വയലാര്‍ വാസുദേവന്‍ പിള്ള, പി.ബാലചന്ദ്രന്, ജോസ് ചിറമേല്‍,അദ്ധ്യാപകരായ വി.ജെ. ഉണ്ണിക്കൃഷ്ണന്, സുനില്‍ ജി.വക്കം, രമേഷ് വര്‍മ്മ, ജയസൂര്യന്‍ മാഷ്, രാജു നരിപറ്റ എന്നിങ്ങനെയുള്ള വ്യത്യസ്തരായ അതുല്യ പ്രതിഭകള്‍ എന്റെ മുന്നില്‍ നാടകത്തിന്റെ വിശാലമായ ലോകം തുറന്നു. അവരുടെ കൈ പിടിച്ചു നടക്കുമ്പോള്‍ എല്ലാം പതിയെ വന്നു ചേരും. വലിയൊരു കടലിന്റെ മുന്നിലാണ് നില്ക്കുന്നതെന്ന തിരിച്ചറിവുണ്ടാകുന്നത് അപ്പോഴാണ്. ചിലപ്പോഴൊക്കെ മുത്തു തിരക്കിയിറങ്ങിയിട്ട് അത് കിട്ടാതെ വരും. ഒരിക്കലും അന്വേഷിക്കുന്ന വിഭവം വളരെയെളുപ്പം കിട്ടിയെന്നു വരില്ല. പരിശീലനം കിട്ടി മാത്രമേ അതിന്റെയുള്ളിലേക്ക് കൂടുതല്‍ ആഴത്തിലിറങ്ങാന്‍ പറ്റൂ. വഴക്കും തല്ലും ഒരുപാട് കിട്ടിയിട്ടുണ്ട്, അതിന്റെ പേരില്‍ കൂറെ കണ്ണീരും പോയിട്ടുണ്ട്. പക്ഷേ ഒരിക്കല്‍ പോലും തെരഞ്ഞെടുത്ത വഴി തെറ്റാണെന്ന് തോന്നിയിട്ടില്ല. കാരണം താത്പര്യമുള്ളപ്പോള്‍ ആസ്വദിക്കാന്‍ കഴിയും. മനോഹരമായ പ്രണയം പോലെ അത് ആസ്വദിക്കാന്‍ എനിക്കു കഴിഞ്ഞു. വലിയ സ്വപ്നങ്ങളൊക്കെ ഉണ്ടാകും, അതെല്ലാം സാധിച്ചെന്നു വരില്ല. എന്റെയൊപ്പം ക്ലാസ് അറ്റന്റ് ചെയ്യാന്‍ വന്ന പത്തിരുപത് പേരുണ്ട്. പക്ഷേ അവരാരും തിയേറ്റര്‍ രംഗത്തേക്ക് വന്നില്ല. മുഴുവന്‍ സമയ നാടകപ്രവര്‍ത്തകനായി മാറിയത് ഞാന്‍ മാത്രമാണ്.
സാമ്പത്തികം ഒരു പ്രശ്നമായി മാറിയിരുന്നില്ലേ ?
സാമ്പത്തികം വെല്ലുവിളിയായിരുന്നു എന്നു മാത്രമല്ല ദാരിദ്ര്യം നല്ല കൂട്ടുമായിരുന്നു. ദാരിദ്ര്യമായി എനിക്ക് നല്ല ചങ്ങാത്തമായിരുന്നു. ചില ദുഃശ്ശീലങ്ങള്‍ ശീലങ്ങളായി മാറാറില്ലേ. അതിലൊന്നായിരുന്നു നാടകം. 1996 ഫിലിം ഫെസ്റ്റിവല്‍ കാണാന്‍ പോയതൊക്കെ കള്ളവണ്ടി കയറിയാണ്. ടിടി വരുമ്പോള്‍ മാറി നില്ക്കും. ചിലപ്പോഴൊക്കെ പിടിച്ചിട്ടുമുണ്ട്. എങ്കിലും ആ യാത്രകള്‍ തന്നിട്ടുള്ള മാധുര്യം ചെറുതൊന്നുമല്ല. കുറച്ചു പൈസയൊക്കെ കൈയില്‍ കാണും. എന്നാലും വൈകുന്നേരങ്ങളില്‍ തമാശയ്ക്ക് ഞങ്ങള്‍ കൂട്ടുകാര്‍ പറയും,‘ഇന്‍ഡ്യന്‍ എക്സ്പ്രസ്സില്‍ കിടക്കാം, മംഗളത്തിലോ മാതൃഭൂമിയിലോ മനോരമയിലോ കിടക്കാം’ എന്ന്. പത്രത്തിന്റെ മുകളില്‍ കിടക്കുന്ന കാര്യമാണത്. ഇത്രയൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും നാടകപ്രവര്‍ത്തനം ആസ്വദിച്ചാണ് ചെയ്തിരുന്നത്. ചെറിയ നാടകങ്ങള്‍ സംവിധാനം ചെയ്തതുവഴി അന്നന്നത്തെ കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോയി. എവിടെയൊക്കെ നാടകത്തിന്റെ സാധ്യതകള്‍ ഉള്‍പ്പെടുത്താന്‍ പറ്റുമോ അവിടെയൊക്കെ ഉള്‍പ്പെടുത്തി. 2001 ല്‍ ‘ശുദ്ധമദ്ദളം’ എന്നൊരു നാടകം ഞാനും അമല്‍രാജും ചേര്‍ന്നു സംവിധാനം ചെയ്തിരുന്നു. അഞ്ഞൂറിലധികം വേദികള്‍ അത് പിന്നിട്ടു. അതിന്റെ ആഘോഷങ്ങളും അടുത്തിടെ നടത്തിയിരുന്നു. ചെറിയ നാടകങ്ങള്‍ നടത്തുക, കുട്ടികളുടെ തിയേറ്ററുകള്‍ സംഘടിപ്പിക്കുക, നാടകം സംവിധാനം ചെയ്യുക എന്നിങ്ങനെയുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചു. സാമ്പത്തികഭദ്രതയുണ്ടാക്കാന് അതൊക്കെ സ്വീകരിച്ചു. അങ്ങനെ തട്ടിയും മുട്ടിയുമൊക്കെ മുന്നോട്ടു പോയി.
സിനിമയും നാടകവും തമ്മില്‍ അന്തരങ്ങളില്ലേ?
സിനിമയുടെയും നാടകത്തിന്റെയും മീഡിയം രണ്ടാണ്. സിനിമ മേക്കിംഗാണ്. നാടകം പ്രോസസ്സാണ്. അരങ്ങില്‍ നടന്മാര് ചെയ്യുന്ന പ്രോസസ്സാണ് നാടകം. എന്നാല്‍ സിനിമയില്‍ ഷൂട്ടിംഗാണ് പ്രോസസ്. അതിനു ശേഷമാണത് മേക്കിംഗിലേക്ക് എത്തുന്നത്. രണ്ടും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. നാടകത്തില്‍ കാണികളും നടന്മാരും തമ്മില്‍ ഒരു ഗിവ് ആന്‍ഡ് ടേക്ക് എന്ന രീതിയാണ്. നാടകം അഭിനയിക്കുന്ന സമയത്ത് അതിനെ ഡിസ്ടര്ബ് ചെയ്യാന്‍ കാണികള്‍ക്ക് കഴിയും. പെട്ടെന്ന് ഒരു ശബ്ദം വരുമ്പോള്‍ അഭിനേതാക്കള്‍ മെക്കാനിക്കായി മാറാറുണ്ട്. നാടകം കാണുന്ന പ്രേക്ഷകനും അതില്‍ അവര്‍ പോലുമറിയാതെ പങ്കാളിയാകും. നാടകത്തില്‍ ബെറ്റര്‍ ചെയ്യാനുള്ള ഓപ്ഷനുണ്ട്. സിനിമയില്‍ അതില്ല.
സിനിമ സംവിധായകന്റെ കലയാണ്, നാടകം നടന്റെ കലയാണ്. ആ വ്യത്യാസം ശരിക്കുമുണ്ട്. സിനിമ ശരിക്കും കൗതുകത്തിന്റെ കലയാണ്. വലിയ ഇമേജുകള്‍ പെട്ടെന്നും തന്നെ ആളുകളുടെ മനസ്സില്‍ ആഴ്ന്നിറങ്ങാറുണ്ട്. വിഷ്വല്‍ ലാംഗ്വേജിലും ക്രാഫ്റ്റിലും വ്യത്യാസമുണ്ട്. പക്ഷേ അഭിനയം എന്നു പറയുന്നതില്‍ വ്യത്യാസമില്ല. പിന്നെ ഭയം, നാണം, അപകര്‍ഷതാബോധം എന്നിവയൊക്കെ എല്ലാ സ്പേസിലും ഉണ്ട്.
നാടകത്തില്‍ നിന്ന് പ്രശസ്തി നേടിയവരും വഴുതിപ്പോയവരും കുറവല്ലല്ലോ ?
അതിന് വലിയ ഒരു ഉദാഹരണമാണ് എന്‍.എന്‍.പിള്ള സാര്‍. ഒരുപാട് നല്ല നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹത്തെ കേരളത്തിലെ സാധാരണ തലമുറ അറിഞ്ഞത് ‘ഗോഡ്ഫാദര്’ എന്ന സിനിമയില്‍ അഭിനയിച്ച ശേഷമാണ്.
കാഴ്ചപ്പാടിന്റെ പ്രശ്നമാണത്. ഗുഡ്മാന് തിയേറ്ററൊക്കെ പോയി കാണണം. വിദേശത്ത് നാടക അഭിനേതാക്കള്‍ക്ക് സൂപ്പര്‍സ്റ്റാറിന്റെ വിലയാണ്. നമ്മളിപ്പോഴും കാശു കൊടുത്ത് നാടകം കാണാന്‍ ശ്രമിക്കാത്ത ആളുകളാണ്. പാസുണ്ടെങ്കില്‍ കാണാം എന്ന ആറ്റിറ്റ്യൂഡാണ് പലര്‍ക്കും. നാടകത്തോടു മാത്രമല്ല കലയോടും കലാകാരന്മാരോടുമുള്ള സമീപനം വളരെ കഷ്ടമാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ അതുമല്ലെങ്കില്‍ ഇന്ത്യ വിട്ടുള്ള സ്ഥലങ്ങളില്‍ അവര്‍ കൊടുക്കുന്ന വില വളരെ വലുതാണ്. ഇവിടെ അങ്ങനെയല്ല. കല പ്രൊഫഷനായി തെരഞ്ഞെടുക്കുന്നവരെ സംബന്ധിച്ചുള്ള വെല്ലുവിളി അതാണ്. ഇവിടെ കലയ്ക്ക് വിപണയില്ല. ഒരു ലക്ഷത്തിലധികം വരുമാനം നാടക കലാകാരന്മാര്ക്ക് കിട്ടുന്ന രാജ്യങ്ങളുണ്ട്. ഇവിടെ അങ്ങനെയല്ല. സാമ്പത്തികത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഒരു കലാകാരന്റെ വളര്‍ച്ചയെ കാണുന്നത്. അതിന് മാധ്യമമേഖലയ്ക്കും പങ്കുണ്ട്. ഒരാളൊരു പ്രതിഭയാണെന്ന് അറിയാമെങ്കിലും പ്രശസ്തനല്ലല്ലോ എന്ന ചിന്തയാണ് പലര്‍ക്കും. മികച്ച കലാകാരന്മാര് എത്രയൊക്കെ അവരുടെ കലാമേഖലയില്‍ തിളങ്ങിയാലും സിനിമയിലോ സീരിയലിലോ ഒന്ന് പ്രത്യക്ഷപ്പെട്ടാല്‍ മാത്രമേ അവരെ ആളുകള്‍ അന്വേഷിച്ചു പോകൂ. സിനിമയില്‍ അറിയപ്പെടുന്ന ആളാണെങ്കില്‍ അയാളുടെ നാടകം കാണാന്‍ പോകാം എന്ന ചിന്തയാണ് പലര്‍ക്കും. ഞാനൊരു നാടകനടന്‍ മാത്രമാണെങ്കില്‍ എന്നെയാരും ഇന്റര്‍വ്യൂ ചെയ്യില്ലല്ലോ. നാടകത്തിന് ആളു കൂടണമെങ്കില് പ്രശസ്തര്‍ അതിനുള്ളില്‍ വേണം. എന്റെയൊപ്പമുണ്ടായിരുന്ന ജ്യോതി ശങ്കറിന് അവാര്‍ഡ് കിട്ടിയപ്പോള്‍ പലരും എന്നെ വിളിച്ച് സംസാരിച്ചു, പണ്ടത്തെ ഒരു ഫോട്ടോ തരുമോ എന്നതായിരുന്നു അവരുടെ ആവശ്യം. അന്ന് ഞങ്ങളുടെ ഫോട്ടോ ആര് എടുത്തിട്ട് കിട്ടാനാണ്.
നാടകത്തിന്റെ വേദിയും പ്രേക്ഷകരും മാറിയിട്ടില്ലേ ?
പണ്ട് നാടകം അന്വേഷിക്കുന്ന ഒരു തലമുറയുണ്ടായിരുന്നു. വായനശാലകള്‍ ശക്തമായിരുന്നു. ഇന്നും അങ്ങനെയുള്ളവരുണ്ട്. പക്ഷേ വ്യത്യാസപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ അന്തരീക്ഷങ്ങള്‍, ജീവിതസാഹചര്യങ്ങള്‍, രീതികള്‍ എന്നിവ മാറുമ്പോള്‍ ചുറ്റുമുള്ളതെല്ലാം മാറുമല്ലോ. നാളിതു വരെ ജീവിച്ചിരുന്ന പ്രദേശങ്ങളില്‍ കലങ്ങി നിന്നവര്‍ വഴിമാറി മറ്റുള്ള സ്ഥലങ്ങളിലേക്ക് ജനങ്ങള്‍ ഒഴുകിത്തുടങ്ങിയതോടെ എല്ലാം മാറി. അതോടെ നാടകത്തിനും കാണികള്‍ കുറഞ്ഞു വന്നു. മൈതാനങ്ങള്‍ കുറഞ്ഞപ്പോള്‍ ഫുട്ബോള്‍, ക്രിക്കറ്റ് എന്നിവയൊക്കെ ഇല്ലാതായില്ലേ. അതുപോലെ തന്നെയാണത്. എങ്കിലും പുതിയ രീതിയില്‍ നാടകത്തെ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നവരുണ്ട്. ഇപ്പോഴത്തെ തലമുറയിലെ കുട്ടികള്‍ നാടകം ചെയ്യുമ്പോള്‍ പറയുന്നത് അവര്‍ക്ക് മൈതാനം പോലെയുള്ള കാണികള്‍ വേണ്ട എന്നാണ്. ഒരു മുറിക്കുള്ളില്‍ അഞ്ചാറു പേര്‍ക്ക് മാത്രമായി നാടകം കളിക്കാറുണ്ട്. ഗ്യാലറികളിലിരുന്ന് കാണേണ്ട നാടകങ്ങളുണ്ട്. ഓരോ നാടകങ്ങളും ആവശ്യപ്പെടുന്ന കാണികളുണ്ട്. ടിക്കറ്റെടുത്ത് തന്നെയാണ് നാടകം കാണുന്നത്. ഉത്സവപറമ്പുകളില്‍ നിന്ന് നാടകം മാറിത്തുടങ്ങിയിട്ടുണ്ട്. ഉത്സവപ്പറമ്പിലെത്തുന്ന പ്രേക്ഷകര്‍ അതിനെ സീരിയസ്സായി കാണുമെന്ന് എനിക്ക് തോന്നുന്നില്ല. വളരെ സീരിയസ്സായി അഭിനേതാക്കള്‍ അത് അവതരിപ്പിക്കുമ്പോള്‍ കാണികളും അതേ പ്രാധാന്യത്തോടെ കാണണം. അതവിടെ കിട്ടില്ല. നാടകത്തിന് വില കിട്ടണമെങ്കില്‍ അതേ പ്രാധാന്യത്തോടെ കാണുന്നവരും ഉണ്ടാകണം. അതുകൊണ്ട് ടിക്കറ്റെടുത്ത് നാടകം കാണുന്ന മാറ്റത്തിനൊപ്പം ചലിക്കാനാണ് എനിക്കിഷ്ടം. കഥാപാത്രം എന്നു പോലുമുള്ളത് മാറി. നടി നടന് എന്നൊക്കെയുള്ള മാറി ആക്ടേഴ്സ് എന്ന കാറ്റഗറിയാണ് അഭിനേതാക്കള്‍ക്കുള്ളത്.
ജീവിതത്തിന്റെ ഭാഗമാകണം കലകള്‍. വൈകുന്നേരങ്ങളുടെ ഭാഗമാകണമത് എങ്കില്‍ മാത്രമേ കലകാരന്മാര്ക്ക് വളരാന്‍ കഴിയൂ. ഇതൊരു സാംസ്കാരിക പ്രവര്‍ത്തനമാണെന്ന തിരിച്ചറിവ് മുതിര്‍ന്നവര്‍ക്ക് ഉണ്ടാകണം. അടുത്തെവിടെയെങ്കിലും ഒരു നല്ല കലാപരിപാടിയുണ്ടെങ്കില് അത് ടിക്കറ്റ് എടുത്തു പോയി കാണൂ എന്ന് കുട്ടികളോട് പറയണം. അങ്ങനെ പറഞ്ഞാല്‍ മാത്രമേ മക്കളില്‍ സാംസ്കാരിക അവബോധം ഉണ്ടാവൂ. എങ്കില്‍ മാത്രമേ കലകള്‍ക്ക് രാഷ്ട്രീയമായി ഇടപെടാന്‍ കഴിയൂ.
കുടുംബത്തിന്റെ പിന്തുണയും... വരാനിരിക്കുന്ന സിനിമകളും ?
കുടുംബത്തിന്റെ പിന്തുണ തന്നെയാണല്ലോ ഞാനിവിടെ പിടിച്ചു നില്‍ക്കാനുള്ള കാരണം. ഭാര്യ രശ്മി രാമചന്ദ്രന് ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥയാണ്. ശ്രീലക്ഷി ഡിഗ്രി ഫസ്റ്റ് ഇയര്‍ പഠിക്കുന്നു. സാമ്പത്തിക പിന്തുണ തരുന്നുണ്ട്.രശ്മി ട്രാന്‍സ്ഫര്‍ വാങ്ങി ഇവിടെ വന്നു നില്‍ക്കുന്നത് എന്നെ സപ്പോര്‍ട്ട് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ്. ജീവിതത്തിന്റെ എല്ലാ ഇഷ്ടങ്ങളും ആഗ്രഹങ്ങളും സാധിക്കണം എന്ന് പറഞ്ഞ് അവര്‍ തരുന്ന പിന്തുണയാണ് മുന്നോട്ടു നയിക്കുന്നത്.
1996 ല്‍ നാടകം പഠിക്കാനുള്ള തീരുമാനമാണ് ഇവിടം വരെ കൊണ്ടെത്തിച്ചത്. മലയാള സിനിമ ചെയ്യുന്നതിനിടയ്ക്ക് അന്യഭാഷ സിനിമകളും ചെയ്തിരുന്നു. ബിഗ് ബജറ്റ് സിനിമകളല്ല, സിമ്പിളായ കുഞ്ഞു സിനിമകള്‍. മലയാളത്തിലും അത്യാവശ്യം സിനിമകള്‍ കിട്ടുന്നുണ്ട്. ഒരുപാട് സിനിമകള്‍ റിലീസ് ചെയ്യാനുണ്ട്. കുറെയെണ്ണത്തില്‍ അഭിനയിക്കുന്നുമുണ്ട്.