
ന്യൂഡല്‍ഹി: ബോളിവുഡ് താരം ക്രിസ്റ്റിയന്‍ പെരേര മയക്കുമരുന്നുമായി യുഎഇ പോലീസിന്റെ പിടിയിലായ സംഭവത്തില്‍ നായിക ചതിക്കപ്പെടുകയായിരുന്നു എന്ന് മുംബൈ പോലീസ്. മുംബൈയിലെ ഒരു പാചകക്കാരനായ ആന്റണിപോള്‍ എന്നയാളായിരുന്നു പദ്ധതിക്ക് പിന്നിലെന്നും ഇയാള്‍ തയ്യാറാക്കിയ ഗൂഡ പദ്ധതിയിലാണ് നടി കുടുങ്ങിയതെന്നുമാണ് മുംബൈ പോലീസ് പറയുന്നത്.
മയക്കുമരുന്നുമായി പിടിയിലായതിനെ തുടര്‍ന്ന് നടിയെ യുഎഇ പോലീസ് ഷാര്‍ജാ ജയിലിലേക്ക് അയച്ചിരുന്നു. എന്നാല്‍ മുംബൈ പോലീസിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് നടിയെ ഷാര്‍ജയിലെ ലോ എന്‍ഫോഴ്സ്മെന്റ് മോചിപ്പിക്കുകയും ചെയ്തതായി മുംബൈ പോലീസ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ഹോളിവുഡ് വെബ്സീരീസില്‍ അവസരം നല്‍കാമെന്ന് പറഞ്ഞായിരുന്നു ആന്റണി പോള്‍ നടിയെ ഇരയാക്കിയത്.
മുംബൈയിലെ ബോറിവാലി സ്വദേശിയായ ആന്റണിപോള്‍ ഒരു ബേക്കറാണ്. ഇയാള്‍ക്ക് രാജേഷ് ബഭോട്ടേ എന്ന മറ്റൊരാളുടെ സഹായവും കിട്ടിയി. അതേസമയം ക്രിസ്റ്റിയനെ ഇരയാക്കും മുമ്പ് മറ്റു നാലുപേരെ കൂടി ആന്റണി സമാന രീതിയില്‍ കുരുക്കിയിട്ടുണ്ടെന്നും അഞ്ചാമത്തെയാളായിരുന്നു ക്രിസ്റ്റിയനെന്നും മുംബൈ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ നാലുപേര്‍ക്ക് എന്ത് സംഭവിച്ചു എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ബാന്ദ്രയില്‍ സ്കൂളും കോളേജും പൂര്‍ത്തിയാക്കിയ ശേഷം 2006 ല്‍ ഓസ്ട്രേലിയയിലേക്ക് പോയ ഇയാള്‍ 2012 ല്‍ ഓസ്ട്രേലിയയില്‍ താമസിച്ച് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് പഠിച്ചിരുന്നു. ആള്‍ക്കാരെ മയക്കുമരുന്ന് കടത്താന്‍ പദ്ധതിയുണ്ടാക്കി അറസ്റ്റ് ചെയ്യിച്ച് ഇരകളുടെ വീട്ടുകാരില്‍ നിന്നും പണം പിടുങ്ങുന്നതായിരുന്നു ഇയാളുടെ പരിപാടി. തന്റെ ഇരകളുടെ കൈവശം മയക്കുമരുന്ന് നല്കിയ ഇയാള്‍ തന്നെയാണ് പോലീസിന് വിവരം നല്‍കുന്നതും അവരെക്കൊണ്ടു അറസ്റ്റ് ചെയ്യിക്കുന്നതും.
ക്രിസ്ത്യന്‍ പെരേര ഷാര്‍ജയില്‍ അറസ്റ്റിലായതിന് പിന്നാലെ ഇയാള്‍ നടിയുടെ മാതാവിനെ വിളിച്ച് ഷാര്‍ജയില്‍ താരത്തിന് നിയമസഹായം ലഭ്യമാക്കാമെന്ന് പറഞ്ഞ് 80 ലക്ഷം രൂപ വാങ്ങിയിരുന്നു. രവി എന്ന് വിളിക്കപ്പെടുന്ന രാജേഷ് ബഭോട്ടെയെ പൊക്കാന്‍ കഴിഞ്ഞതാണ് ക്രിസ്റ്റിയന്റെ നിരപരാധിത്വം പുറത്തുവരാന്‍ കാരണമായത്. ഐഡിബിഐ ബാങ്കിന്റെ ഡപ്യൂട്ടി ജനറല്‍ മാനേജരായ ബഭോട്ടേയില് നിന്നും ആന്റണിപോള്‍ 15 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഈ പണം നല്‍കാമെന്ന് പറഞ്ഞാണ് ബഭാട്ടേയേയും പദ്ധതിയില്‍ ആന്റണി കൂട്ടിയത്.
അവസരം വാഗ്ദാനം ചെയ്ത് ഇരയുടെ കൈവശം മയക്കുമരുന്ന നല്കി ഷാര്‍ജയിലേക്ക് അയയ്ക്കാന്‍ പോകുകയായിരുന്നു എന്ന ആന്റണിയുടെ ഗൂഡപദ്ധതി തനിക്കറിയില്ലായിരുന്നു എന്നാണ് ബാഭോട്ടേ പറയുന്നത്. തന്റെ പണം തിരിച്ചുകിട്ടുമല്ലോ എന്നോര്‍ത്ത് പറഞ്ഞ പണികള്‍ ചെയ്തെന്നേയുള്ളെന്നും പറഞ്ഞു. യുഎഇ യില്‍ ഒരാള്‍ക്ക് കൊടുക്കണമെന്ന് പറഞ്ഞ് ആന്റണി നല്കിയ ട്രോഫിയില്‍ നിന്നും ചെറിയ അളവില്‍ മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്രിസ്റ്റിയന്‍ അറസ്റ്റിലായത്.
എപ്രില്‍ 1 ന് ഷാര്‍ജയില്‍ വന്നിറങ്ങിയത്. തന്റെ പേരില്‍ ബുക്ക് ചെയ്തിട്ടുള്ള ഹോട്ടല്‍ ഇവര്‍ ചെക്ക് ചെയ്തപ്പോള്‍ തന്നെ ചതി മനസ്സിലായിരുന്നു. ഹോട്ടലിന്റെ ബുക്കിംഗ് റെക്കോഡില്‍ താരത്തിന്റെ പേര് ഇല്ലായിരുന്നു. തുടര്‍ന്ന് ഇവര്‍ തന്നെ പോലീസില്‍ സമീപിക്കുകയായിരുന്നു. പരിശോധനയ്ക്ക് ഇടയില്‍ ട്രോഫിയില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തിയ പോലീസ് ഇവരെ അപ്പോള്‍ തന്നെ അറസ്റ്റും ചെയ്തു. ഈ സമയത്തും ക്രിസ്റ്റിയന്റെ അമ്മയെ വിശ്വസിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു ആന്റണി പോള്‍.
ബ്രേക്ക് അപ്പിന്റെ പേരിലും അസൂയയുടെ പേരിലും ജോലി സംബന്ധമായ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലുമെല്ലാം അഞ്ചു കേസുകള്‍ സമാനരീതിയില്‍ പോള്‍ നടത്തിയിട്ടുണ്ട്. ഇതില്‍ വിജയിച്ചിട്ടുള്ളത് ക്രിസ്റ്റിയന്റെ കാര്യത്തിലൂം ക്ളെയ്ട്ടണ്‍ റോഡ്രിഗ്രസിന്റെ പേരിലുമാണ്. ഇതില്‍ ക്രിസ്റ്റിയന്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടെങ്കിലും റോഡ്രിഗ്രസ് ഇപ്പോഴും ഷാര്‍ജയിലെ ജയിലിലാണ്. ആന്റണി പോളിന്റെ അടുപ്പമുള്ള യുവതിയുടെ കൂട്ടുകാരിയായിരുന്നു റോഡ്രിഗ്രസ്.
ജനുവരിയില്‍ മുമ്പ് കാമുകിയായിരുന്ന ഒരു ഫാഷന്‍ ഡിസൈനറെ ഷാര്‍ജയില്‍ കുടുക്കാനും ആന്റണി പരിപാടി തയ്യാറാക്കിയിരുന്നു. ഇരുവരും തമ്മില്‍ ബ്രേക്കപ്പ് ആയതിന് പിന്നാലെയായിരുന്നു ഇത്. യുഎഇ യില്‍ ഒരു വമ്പന്‍ ഫാഷന്‍ ഡിസൈനര്‍ക്ക് പരിപാടി നടത്താന്‍ താല്‍പ്പര്യമുണ്ടെന്നും അതില്‍ വേണമെങ്കില്‍ പങ്കെടുക്കാമെന്നും പറഞ്ഞായിരുന്നു സമീപിച്ചത്. ഇവര്‍ക്ക് മയക്കുമരുന്ന് വെച്ച ഒരു കേക്കും നല്കി. എന്നാല്‍ ആന്റണിയുടെ നീക്കത്തില്‍ സംശയം തോന്നിയ യുവതി അത് മുംബൈ എയര്‍പോര്‍ട്ടില്‍ തന്നെ വലിച്ചെറിഞ്ഞിരുന്നു.
അതിന് ശേഷം പോള്‍ ബോറിവാലിയിലെ ഒരു 21 കാരിയെ കഴിഞ്ഞ മാര്‍ച്ചില്‍ കുടുക്കാന്‍ നോക്കി. ഇവര്‍ക്കും നല്‍കിയത് ക്രിസ്റ്റിയനെ പോലെ മയക്കുമരുന്ന് വെച്ച ട്രോഫിയായിരുന്നു. എന്നാല്‍ ഈ യുവതിയും യാത്രയ്ക്ക് തൊട്ടുമുമ്പ് ട്രോഫി ചവറ്റുകുട്ടയില്‍ തള്ളിയതിനാല്‍ പദ്ധതി പൊളിഞ്ഞു.
പോളിന്റെ അടുത്ത പദ്ധതി ഒര 35 കാരനെതിരേയായിരുന്നു. പോളിന്റെ ബേക്കറിയില്‍ ജോലി ചെയ്തിരുന്നയാളും പോളുമായി ശത്രുത ഉണ്ടായിരുന്ന ഒരാളുടെ മകനായിരുന്നു ഇയാള്‍. മയക്കുമരുന്നു വെച്ച ട്രോഫി ഷാര്‍ജയിലേക്ക് കൊടുക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ വാങ്ങാന്‍ കൂട്ടാക്കയില്ല. ആ
പരാജയപ്പെട്ട ട്രോഫിയാണ് പിന്നീട് ക്രിസ്റ്റ്യനെ ഇരയാക്കാന്‍ പോള്‍ നല്‍കിയത്.
ക്രിസ്റ്റ്യന്‍ അറസ്റ്റിലായെങ്കിലും മുംബൈ പോലീസ് കൃത്യമായ വിവരങ്ങള്‍ നല്കിയതിനാല് ഒന്നോ രണ്ടോ ദിവസത്തിനകത്ത് നടിക്ക് ഷാര്‍ജാ ജയിലില്‍ നിന്നും മോചിതയാകാന്‍ കഴിഞ്ഞു. മഹേഷ്ഭട്ടിന്റെ സിനിമയായ ‘സഡക് 2’ വിലെ നായികയായിരുന്നു ക്രിസ്റ്റിയന്‍ പെരേര.






