
രാജകുമാരി: ചിന്നക്കനാല്‍ മേഖലയില്‍ നിന്നും കടത്തിയ അരികൊമ്പന് അരിയില്ലാത്ത പെരിയാര്‍ വനമേഖലയില്‍ മയക്കം വിട്ടുണര്‍ന്നു. പെരിയാര്‍ വനമേഖലയില്‍ ഒമ്പത് കിലോമീറ്റര്‍ ഉള്ളില്‍ ആന മയക്കത്തില്‍ നിന്നും പൂര്‍ണ്ണ വിമുക്തനായി. അരികൊമ്പനെ മെരുക്കാന്‍ കൊണ്ടുവന്ന കുങ്കിയാനകള്‍ ഇന്ന് മടങ്ങും. രണ്ട് ആനകളെ വയനാട്ടിലേക്ക് കൊണ്ടുപോകും.
പെരിയാര്‍ വനമേലയിലേക്ക് സ്ഥലം മാറ്റിയ അരികൊമ്പന്റെ ജിപിഎസ് കോളറില്‍ നിന്നും സിഗ്നലുകള്‍ കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്. വനം വകുപ്പിലെ വാച്ചര്‍മാര്‍ ആനയെ നിരീക്ഷിക്കുന്നുണ്ട്. ആന മയക്കം പൂര്‍ണ്ണമായും വിട്ട് ആഹാരം കഴിച്ചു തുടങ്ങിയിട്ടുണ്ട്. ആനയെ മാറ്റിയതില്‍ ശാന്തന്‍പാറ, ചിന്നക്കനാല്‍ പ്രദേശത്തെ കുടുംബങ്ങള്‍ ആശ്വസിക്കുന്നുണ്ടെങ്കിലും അരികൊമ്പന്റെ യാത്ര സങ്കടകരമായിരുന്നെന്ന് പ്രതികരിച്ചിരിക്കുന്നവരും ഏറെയാണ്.
അക്രമകാരിയായിരുന്നുവെങ്കിലും ചിന്നക്കനാലിന്റെ മണ്ണില്‍ ജനിച്ച് വളര്‍ന്ന അരിക്കൊമ്പന്റെ യാത്ര സങ്കടകരമായെന്നാണ് ഇവര്‍ പറഞ്ഞയ്. ഈ ആന പ്രദേശത്തെ ഭൂമാഫിയ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും തങ്ങള്‍ക്ക് കാവലായിരുന്നുവെന്നാണ് ഇവര്‍ പറയുന്ന ന്യായം. ഇതിനിടെ വാഹനത്തില്‍ അരിക്കൊമ്പനെ കയറ്റിയ സമയത്ത് ഈ പ്രദേശത്തിനു സമീപം അരിക്കൊമ്പനൊപ്പം ചുറ്റിത്തിരിഞ്ഞ സംഘത്തിലെ പിടിയാനയും കുട്ടിയാനയും എത്തിയതും കൗതുകമായി.
എന്നിരുന്നാലും ചിന്നക്കനാല്‍, ശാന്തന്‍പാറ പ്രദേശത്ത് പതിനെട്ട് വര്‍ഷം കൊണ്ട് 180 കെട്ടിടങ്ങളാണ് അരിക്കൊമ്പന്റെ ആക്രമണത്തില്‍ തകര്‍ന്നത്. ഇതില്‍ 23 എണ്ണം ഈ വര്‍ഷം തകര്‍ത്തതാണ്. കൃത്യമായ രേഖകളുള്ളതും നഷ്ട പരിഹാരത്തിന് വനംവകുപ്പില്‍ അപേക്ഷ ലഭിച്ചതുമായ കണക്ക് മാത്രമാണിത്. 2005 മുതല്‍ വീടും റേഷന്‍കടയും ഏലം സ്റ്റോറുമൊക്കെണ് ആന തകര്‍ത്ത കെട്ടിടങ്ങള്‍. ആക്രമണത്തില്‍ വീടുകളും മറ്റും തകര്‍ന്നു വീണ് മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു. നൂറിലധികം പേരുടെ ഏക്കറു കണക്കിന് സ്ഥലത്തെ കൃഷിയും നശിപ്പിച്ചിട്ടുണ്ട്.
ആനയിറങ്കല്‍, പന്നിയാര്‍ എന്നിവിടങ്ങളിലെ റേഷന്‍ കടകള്‍ പലതവണയാണ് അരിക്കൊമ്പന് തകര്‍ത്തത്. പല സ്ഥലത്തായി വാഹനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായെങ്കിലും നഷ്ടപരിഹാരത്തിന് അപേക്ഷ നല്കാത്തതിനാല് കണക്കിലുള്‍പ്പെടുത്തിയിട്ടില്ല. 2010 മുതല്‍ കഴിഞ്ഞ മാര്‍ച്ച് 25 വരെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലായി 29 പേരാണ് കാട്ടാനകളുടെ ആക്രമണത്തില്‍ മരിച്ചത്. ഇവയൊക്കെ പരിഗണിച്ചാല്‍ അക്രമകാരിയായ അരിക്കൊമ്പനെ പിടികൂടി മാറ്റിയത് ഏറെ ആശ്വാസകരമായിരിക്കുകയാണ്.






