
വിശപ്പ് സഹിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കഠിനമായി വിശന്നാല്‍ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കാതെ കയ്യില്‍ കിട്ടുന്നതെന്തും കഴിക്കാന്‍ ആളുകള്‍ തയ്യാറാകാറുണ്ട്. എന്നാല്‍ ആരെങ്കിലും ഇത്തരം ഒരു സാഹചര്യത്തതില്‍ ഒരു കോടി രൂപയോളം വരുന്ന പഴം കഴിക്കുമോ? കേള്‍ക്കുമ്പോള്‍ ഒന്നു ഞെട്ടുമെങ്കിലും ഇത്തരത്തില്‍ ഒരു സംഭവം അരങ്ങേറിയിരിക്കുകയാണ്. പഴം സാധാരണ വാഴപ്പഴം ആയിരുന്നെങ്കിലും ആര്‍ട്ട് ഇന്‍സ്റ്റലേഷന്റെ ഭാഗമായിരുന്നതിനാലാണ് ഇത്രയധികം വില ഉണ്ടായത്. ഇതിനു മുന്‍പ് സമാനമായ ഒരു കലാസൃഷ്ടി പോയത് 98 ലക്ഷം രൂപയ്ക്ക് മുകളിലാണ്. വിശപ്പ് സഹിക്കാന്‍ കഴിയാഞ്ഞ ഒരു വിദ്യാര്‍ത്ഥിയാണ് വിലപിടിപ്പുള്ള വാഴപ്പഴം കഴിച്ചിരിക്കുന്നത്.
ദക്ഷിണ കൊറിയയിലാണ് ഈ അപൂര്‍വ്വ സംഭവം നടന്നിരിക്കുന്നത്. പ്രശസ്തമായ സിയോളിലെ ലീയം മ്യൂസിയം ഓഫ് ആര്‍ട്ടിലെ ഇന്സ്റ്റോളേഷന്റെ ഭാഗമായിരുന്നു വാഴപ്പഴം. എന്നാല്‍ വിശന്നതിനെ തുടര്‍ന്ന് സിയോള്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാര്‍ത്ഥി വാഴപ്പഴമെടുത്ത് കഴിക്കുകയായിരുന്നു. രാവിലെ ഒന്നും കഴിച്ചില്ല, വിശക്കുന്നു എന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥി ഇത് ഭക്ഷിച്ചത്.
ഇറ്റാലിയന്‍ വിഷ്വല്‍ ആര്‍ട്ടിസ്റ്റ് മൗറിസിയോ കാറ്റെലന്റേതാണ് ഈ കോമേഡിയന്‍ ഇന്സ്റ്റലേഷന്, ഡക്ട് ടേപ്പ് ഉപയോഗിച്ച് ചുവരില്‍ ഒട്ടിച്ച നിലയിലുള്ള വാഴപ്പഴമാണ് ഈ സൃഷ്ടി. ഈ പഴമാണ് വിദ്യാര്‍ത്ഥി കഴിച്ചത്. വിദ്യാര്‍ത്ഥിയുടെ സുഹൃത്ത് തന്നെയാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നതും. സുഹൃത്ത് പിന്നീടത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
വീഡിയോയില്‍ നോ ഹുയ്ന് സോ എന്ന വിദ്യാര്‍ത്ഥി വാഴപ്പഴം എടുക്കുന്നതും കഴിക്കുന്നതും തിരികെ പഴത്തിന്റെ തൊലി അവിടെ തന്നെ ഒട്ടിച്ച് വക്കുന്നതും കാണാന്‍ സാധിക്കും. അപ്രതീക്ഷിതമായി ഉണ്ടായ സംഭവമായതിനാല്‍ വിദ്യാര്‍ത്ഥിക്കെതിരെ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അധികൃതരെ വിവരം അറിയിച്ചെങ്കിലും ആരും സംഭവത്തില്‍ പ്രതികരിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.






