
ന്യുഡല്‍ഹി: ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന് മേധാവി ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരെ സമരം നടത്തുന്ന ഗുസ്തി താരങ്ങളെ കാണാന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് പി.ടി ഉഷ എം.പിയെത്തി. 11 ദിവസമായി ജന്തര്‍ മന്തറില്‍ താരങ്ങള്‍ സമരം തുടരുകയാണ്. ഗുസ്തി താരങ്ങളായ സാക്ഷി മല്ലിക, വിനേഷ് ഫോഗട്ട്, ബജ്രംഗ് പുനിയ എന്നിവരുമായി പി.ടി ഉഷ ചര്‍ച്ച നടത്തി.
ചര്‍ച്ച കഴിഞ്ഞ മടങ്ങിയ പി.ടി ഉഷയുടെ വാഹനം ചിലര്‍ തടഞ്ഞു. കായിക താരങ്ങള്‍ക്ക് പിന്തുണയുമായി എത്തിയ ഒരു വിമുക്ത ഭടന്റെ നേതൃത്വത്തിലാണ് തടഞ്ഞത്. ഇവരെ പോലീസ് പിടിച്ചുമാറ്റി. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെയാണ് പി.ടി ഉഷ മടങ്ങിയത്.
നേരത്തെ താരങ്ങളുടെ സമരത്തിനെതിരെ പി.ടി ഉഷ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇതിനെതിരെ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഗുസ്തി ഫെഡറേഷനും അതിന്റെ മേധാവിക്കുമെതിരെ തെരുവില്‍ സമരം തുടങ്ങുന്നതിന് മുന്‍പ് താരങ്ങള്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെ സമീപിക്കണമായിരുന്നു. തെരുവിനെ സമരം രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് ദോഷം ചെയ്യുമെന്നുമായിരുന്നു പ്രതികരണം.
എന്നാല്‍ ഒരു വനിത കായിക താരമെന് നിലയില്‍ പി.ടി ഉഷ ഒരിക്കലും മറ്റ് വനിത താരങ്ങളെ ഒരിക്കലും കേട്ടിട്ടില്ലെന്ന് സാക്ഷി മല്ലിക് കുറ്റപ്പെടുത്തി. കുട്ടിക്കാലം മുതല്‍ അവരെ പിന്തുടരുകയും പ്രചോദനം ഉള്‍ക്കൊണ്ട് വളരുകയും ചെയ്തവരാണ് ഞങ്ങള്‍. എവിടെയാണ് അച്ചടക്കരാഹിത്യം. ഞങ്ങള്‍ വളരെ സമാധാനപരമായാണ് ഇവിടെ ഇരിക്കുന്നതെന്നും സാക്ഷി മാലിക് പറഞ്ഞു.






