
ഫാസ്ടാഗ് ഉപയോഗിച്ചുള്ള ടോള്‍ പിരിവിലൂടെ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് റെക്കോര്‍ഡ് വരുമാനം. ദേശീയപാത അതോറിറ്റി (എന്‍എച്ച്എഐ)യുടെ കീഴിലുള്ള ഹൈവേകളിലും എക്സ്പ്രസ് ഹൈവേകളിലും ടോള്‍ പിരിവ് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് എല്ലാ വാഹനങ്ങള്‍ക്കും ഫാസ്ടാഗ് നിര്‍ബന്ധമാക്കിയത്. ഫാസ്ടാഗ് സംവിധാനം ഒരു ഡിജിറ്റല്‍ ടോള്‍ പേയ്മെന്റ് സംവിധാനമാണ്. ടോള്‍ പ്ലാസകളിലെ നീണ്ട ക്യൂ കുറയ്ക്കുന്നതിനും ഇന്ധനം ലാഭിക്കുന്നതിനും വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ സംവിധാനം നടപ്പിലാക്കിയത്.
കഴിഞ്ഞ മാസം മാത്രം ദേശീയപാത അതോറിറ്റി 200 കോടിയോളം രൂപയാണ് ഫാസ്ടാഗ് ഉപയോഗിച്ചുള്ള ടോള്‍ പിരിവിലൂടെ നേടിയത്. എല്ലാ ദേശീയ പാതകളിലും എക്സ്പ്രസ് വേകളിലും 2021 ഫെബ്രുവരി മുതല്‍ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിവ് നടപ്പിലാക്കിയതിന് ശേഷം ഒറ്റ ദിവസം കൊണ്ട് എക്കാലത്തെയും ഉയര്‍ന്ന ടോള്‍ പിരിവാണ് കഴിഞ്ഞ മാസം ലഭിച്ചത്. ഒരു ദിവസം കൊണ്ട് 200 കോടി രൂപ ലഭിച്ചതെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.
ഫാസ്ടാഗ് സംവിധാനത്തിലൂടെയുള്ള പ്രതിദിന ടോള്‍ പിരിവ് ഏപ്രില്‍ 29-നാണ് ചരിത്രപരമായ ഒരു നേട്ടം കൈവരിച്ചത്. ടോള്‍ ഫീസായി ഏപ്രില്‍ 29 ന് മാത്രം 193.15 കോടി രൂപ പിരിച്ചതായി എന്‍എച്ച്എഐ അറിയിച്ചു. അതേ ദിവസം രേഖപ്പെടുത്തിയ മൊത്തം 1.16 കോടി ഇടപാടുകളില്‍ നിന്നുമാണ് ഈ തുക ലഭിച്ചത്.
ഫാസ്ടാഗ് ഉപയോഗിക്കുന്ന ടോള്‍ പ്ലാസകളുടെ എണ്ണം 770ല്‍ നിന്ന് 1,228 ആയി ഉയര്‍ന്നു. സംസ്ഥാന ഏജന്‍സികള്‍ നടത്തുന്ന ടോള്‍ പ്ലാസകളാണ് ഇതില്‍ 339 എണ്ണം. ഇന്ത്യയില്‍ നിലവില്‍ ഏഴ് കോടിയോളം ഫാസ്ടാഗ് ഉപഭോക്താക്കളുണ്ട് എന്നാണ് കണക്കുകള്‍. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഇപ്പോള്‍ ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം അഥവാ ജിഎന്‍എസ്എസ് അടിസ്ഥാനമാക്കിയുള്ള ടോളിംഗ് സംവിധാനം നടപ്പിലാക്കാന്‍ തയ്യാറെടുക്കുകയാണ്. ഇത് ഫാസ്ടാഗിനെക്കാള്‍ പുരോഗമിച്ചതും ടോള്‍ പ്ലാസകളുടെ ആവശ്യകത തന്നെ ഇല്ലാതാക്കുന്നതുമാണ്.






