
ഇന്ത്യാ-പാകിസ്താന് അതിര്‍ത്തിയിലെ ബാര്‍മര്‍ പെട്രോളിനും കല്‍ക്കരിയ്ക്കും പാചകവാതകത്തിനും പേരുകേട്ട നാാണ്. രാജസ്ഥാനില്‍ രണ്ടാമതായി മരുഭൂമി ഏറ്റവും നീണ്ടു കിടക്കുന്നതും ഇവിടെയാണ്. എന്നാല്‍ വിചിത്രമായ ഒരു കാര്യത്തിനാണ് ഇവിടം ഇപ്പോള്‍ കുപ്രസിദ്ധി നേടിക്കൊണ്ടിരിക്കുന്നത്. വീട്ടിലേക്ക് വിവാഹം കഴിച്ചുകൊണ്ടുവരുന്ന സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്ന കാര്യത്തി. സ്ത്രീകള്‍ കിണറ്റിലും വീട്ടിലെ വാട്ടര്‍ടാങ്കിലും ചാടി മരിക്കുന്നതിന്റെ 50 കേസുകളാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കിണറ്റിലോ ജലാശയങ്ങളിലോ ചാടിയുളള മരണങ്ങളാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ചില കേസുകളില്‍ കുട്ടികളെയുമെടുത്താണ് ആത്മഹത്യ. ഏപ്രില്‍ 9 ന് 20 കാരി മമത എന്ന പെണ്‍കുട്ടി മരണപ്പെട്ടതാണ് ബാര്‍മറില്‍ ഏറ്റവും അവസാനമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തനിക്കൊപ്പം കിടന്നുറങ്ങിയിരുന്ന ഭാര്യയെ പുലര്‍ച്ചെ കാണാതായതിനെ തുടര്‍ന്ന് 27 കാരനായ ഹനുമാന് റാം വൈകിട്ട് വരെ തെരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കാല്‍പ്പാട് വെച്ച് നടത്തിയ പരിശോധനയില്‍ സമീപത്തെ കിണറ്റില്‍ ചാടിയതായി കണ്ടെത്തി.
ആത്മഹത്യ പെരുകിയ സാഹചര്യത്തില്‍ അധികൃതര്‍ സ്ഥലത്തെ കിണറുകളും മറ്റും അടച്ചുവെച്ചിരുന്നു. അത്തരം കിണറുകളില്‍ ഒന്നിലെ ചെറിയ വിടവിലൂടെയായിരുന്നു മമത ചാടിയത് രണ്ടു മണിക്കൂറിന് ശേഷം കോണ്‍ക്രീറ്റ് തുരന്ന് ഇവരുടെ മൃതദേഹം പുറത്തെടുത്തു. 2019 ന് ശേഷമാണ് ഇവിടെ ആത്മഹത്യപ്രേരണ പകര്‍ച്ചവ്യാധിയായി പടര്‍ന്നതെന്ന് ജില്ലാ ഭരണകൂടം പറയുന്നു. മിക്കതും ഒരാള്‍ ചെയ്തതിലെ പ്രേരണയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് മനശ്ശാസ്ത്ര വിദഗ്ദ്ധരും പറയുന്നു.
രാജ്യത്തിന്റെ അനുപാതത്തേക്കാള്‍ കൂടുതലാണ് ഇവിടുത്തെ ആത്മഹത്യ. വര്‍ഷം തോറും കൂടിക്കൂടി വരികയും ചെയ്യുന്നു. 2019 ല്‍ 48 യുവതികളാണ് ആത്മഹത്യ ചെയ്തത്. 2020 ല്‍ അത് 54 ആയും 2021 ല്‍ 64 ായിട്ടുമാണ് ഉയര്‍ന്നത്. ഇവിടുത്തെ 60 ശതമാനം ആത്മഹത്യകളും കിണറ്റില്‍ ചാടിയായിരുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടികളുടെ ജീവന് രക്ഷിക്കാന്‍ അന്മോല് ജീവന് എന്ന പേരില്‍ ജില്ലാഭരണകൂടം 2021 ഒക്ടോബര്‍ 10ന് ഒരു പ്രചരണം നടത്തിയിരുന്നു.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ്പ്ലൈന്, നാട്ടുകാരെ അപായസൂചനകള്‍ തിരിച്ചറിയാന്‍ പഠിപ്പിക്കല്‍, മരണങ്ങള് സെന്സേഷനലുകള് ആക്കാതിരിക്കാന്‍ യൂട്യൂബര്‍മാരോട് അപേക്ഷിക്കല്‍ എന്നിവയൊക്കെ നടപ്പാക്കുകയും പുറമേ നാട്ടിലെ കിണറുകളെല്ലാം കോണ്‍ക്രീറ്റ് പാളികളാല്‍ മൂടുകയും അതില്‍ ഹാന്ഡ്പൈപ്പുകള് സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ എല്ലാമാസവും ഹെല്പ്പലൈനിലേക്ക് 15 മുതല്‍ 20 കോളുകള്‍ വരെയാണ് വന്നിരുന്നത്. ഇതില്‍ സ്ത്രീകള്‍ മാത്രമല്ല. ചിലപ്പോള്‍ കുട്ടികളും സഹായം തേടിയിരുന്നു. ഇതിന്റെ ഫലമായി 2022 ല്‍ ആത്മഹത്യയുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. എന്നിരുന്നാലും ഈ വര്‍ഷം ഇതുവരെ 37 ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 42 ശതമാനമാണ് കുറഞ്ഞത്.
ആത്മഹത്യയ്ക്ക് കാരണമായി പറയുന്നത് വഴിവിട്ട ബന്ധങ്ങള്‍, ബാല വിവാഹം, പ്രിയപ്പെട്ടവരുടെ മാനസീക പീഡനം, ഗാര്‍ഹിക പീഡനം, മറ്റുള്ളവര്‍ ചെയ്യുന്ന ആത്മഹത്യകളിലെ സ്വാധീനം എന്നിവയെല്ലാമാണെന്നും സ്ത്രീധന പ്രശ്നങ്ങള്‍, വരള്‍ച്ച, കടം എന്നിവയെല്ലാം അനുബന്ധ ഘടകങ്ങളുമാകുന്നുണ്ടെന്നും ഗ്രാമത്തലവന്മാര് നടത്തിയ സര്‍വേകള്‍ വ്യക്തമാക്കുന്നു.
മമതയുടെ ആത്മഹത്യയ്ക്ക് പല കാരണങ്ങളുണ്ട്. കാഗുവ ഗ്രാമത്തില്‍ നിന്നുള്ള മമ്തയെ 2020 ലാണ് കൂലിപ്പണിക്കാരനായ ഹനുമാന് വിവാഹം കഴിച്ചത്. ഭര്‍ത്തൃവീട്ടില്‍ മമത സന്തോഷവതി ആയിരുന്നില്ലെന്നും ഭാര്യയും ഭര്‍ത്താവും തമ്മില്‍ എപ്പോഴും വഴക്കായിരുന്നെന്നും ഗ്രാമത്തിലുള്ളവര്‍ പറയുന്നു. ഇതോടെ മറ്റുള്ളവരെപ്പോലെ ഗ്രാമത്തില്‍ അനേകര്‍ ആശ്രയിക്കുന്ന കിണര്‍ മമതയും തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം തവണ നടത്തിയ ശ്രമത്തിലാണ് മമത വിജയിച്ചത്. ആദ്യം മരത്തില്‍ കെട്ടിത്തൂങ്ങാന്‍ ശ്രമിച്ചെങ്കിലും കയര്‍ പൊട്ടി വീണിരുന്നു. ഇതേ തുടര്‍ന്ന് പരിക്കേറ്റ മമതയെ ജോധ്പൂരിലെ എംഡിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മാസം അവിടെ കിടന്ന് ഒരു ലക്ഷം രൂപ ചികിത്സാചെലവായി. ഇത് നല്‍കിയത് ഹനുമാനായിരുന്നു.
തൊഴിലുറപ്പ് പണിക്ക് കീഴില്‍ ഒന്നരലക്ഷം രുപ മുടക്കി നിര്‍മ്മിച്ച 5000 ലിറ്റര്‍ ശേഷിയുള്ള കിണറാണ് മമത ആത്മഹത്യയ്ക്ക് തെരഞ്ഞെടുത്തത്. 2021 - 22 ല്‍ ബാര്‍മറില്‍ 16,433 കിണറുകളാണ് നിര്‍മ്മിക്കപ്പെട്ടത്. ആ വര്‍ഷം 64 സ്ത്രീകളാണ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. ആത്മഹത്യാ സ്വാധീനം ഇവിടെ കൂടുതലാണെന്നും ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുള്ള യു ട്യൂബ് ചാനലുകളിലെ വാര്‍ത്തകള്‍ വലിയ സ്വാധീനമായി ഇവിടെ മാറുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു. ഇതിന് പുറമേ സാമൂഹ്യ ഇടപെടലുകളും മറ്റൊരു കാരണമായി മാറുന്നുണ്ട്.
32 ലക്ഷം പേരുള്ള ബാര്‍മറിലെ ഭൂമിശാസ്ത്രം തന്നെ ജീവിതസാഹചര്യത്തിന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. വീടുകള്‍ തമ്മില്‍ ഒരു കിലോമീറ്റര്‍ അകലം വരെയുള്ള സ്ഥലങ്ങളുണ്ട്. ഇതിന് പുറമേയാണ് കുടിയേറ്റ പ്രശ്നങ്ങള്‍, തൊഴിലില്ലായ്മ, വരള്‍ച്ച, കടം എന്നിങ്ങനെ മാനസീക ബുദ്ധിമുട്ട് രൂക്ഷമാക്കുന്ന മറ്റു കാര്യങ്ങള്‍ ഉണ്ടാകുന്നതും. സാമൂഹികമായ ചില ആചാരങ്ങളും കുടുംബത്തിലെ ചില രീതികളുമെല്ലാം ആത്മഹത്യയിലേക്ക് വഴി വെക്കുന്നുണ്ട്.
കുടുംബങ്ങളിലെ പെണ്‍കുട്ടികളെ വിവാഹത്തിനായി പരസ്പരം മാറുക, ബാലവിവാഹം, നഷ്ടപ്രണയം, ഇഷ്ടമില്ലാഞ്ഞിട്ടും വീട്ടുകാര്‍ പിടിച്ചു വിവാഹം കഴിപ്പിക്കുക എന്നിവയും മറ്റു കാരണങ്ങളായി മാറാറുണ്ടെന്നും ഹെല്‍പ്പ് ലൈനും മറ്റും കൈകാര്യം ചെയ്യുന്ന വിദഗ്ദ്ധരും പറയുന്നു. ജില്ലാഭരണകൂടം നടത്തിയ സര്‍വേയിലെ ചില കണ്ടെത്തലുകളും വിചിത്രമാണ്. ഒരു വീട്ടില്‍ ഒരു പുരുഷനും അയാളുടെ മരുമകളും മകനും ആത്മഹത്യ ചെയ്തു. ഇവര്‍ക്കിടയിലെ ത്രികോണ പ്രണയമായിരുന്നത്രേ 2022 ല്‍ നടന്ന ആത്മഹത്യയ്ക്ക് കാരണം. മറ്റൊരു കേസില്‍ ഭാര്യാമാതാവും മകളുടെ ഭര്‍ത്താവും തമ്മിലുള്ള പ്രണയം ഇരുവരുടേയും ആത്മഹത്യയ്ക്ക് കാരണമായി. ഇനിയൊരു കേസില്‍ ഗുജറാത്തിലും മഹാരാഷ്ട്രയിലും ജോലിക്ക് പോയ ഭര്‍ത്താവിന്റെ വീട്ടില്‍ തനിച്ചായ ഭാര്യയുടെ വഴിവിട്ട ബന്ധം ആത്മഹത്യയ്ക്ക് കാരണമായി.
ഭര്‍ത്താവിന് പോകുന്നിടത്ത് ഒരു പങ്കാളി ഉണ്ടാകും. വീട്ടില്‍ തനിച്ചായ ഭാര്യയുടെ ചുമതല കുട്ടികളെ വളര്‍ത്തലാണ്. പലപ്പോഴും ഭര്‍ത്താവ് ഏഴോ എട്ടോ മാസം പുറത്തായിരിക്കും. ഈ സമയത്ത് കുടുംബത്തിലുള്ള ഒരാളുമായി തന്നെ സ്ത്രീകള്‍ ബന്ധം ഉണ്ടാക്കും. ഇത് പിന്നീട് നാണക്കേടിലേക്ക് നയിക്കപ്പെടുന്ന സാഹചര്യത്തില്‍ ആത്മഹത്യയില്‍ അഭയം തേടും. 2022 ജനുവരിയില്‍ ഗര്‍ഭിണിയായ ഒരു 25 കാരി കിണറ്റില്‍ ചാടി. ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കൗണ്‍സിലിംഗ് ചെയ്തപ്പോള്‍ പറഞ്ഞത് ഭര്‍ത്താവ് എപ്പോഴും പോയി ചാകാന്‍ പറയുമെന്നായിരുന്നു.
ജേഷ്ഠന്റെ ഭാര്യയുമായുള്ള ബന്ധത്തിന്റെ പുറത്താണ് ഭര്‍ത്താവിന് തന്നോട് സ്നേഹമോ താല്‍പ്പര്യമോ ബഹുമാനമോ ഇല്ലാത്തതെന്നായിരുന്നു യുവതിയുടെ പരാതി. ശാരീരികമായി വൈകല്യമുള്ള ഈ സ്ത്രീയ്ക്ക് വിവാഹം കഴിക്കേണ്ടി വന്നത് തന്നേക്കാള്‍ 15 വയസ്സ് മൂപ്പുള്ള ആളെയായിരുന്നു. കൗണ്‍സിലിംഗില്‍ ഭര്‍ത്താവിനെ വിളിച്ച ശേഷം ഇവര്‍ ഇപ്പോള്‍ ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക)






