ന്യുഡല്‍ഹി: എന്‍സിപി അധ്യക്ഷ സ്ഥാനത്തുനിന്നുള്ള ശരത് പവാറിന്റെ അരപതീക്ഷിത രാജി പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടി ഓഫീസില്‍ അരങ്ങേറുന്ന നാടകത്തിന് അറുതിയില്ല. ശരത് പവാറിന്റെ രാജി പാര്‍ട്ടി സമിതികള്‍ തള്ളി. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള 18 അംഗ സമിതിയുടെ യോഗത്തിലാണ് തീരുമാനം. ശരത് പവാര്‍ രാജി പിന്‍വലിക്കണമെന്ന തീരുമാനത്തില്‍ സമിതി ഒറ്റക്കെട്ടായി നിന്നുവെന്ന് മുതിര്‍ന്ന പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കി.
എന്‍സിപി അധ്യക്ഷ സ്ഥാനത്ത് പവാര്‍ തന്നെ തുടരണമെന്ന് എന്‍സിപിയുടെ ഒരു വിഭാഗം യുവജന നേതാക്കളും രംഗത്തെത്തി. പവാര്‍ അല്ലാതെ മറ്റാരും തങ്ങള്‍ക്ക് മുന്നിലില്ലെന്ന് യുവ എംഎല്‍എ ഛഗന്‍ ഭുജ്ബല്‍ പറഞ്ഞു.
പവാര്‍ രാജി പിന്‍വലിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് അടക്കമുള്ള പ്രതിപക്ഷ നേതാക്കളും രംഗത്തെത്തി. 2024ലെ പൊതുതിരഞ്ഞെടുപ്പും പ്രതിപക്ഷ കക്ഷികളിലെ ഐക്യ സാധ്യതയും മുന്നില്‍ കണ്ടാണ് മുതിര്‍ന്ന നേതാവായ ശരത് പവാറിനെ രാജിയില്‍ നിന്ന് പിന്തിരിപ്പിക്കാന് നേതാക്കളുടെ ശ്രമം.
അതേസമയം, എന്‍സിപി നേതൃസമിതിയുടെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്നാണ് പവാറിന്റെ നിലപാട്. പവാറിന്റെ രാജി നേതൃസമിതി തള്ളിയ സാഹചര്യത്തില്‍ അദ്ദേഹം പൊതുതിരഞ്ഞെടുപ്പ് വരെയെങ്കിലും സ്ഥാനത്തു തുടര്‍ന്നേക്കുമെന്നാണ് സൂചന.






