
യുഎസ് വിദേശകാര്യമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലെ സൈബര്‍ സുരക്ഷാ ഭീഷണി കണ്ടെത്തി മലയാളി യുവാവ്. ഹരിശങ്കര്‍ എന്ന മൂവാറ്റുപുഴ സ്വദേശിയാണ് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നാഷണല്‍ സെക്യൂരിറ്റി റിവാര്‍ഡ്സ് പ്രോഗ്രാമായ റിവാര്‍ഡ്സ് ഫോര്‍ ജസ്റ്റിസ് പ്ലാറ്റ്ഫോമിലെ സുരക്ഷാ വീഴ്ച കണ്ടെത്തി അധികൃതരെ അറിയിച്ചത്.
റിവാര്‍ഡ്സ് ഫോര്‍ ജസ്റ്റിസ് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാവുന്ന വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് പാരിതോഷികം നല്കുന്ന സംവിധാനമാണ്. ഹരിശങ്കര്‍ ഈ വിഭാഗത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലെ സബ് ഡൊമൈന്‍ ഹാക്കര്‍മാര്‍ക്ക് ദുരുപയോഗം ചെയ്യാന്‍ സാധിക്കുമായിരുന്ന സുരക്ഷാവീഴ്ചയാണ് കണ്ടെത്തിയത്.തുടര്ന്ന്ഇക്കാര്യം മാര്‍ച്ച് 25-ന് തന്നെ റിവാര്‍ഡ് ഫോര്‍ ജസ്റ്റിസിനേയും യു.എസ്എയ്ഡ് വിഡിപി യേയും അറിയിച്ചു. ഉടന്‍ അധികൃതര്‍ പെട്ടെന്ന് തന്നെ പ്രശ്നം പരിഹരിക്കുകയായിരുന്നു.
ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണ് സ്കൂള്‍ പഠന കാലത്ത് ഹരിശങ്കര്‍ ഹാക്കിങ് പോലുള്ള സാങ്കേതികവിദ്യകള്‍ പഠിച്ചെടുത്തത്. പ്ലസ് വണിന് പഠിക്കുമ്പോള്‍ ഇദ്ദേഹം ഗൂഗിള്‍ ഡാറ്റാബേസില്‍ രഹസ്യമാക്കിവെച്ച വ്യക്തിവിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കുമെന്ന് കണ്ടെത്തിയിരുന്നു. അന്ന് ഹാള്‍ ഓഫ് ഫെയിമിന് അര്‍ഹനായ ഏറ്റവും പ്രായം കുറഞ്ഞ മലയാളിയായിരുന്നു ഹരിശങ്കര്‍.
ഇദ്ദേഹം ഗൂഗിള്‍, മീഡിയാ ഫയര്‍, ഇന്റല്‍ തുടങ്ങിയ അന്താരാഷ്ട്ര കമ്പനികളുമായി ചേര്‍ന്ന് അവരുടെ സേവനങ്ങളിലെ സുരക്ഷാ പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഹരിശങ്കറിനെ രണ്ട് തവണയാണ് ഗൂഗിള്‍ ഹാള്‍ ഓഫ് ഫെയിം തേടിയെത്തിയത്.






