
ടെഹ്റാന് : ഖുറാന് കത്തിക്കല്‍ ഉള്‍പ്പെടെ മതനിന്ദയുമായി ബന്ധപ്പെട്ട കുറ്റത്തിന് രണ്ടുപേരെ ഇറാന് തൂക്കിലേറ്റി. സദ്രോള്ളാ ഫസേലി സറ, യൂസുഫ് മെഹര്‍ദാദ് എന്നിവര്‍ക്കെതിരേ മദ്ധ്യ ഇറാനിലെ അരാക്ക് ജയിലില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ശിക്ഷ നടപ്പാക്കിയത്.
മതത്തെയും പ്രവാചകനെയും ഖുറാനിലെ എഴുത്തുകളെയും വിമര്‍ശിക്കുകയും നിന്ദിക്കുകയും ചെയ്തെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. ഇസ്ളാമിക വിദ്വേഷം പരത്തുന്ന അനേകം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് ഇരുവരും നടത്തിയിരുന്നതായി ഇറാന് നീതിന്യായ വിഭാഗത്തിന്റെ ഓണ്‍ലൈന്‍ വിഭാഗമായ മിസാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മൂന്ന് വര്‍ഷംമുമ്പ് പേരില്ലാത്ത ഒരു ഗ്രൂപ്പ് അശ്ളീല കണ്ടന്റുകള്‍ പ്രസിദ്ധീകരിച്ചതിന് ചിലര്‍ക്ക് എതിരേ കേസെടുത്തിരുന്നു. ഇവരില്‍ ഒരാള്‍ മെഹ്റദാദ് ആയിരുന്നു. ഇസ്ളാമിനും പ്രവാചകനും എതിരേയും യുക്തിവാദം പ്രോത്സാഹിപ്പിക്കുന്നതുമായ കണ്ടന്റുകള്‍ പ്രചരിപ്പിക്കുന്ന 15 ഓണ്‍ലൈന്‍ ഗ്രൂപ്പിന്റെ അഡ്മിനിസ്ട്രേറ്റര്‍ മെഹര്‍ദാദ് ആയിരുന്നെന്നാണ് അന്ന് കണ്ടെത്തിയത്.
മെഹര്‍ദാദ് 20 ലധികം മതവിരുദ്ധ ഓണ്‍ലൈനുകള്‍ നടത്തുന്ന ഫസേലി സാറേയുമായി സഹകരിച്ചിരുന്നതായും കണ്ടെത്തി. ഇസ്ളാമിന്റെ വിശുദ്ധഗ്രന്ഥമായ ഖുറാന് കത്തിക്കുന്നതിന്റെ വീഡിയോ മെഹര്‍ദാദിന്റെ ഫോണില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇത് ഇയാള്‍ വ്യാപകമായി ഷെയര്‍ ചെയ്യുകയും ഉണ്ടായതായി ഇറാനിയന്‍ നീതിന്യായ വിഭാഗം പറഞ്ഞു.
'ഇസ്ളാമത വിമര്‍ശനവും അതിലെ അന്ധവിശ്വാസങ്ങളും' എന്ന പേരില്‍ ഒരു ടെലിഗ്രാം ചാനല്‍ നടത്തിയതിന് 2020 ലാണ് രണ്ടുപേരും അറസ്റ്റിലായത്. 2021 ല്‍ ഇരുവര്‍ക്കും അറാക് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചിരുന്നു. ദേശീയ സുരക്ഷയ്ക്ക് എതിരായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആറു വര്‍ഷത്തെ തടവും വിധിച്ചിരുന്നു. പിന്നാലെ ഇരുവരും അപ്പീലിന് പോയെങ്കിലും ശിക്ഷ ശരിവെച്ച് ഇവരുടെ അപ്പീല്‍ സുപ്രീംകോടതി തള്ളുകയും ചെയ്തു.
അതേസമയം വധശിക്ഷ അന്താരാഷ്ട്രവേദിയില്‍ വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ഇറാനിലെ നീതിന്യായ വ്യവസ്ഥിതി അഭിപ്രായസ്വാതന്ത്ര്യത്തെ അപമാനിക്കുന്നതാണെന്നാണ് ഉയര്‍ന്നിട്ടുള്ള ആക്ഷേപം. മതനിന്ദയുടെ പേരില്‍ യൂസുഫിനെയും സദ്രോള്ളയെയും തൂക്കിലേറ്റിയത് മദ്ധ്യകാലഘട്ടത്തിലെ വികൃതമായ രീതി ആണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള ഗൗരവതരമായ അപമാനിക്കലാണെന്നും മനുഷ്യാവകാശ വിഭാഗം പറയുന്നു.
വധശിക്ഷ നടപ്പിലാക്കുന്ന കാര്യത്തില്‍ അന്താരാഷ്ട്രവേദിയില്‍ ചൈനയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുണ്ട് ഇറാന്. ഇൗ വര്‍ഷം തുടങ്ങിയ ശേഷം 200 പേരെയാണ് അവര്‍ തൂക്കിലേറ്റിയത്. കഴിഞ്ഞയാഴ്ച മാത്രം 42 പേരെ ഇറാന് വധിച്ചിരുന്നു. ആറ് മണിക്കൂറില്‍ ഒരാള്‍ എന്ന ക്രമത്തിലാണ് ഇറാന് വധശിക്ഷ നടപ്പാക്കുന്നത്. കഴിഞ്ഞവര്‍ഷം 582 വധശിക്ഷയാണ് നടപ്പാക്കിയത്.






