
ഷാഡോ പൊലീസ് പരിശോധന സിനിമാ സെറ്റുകളില്‍ നടത്തുന്നതില്‍ തെറ്റില്ലെന്ന് നടി നിഖില വിമല്‍. ഫെഫ്ക പോലുള്ള സംഘടനകളാണ് ഇത്തരം കാര്യങ്ങളെ കുറിച്ചുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടത്. ഒരാളുടെ ലഹരി ഉപയോഗം മറ്റുള്ളവര്‍ക്ക് ശല്യമാകുന്നെങ്കില്‍ തീര്‍ച്ചയായും ലഹരി നിരോധിക്കുക തന്നെയാണ് വേണ്ടത്. ലഹരി വിരുദ്ധ നടപടി സിനിമാ സെറ്റുകളില്‍ നടപ്പിലാക്കേണ്ടത് തീര്‍ത്തും അനിവാര്യമാണെന്നും താരം പറഞ്ഞു.
'മദ്യവും ലഹരിയാണ്. എന്നാല്‍ മദ്യം എവിടെയും നിരോധിച്ചിട്ടില്ല. സിനിമാസെറ്റുകളിലെ ലഹരി ഉപയോഗം മറ്റുള്ളവര്‍ക്ക് ശല്യമാകുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും നിയന്ത്രിക്കണം. മദ്യവും, മയക്കുമരുന്നും ഉപയോഗിക്കണോ വേണ്ടയോ എന്നത് ഓരോരുത്തരുടേയും തിരഞ്ഞെടുപ്പാണ്. എന്നാല്‍ ഞാന്‍ അഭിനയിച്ച സിനിമയുടെ സെറ്റുകളില്‍ ഇതുവരെ ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല. അത്തരം അനുഭവങ്ങള്‍ എനിയ്ക്കില്ല ,' നിഖില വിമല്‍ പറഞ്ഞു.
ഇത് മാത്രമല്ല പണ്ട് ഒരു പ്രത്യേക സാഹചര്യത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ച് മാധ്യമങ്ങള്‍ തനിക്കെതിരെ പ്രചരിപ്പിച്ചുവെന്നും നിഖില വിമല്‍ പറഞ്ഞു. പ്രത്യേക മതവിഭാഗത്തിലെ സ്ത്രീകളെക്കുറിച്ച് താന്‍ ഒന്നും പറഞ്ഞിട്ടില്ല. ഓരോ നാടിന്റെയും പ്രത്യേകതകളെക്കുറിച്ച് സംസാരിക്കുകയാണ് ചെയ്തത്. ഇതില്‍ ഒരുവരിമാത്രം എടുത്ത് വെറുതെ വിവാദങ്ങള്‍ ഉണ്ടാക്കിയത് മാധ്യമങ്ങളാണ്. തന്റെ പ്രതികരണം ഇതു വരെ ആരും തന്നെ ആ വിഷയത്തില്‍ ചോദിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇതേത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ ഉണ്ടായ വിവാദങ്ങളില്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്നും സമൂഹത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ പരിഹരിക്കേണ്ടത് മാധ്യമങ്ങള്‍ തന്നെയാണെന്നും നിഖില പറഞ്ഞു.
സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം തടയുന്നതിനുള്ള അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സേതുരാമന് അറിയിച്ചു. ഷാഡോ പൊലീസിനെ ലൊക്കേഷനുകളില്‍ വിന്യസിക്കും, കൂടാതെ ലഹരി ഉപയോഗം സംബന്ധിച്ച് വിവരം ലഭിച്ചാല്‍ വേണ്ടി വന്നാല്‍ റെയ്ഡ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതുവരെ ആരില്‍നിന്നും പൊലീസിന് പരാതികള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല എന്നും സേതുരാമന് വ്യക്തമാക്കി.






