
ന്യുഡല്‍ഹി: ഡല്‍ഹിയുടെ അധികാരം സംബന്ധിച്ച് കേന്ദ്രവുമായുള്ള തര്‍ക്കത്തില്‍ ഡല്‍ഹി സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ആധികാരിക വിജയം. ഡല്‍ഹിയുടെ അധികാരം ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് തന്നെയാണെന്ന് സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി ചൂണ്ടിക്കാട്ടി.
ഭരണത്തിന്റെ ചുമതല തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ്. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ പാലിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. പ്രതിനിധികീരിക്കുന്ന ജനങ്ങളുടെ ഇച്ഛയ്ക്ക് അനുസരണമായി നിയമം നിര്‍മ്മിക്കുന്നതിനുള്ള അധികാരം നിയമസഭയ്ക്കാണ്. മന്ത്രിമാരുടെ ഉത്തരവുകള്‍ പാലിക്കാന്‍ ഉദ്യോഗസ്ഥരെ തടയുന്നതും ഉത്തരവുകള്‍ പാലിക്കപ്പെടാതിരിക്കുന്നതും സര്‍ക്കാരിന്റെ കൂട്ടുത്തരവാദത്തെ ബാധിക്കുമെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരിന് ഡല്‍ഹിയുടെ ഭൂമി, പോലീസ്, ക്രമസമാധാനം എന്നിവയില്‍ മാത്രമായിരിക്കും അധികാരം.
കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായ ലഫ്റ്റനന്റ് ഗവര്‍ണര്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥനാണ്. മന്ത്രിസഭയുടെ ഉപദേശങ്ങളും സഹായങ്ങളും സ്വീകരിച്ച് പ്രവര്‍ത്തിക്കണം. രാഷ്ട്രപതി ചുമതലപ്പെടുത്തിയ ഭരണപരമായ ചുമതലകള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കുണ്ട്. എന്നാല്‍ അത് ഡല്‍ഹി മുഴുവനും നിര്‍വഹിക്കണമെന്നല്ല അര്‍ത്ഥമാക്കുന്നത്. അതിന് ഡല്‍ഹിയില്‍ തിരഞ്ഞെടുക്കപ്പെട്ട സംവിധാനമുണ്ട്. മറിച്ചായാല്‍ അത് ഫെഡറല്‍ സംവിധാനത്തെ തന്നെ ബാധിക്കും.
ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന് ഉദ്യോഗസ്ഥരുടെ മേല്‍ നിയന്ത്രണവും അവരെ വിശ്വാസത്തിലെടുക്കാനും കഴിയുന്നില്ലെങ്കില്‍ അത് നിയമസഭയും സമൂഹവും തമ്മിലുള്ള ഉത്തരവാദിത്തത്തില്‍ വെള്ളം ചേര്‍ക്കപ്പെടും. സര്‍ക്കാരിനോട് ഒരു ഉദ്യോഗസ്ഥന് ഉത്തരവാദിത്തമില്ലെങ്കില്‍, കൂട്ടുത്തരവാദിത്തം നഷ്ടപ്പെടും. തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന് ഉദ്യോഗസ്ഥരെ ശാസിക്കാന്‍ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
ഡല്‍ഹി സര്‍ക്കാരിന് ഭരണപരമായ എല്ലാ മേഖലകളിലും അധികാരമില്ലെന്നായിരുന്നു 2019ല്‍ ജസ്റ്റീസ് അശോക് ഭൂഷണ്, ജസ്റ്റീസ് എ.കെ സിക്രി എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടിരുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് കേന്ദ്രവുമായി അധികാര തര്‍ക്കം രൂക്ഷമായത്. ഡല്‍ഹി സര്‍ക്കാരിന്റെ പല അധികാരങ്ങളിലും ലഫ്റ്റനന്റ് ഗവര്‍ണര്‍ കൈകടത്തിയതോടെ ഭരണം തന്നെ സ്തംഭനാവസ്ഥയിലേക്ക് എത്തുന്ന സ്ഥിതിയായിരുന്നു. 2019ലെ വിധിയോടെ കേന്ദ്രം കൂടുതല്‍ പിടിമുറുക്കി തുടങ്ങി. ഇതോടെയാണ് എഎപി ഭരണഘടനാ ബെഞ്ചിനെ സമീപിച്ചത്.







Comments