
മിലാന്: യുവേഫാ ചാംപ്യന്‍സ് ലീഗ് സെമിയിലെ മിലാന് ഡര്‍ബിയില്‍ എ.സി.യെ കീഴടക്കി ഇന്റര്‍ ഒരു ചുവട് മുന്നിലേക്ക് വെച്ചു. നഗരവൈരികളായ ഇറ്റാലിയന്‍ ക്ലബ്ബുകളുടെ പോരാട്ടത്തില്‍ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് എ.സി. മിലാനെ ഇന്റര്‍ മിലാന് പരാജയപ്പെടുത്തിയത്. എഡിന് സെക്കോയും ഹെന്റിക് മഖത്തര്യാനും ഗോളുകള്‍ നേടി.
വെറും മൂന്ന് മിനിറ്റുകള്‍ക്ക് ഇടയില്‍ പിറന്ന രണ്ടുഗോളുകളായിരുന്നു എ.സി. മിലാനെ കീഴടക്കിയത്. എട്ടാം മിനിറ്റില്‍ മിലാന് ആരാധകരെ സ്തംബ്ദ്ധരാക്കി ഇന്ററിന്റെ ഗോള്‍ വന്നു. കാലനോഗ്ളൂവിന്റെ പാസ് വലയിലാക്കി സെക്കോ ഗോളടിച്ചു. തൊട്ടടുത്ത മിനിറ്റില്‍ രണ്ടാം ഗോളും ഇന്റര്‍ നേടി. ദിമാര്ക്കോ നല്കിയ പന്ത് മഖ്ത്തര്യാന് വലയില്‍ കടത്തി. രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് പോകാതെ എ.സി. മിലാന്റെ ഗോള്‍നീക്കങ്ങള്‍ തടയാന്‍ മാത്രമാണ് ഇന്റര്‍ ശ്രമിച്ചത്. മെയ് 17 നാണ് ഇരു ടീമുകളും തമ്മില്‍ ഇന്ററിന്റെ മൈതാനത്ത് ഏറ്റുമുട്ടുന്നത്.
മൂന്ന് തവണ യൂറോപ്പിലെ മികച്ച ക്ലബ്ബിനുള്ള കപ്പ് ഉയര്‍ത്തിയിട്ടുള്ള ഇന്റര്‍ പക്ഷേ 13 വര്‍ഷത്തിന് ശേഷം ഫൈനലില്‍ ഇതുവരെ എത്തിയിട്ടില്ല. സ്റ്റാര്‍ സ്ട്രൈക്കര്‍ റോമേലു ലുക്കാക്കുവിനെ ബഞ്ചില്‍ ഇരുത്തി പകരം 37 കാരന് സെക്കോയില് വിശ്വാസം അര്‍പ്പിച്ച ഇന്റര്‍ പരിശീലകന് സിമോണി ഇന്‍സാഗിയുടെ പ്രതീക്ഷ താരം പത്തുമിനിറ്റി പിന്നീടും മുമ്പ് തന്നെ സഫലമാക്കി.





