
ബോസ്റ്റൺ: ഗ്രൂപ്പ് ഇയിലെ നിർണായക പോരാട്ടത്തിൽ ഘാനയോട് ഗോൾരഹിത സമനില വഴങ്ങിയതിന്റെ നിരാശയിലാണ് ഇംഗ്ലണ്ട്. ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ വൻ മാർജിനിൽ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തോടെയിറങ്ങിയ ഇംഗ്ലണ്ടിന് ഈ മത്സരത്തിൽ വിജയം കണ്ടെത്താനായില്ല.
മത്സരത്തിൽ ആവശ്യമായ മേൽക്കൈ നേടുന്നതിൽ ഇംഗ്ലണ്ട് പിന്നോട്ടുപോയതും ആക്രമണനിരയിലെ പിഴവുകളും ടീമിന് തിരിച്ചടിയായി. ഘാനയുടെ ഗോൾമുഖത്തേക്ക് 19 ഷോട്ടുകൾ തൊടുത്തെങ്കിലും അതിൽ മൂന്ന് എണ്ണം മാത്രമാണ് ലക്ഷ്യത്തിലെത്തിയത്. ഇതിൽ ഒരു ശ്രമം ക്രോസ്‌ബാറിൽ തട്ടി മടങ്ങുകയും ചെയ്തു.
ആദ്യ മത്സരത്തിൽ ഇരട്ടഗോൾ നേടി ശ്രദ്ധ നേടിയ ഹാരി കെയ്ൻ ഈ കളിയിൽ ലഭിച്ച രണ്ട് മികച്ച അവസരങ്ങൾ നഷ്ടപ്പെടുത്തി. കെയ്‌നിൽ നിന്ന് ഗോളുകൾ പ്രതീക്ഷിച്ചിരുന്ന ഇംഗ്ലണ്ട് ആരാധകർക്ക് സമനിലഫലം വലിയ നിരാശയാണ് സമ്മാനിച്ചത്.
ഇതിനിടെ, ഹാരി കെയ്‌നിനെതിരെ മന്ത്രവാദം നടത്തിയെന്ന അവകാശവാദവുമായി ബന്ധപ്പെട്ട ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാവുകയാണ്. ഘാനയിലെ ദുഃർമന്ത്രവാദിയായ നാന ക്വാകു ബോൺസാം, താൻ കെയ്‌നിനെ ശപിച്ചിട്ടുണ്ടെന്നും അതിനാൽ ഘാനയ്‌ക്കെതിരായ മത്സരത്തിൽ താരം ഗോൾ നേടില്ലെന്നും മുമ്പ് അവകാശപ്പെട്ടിരുന്നു.






