
ബോസ്റ്റണ്‍: ലോകകപ്പിലെ നോക്കൗട്ട് ഉറപ്പാക്കാൻ തോമസ് ടുഹെലിന്റെ സംഘത്തിന് ഇനി പാനമയ്‌ക്കെതിരെയുള്ള അവസാന മത്സരം വരെ കാത്തിരിക്കണം. ആദ്യ മത്സരത്തിൽ ക്രോയേഷ്യയെ തകർത്തുകളഞ്ഞ ആ മികച്ച ഫോം ബോസ്റ്റൺ സ്റ്റേഡിയത്തിൽ ഘാനയ്‌ക്കെതിരെ ആവർത്തിക്കാൻ ഇംഗ്ലണ്ടിനായില്ല. ഒടുവിൽ ഗോള്‍രഹിത സമനിലയിൽ അവസാനിച്ചു.
വിജയിച്ചാൽ അവസാന 32-ലേക്ക് യോഗ്യത ഉറപ്പാക്കാമായിരുന്ന തോമസ് ടുഹെലിന്റെ ടീമിനെ, ഘാനയുടെ ശക്തമായ പ്രതിരോധവും ചിട്ടയായ കളിശൈലിയും കടുത്ത നിരാശയിലാഴ്ത്തി. മത്സരത്തിന്റെ 57-ാം മിനിറ്റിലാണ് ഇംഗ്ലണ്ടിന് ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും പായിക്കാനായത്. കളി ഒഴുക്കില്ലാതെ നീങ്ങിയപ്പോൾ, ഘാനയുടെ കൗണ്ടർ അറ്റാക്കുകളിൽ പലപ്പോഴും ഇംഗ്ലീഷ് പ്രതിരോധം പതറുന്നതായി കാണാമായിരുന്നു.
മത്സരത്തിലെ സമനിലപ്പൂട്ട് പൊളിക്കാൻ വേണ്ടി, മധ്യനിരയിലെ താരം ജൂഡ് ബെല്ലിംഗ്ഹാമിന് പകരം മോർഗൻ റോജേഴ്സിനെയും, പരിക്ക് കാരണം വിശ്രമം അനുവദിച്ചിരുന്ന ബുകായോ സാക്കയെയും ടുഹെൽ കളത്തിലിറക്കി.
സാക്കയുടെ ഒരു മികച്ച ഷോട്ട് ഘാന ഗോൾകീപ്പർ ബെഞ്ചമിൻ അസാരെ രക്ഷപ്പെടുത്തി. മറ്റൊരു പകരക്കാരനായ നിക്കോ ഒറെയ്‌ലിയുടെ ഹെഡ്ഡർ ഗോൾപോസ്റ്റിന്റെ ബാറിലിടിച്ച് തെറിച്ചതോടെ ഇംഗ്ലണ്ടിന് ഒരു പോയിന്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇതിനിടയിൽ മാർക്ക് ഗുവേഹിയുടെ ഒരു ഹെഡ്ഡറും ഘാന താരം ഗോൾ ലൈനിൽ വെച്ച് തട്ടിയകറ്റിയിരുന്നു.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഇംഗ്ലണ്ട് കടുത്ത സമ്മർദ്ദം ചെലുത്തിയെങ്കിലും, ഒരു പെനാൽറ്റി വഴങ്ങുന്നതിൽ നിന്ന് അവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബോക്സിനുള്ളിൽ ഘാന താരം പ്രിൻസ് ക്വാബെന അഡുവിനെ എസ്രി കോൺസ വീഴ്ത്തിയപ്പോൾ, പന്തുമായി യാതൊരു സമ്പർക്കവും കോൺസയ്ക്ക് ഉണ്ടായിരുന്നില്ല. നിലവിൽ ഗ്രൂപ്പ് L-ൽ ഇംഗ്ലണ്ട് തന്നെയാണ് ഒന്നാം സ്ഥാനത്ത്. എങ്കിലും ലോകകപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടാൻ പാനമയ്‌ക്കെതിരെയുള്ള അവസാന ഗ്രൂപ്പ് മത്സരം വരെ അവർക്ക് കാത്തിരിക്കേണ്ടി വരും.






