
ടൊറന്‍റോ: ഫുട്ബോൾ ചരിത്രത്തിൽ സുവർണ നേട്ടവുമായി ഇതിഹാസ താരം ലൂക്കാ മോഡ്രിച്ച്. ക്രൊയേഷ്യൻ ദേശീയ കുപ്പായത്തിൽ മോഡ്രിച്ച് തന്‍റെ ഇരുന്നൂറാം അന്താരാഷ്ട്ര മത്സരം കളിക്കാനിറങ്ങിയ ചരിത്രരാത്രിയിൽ എതിരില്ലാത്ത ഒരു ഗോളിന് പനാമയെ തകർത്ത് ക്രൊയേഷ്യ ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി.
ക്രൊയേഷ്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ദേശീയ ജഴ്‌സി അണിഞ്ഞ താരമായ മോഡ്രിച്ച് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ടീമിന്റെ പ്രധാന ശക്തിയാണ്. 40-ാം വയസിലും രാജ്യത്തിനായി ഏറ്റവും ഉയർന്ന തലത്തിൽ പ്രകടനം തുടരുന്ന താരം ലോക ഫുട്ബോളിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാളായാണ് വിലയിരുത്തപ്പെടുന്നത് .
ദേശീയ ടീമിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങളുടെ പട്ടികയിൽ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ 229 മത്സരങ്ങളുമായി ഒന്നാം സ്ഥാനത്താണ്. കുവൈത്തിന്റെ ബദർ അൽ-മുതാവ 202 മത്സരങ്ങളോടെ രണ്ടാം സ്ഥാനത്തും അർജന്റീനയുടെ ലയണൽ മെസി 201 മത്സരങ്ങളോടെ മൂന്നാം സ്ഥാനത്തുമുണ്ട്. . 200 മത്സരങ്ങൾ പൂർത്തിയാക്കിയ മോഡ്രിച്ച് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെയാണ് .
2018 ഫിഫ ലോകകപ്പിൽ ക്രൊയേഷ്യയെ ആദ്യമായി ഫൈനലിലെത്തിച്ച നായകനായിരുന്നു മോഡ്രിച്ച്. ഫ്രാൻസിനോട് ഫൈനലിൽ പരാജയപ്പെട്ടെങ്കിലും ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ‘ഗോൾഡൻ ബോൾ’ പുരസ്കാരം കരസ്ഥമാക്കി മോഡ്രിച്ച് . ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ദീർഘകാല ആധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് ലോക ഫുട്ബോളിലെ ഏറ്റവും മികച്ച വ്യക്തിഗത ബഹുമതിയായ ബാലൺ ഡി ഓറും സ്വന്തമാക്കി മോഡ്രിച്ച് ചരിത്രം കുറിച്ചു.
2022 ലോകകപ്പിലും മോഡ്രിച്ചിന്റെ നേതൃത്വത്തിൽ ക്രൊയേഷ്യ ശ്രദ്ധേയ പ്രകടനം നടത്തി. സെമിഫൈനൽ വരെ മുന്നേറിയ ടീം ഒടുവിൽ ചാമ്പ്യൻമാരായ അർജന്റീനയോട്കീ ഴടങ്ങുകയായിരുന്നു.2018 ലോകകപ്പിൽ റണ്ണറപ്പും 2022ൽ മൂന്നാം സ്ഥാനക്കാരുമാണ്. ഇക്കുറി ഹാട്രിക് സെമി യോഗ്യതയാണ് ലൂക്കയും സംഘവും ലക്ഷ്യമിടുന്നത്. അഞ്ചാം ലോകകപ്പിന് ഒരുങ്ങുന്ന നാൽപ്പതുകാരൻ ലൂക്കാ മോഡ്രിച്ചാണ് ക്രൊയേഷ്യയുടെ ക്യാപ്റ്റൻ. പരിചയസമ്പന്നരും യുവതാരങ്ങളും ഒത്തു ചേർന്ന ടീമാണ് ക്രൊയേഷ്യയുടേത്. മോഡ്രിച്ചിനെ കൂടാതെ യോസ്കോ ഗ്വാർഡിയോൾ, ജോസിപ് സ്റ്റാനിസിച്ച്, മാറ്റിയോ കൊവാസിച്ച്, ഇവാൻ പെരിസിച്ച് തുടങ്ങിയ പ്രധാന താരങ്ങളെല്ലാമുണ്ട്.
എൽ ഗ്രൂപ്പിൽ, ഇംഗ്ലണ്ടും ഘാനയും നാല് പോയിന്‍റോടെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ തുടരുമ്പോൾ ക്രൊയേഷ്യ 3 പോയിന്‍റുമായി തൊട്ടുപിന്നിലുണ്ട്. ജൂൺ 27-ന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ക്രൊയേഷ്യക്ക് ഘാനയാണ് എതിരാളികൾ. നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടാൻ ക്രൊയേഷ്യക്ക് അടുത്ത മത്സരത്തിൽ വിജയം അനിവാര്യമാണ്.






