
ന്യൂജഴ്‌സി: ഒടുവില്‍ ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ബ്രസീലിയന്‍ ഫുട്‌ബോളിലെ സുല്‍ത്താന്‍ നെയ്മര്‍ ജൂനിയര്‍ കളത്തിലെത്തുന്നു. സ്‌കോട്‌ലന്റിനെതിരേയുള്ള ബ്രസീലിന്റെ അടുത്ത മത്സരത്തില്‍ നെയ്മര്‍ കളിക്കാനിറങ്ങുമെന്ന് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി വ്യക്തമാക്കി.
സൂപ്പര്‍ താരം മെഡിക്കല്‍ ക്ലിയറന്‍സ് നേടി പൂര്‍ണ്ണ ഫിറ്റ്നസ് വീണ്ടെടുത്തു. തീവ്രമായ ഒരു പരിശീലനത്തിന് ശേഷം നെയ്മര്‍ പൂര്‍ണ്ണമായും സജ്ജനാണ്. സ്‌കോട്‌ലന്റിനെതിരേ ബ്രസീലിന്റെ മത്സരം ഇന്ത്യന്‍സമയം നാളെ പുലര്‍ച്ചെയാണ്. ഈ ലോകകപ്പിലെ നെയ്മറുടെ ആദ്യ മത്സരമായിരിക്കും ഇത്.
യുവതാരം എന്‍ഡ്രിക് ആദ്യ ഇലവനില്‍ ഇറങ്ങുമെന്ന സൂചനയും കോച്ച് നല്‍കി. നാളെ ആര്‍ക്കുവേണ്ടിയാണ് ജനങ്ങള്‍ കയ്യടിക്കുക. രണ്ടുപേര്‍ക്കു വേണ്ടിയും ആയിരിക്കുമെന്ന് ആഞ്ചലോട്ടി പറഞ്ഞു. ബ്രിട്ടീഷ് ടീമിന്റെ പ്രധാന കരുത്തിനെക്കുറിച്ച് ആന്‍സലോട്ടി മുന്നറിയിപ്പ് നല്‍കി. അവരുടെ ശാരീരികക്ഷമതയും 4-4-2 ശൈലിയിലുള്ള കൃത്യമായ തന്ത്രപരമായ അണിനിരക്കലും അദ്ദേഹം എടുത്തുപറഞ്ഞു.
ലോങ് ബോളുകളും ക്രോസുകളുമാണ് ഭീഷണി. പ്രത്യേകിച്ച് സ്‌കോട്ട് മക്ടോമിനെയെയും ജോണ്‍ മക്ഗിന്നിനെയും അദ്ദേഹം അടയാളപ്പെടുത്തി. ഗ്രൂപ്പിലെ തങ്ങളുടെ മറ്റ് എതിരാളികളായ മൊറോക്കോയും ഹെയ്തിയും തമ്മില്‍ സമാന്തരമായി നടക്കുന്ന മത്സരത്തിലേക്ക് ശ്രദ്ധ തിരിക്കില്ലെന്നും വ്യക്തമാക്കി.






