
ന്യൂഡല്‍ഹി : ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. ഡല്‍ഹി റോസ് അവന്യൂ കോടതി ജൂണ്‍ രണ്ട് വരെയാണ് കാലാവധി നീട്ടിയയ്. പ്രത്യേക ജഡ്ജി എം കെ നാഗ്പാലിന്റേതാണ് ഉത്തരവ്.ഏപ്രില്‍ 23 ന് മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി മെയ് 12 വരെ നീട്ടി കോടതി ഉത്തരവിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കസ്റ്റഡി കാലാവധി വീണ്ടും നീട്ടിയത്.
സിസോദിയ സമര്‍പ്പിച്ച ജാമ്യാപേക്ഷ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എതിര്‍ത്ത് സിസോദിയയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സി കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കസ്റ്റഡി കാലാവധി നീട്ടിയത്. മദ്യനയക്കേസില്‍ മനീഷ് സിസോദിയയെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുറ്റപത്രത്തില്‍ ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിതയുടെ മുന്‍ ഓഡിറ്റര്‍ ബുച്ചി ബാബു, അര്ജുന് പാണ്ഡെ, അമന്‍ദീപ് ധാല്‍ എന്നിവരുടെ പേരുകളും ഉള്‍പ്പെടുത്തിയിരുന്നു.
മനീഷ് സിസോദിയയടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. മനീഷ് സിസോദിയയാണ് കേസിലെ ഒന്നാം പ്രതി. ഡല്‍ഹി എക്സൈസ് കമ്മീഷ്ണറായിരുന്ന ഗോപി കൃഷ്ണ, മുതിര്‍ന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സിസോദിയയുമായി ചേര്‍ന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികള്‍ക്ക് അനധികൃതമായി ടെണ്ടര്‍ ഒപ്പിച്ച് നല്‍കിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.ഫെബ്രുവരി 26 നാണ് മദ്യനയ കേസില്‍ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. നിലവില്‍ തിഹാര്‍ ജയിലിലാണ് മനീഷ് സിസോദിയ.






