
എണ്‍പതുകളില്‍ തെന്നിന്ത്യ മുഴുവന്‍ നിറഞ്ഞു നിന്ന താരങ്ങളാണ് സുഹാസിനിയും രേവതിയും. സിനി ഉലകം എന്ന യൂട്യൂബ് ചാനലിലെ ‘സംതിംഗ് സ്പെഷ്യല്‍’ എന്ന പരിപാടി അവതരിപ്പിക്കുന്നത് ഇപ്പോള്‍ സുഹാസിനിയാണ്. പഴയ താരങ്ങളും പുതിയ താരങ്ങളുമടക്കം നിരവധി പേര് തങ്ങളുടെ സിനിമായാത്ര പങ്കിടാന്‍ ഈ പരിപാടിയില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ രേവതി പങ്കെടുത്ത എപ്പിസോഡാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുന്നത്. അഭിനേതാക്കളും സംവിധായകരുമായ ഇരുവരും എണ്‍പതുകളുടെ സിനിമാ ജീവിത ഓര്‍മ്മകള്‍ ഇന്നില്‍ നിന്നും എത്ര വ്യത്യസ്ഥമായിരുന്നു എന്നും ആ കാലം തങ്ങള്‍ എത്ര സന്തോഷകരമായിട്ടാണ് ചെലവിട്ടതെന്നുമാണ് ചാറ്റ് ഷോയില്‍ ഓര്‍ത്തെടുക്കുന്നത്. രണ്ടുപേരും സിനിമയിലെത്തിയത് എങ്ങനെയെന്ന് പറയുന്നുണ്ട്. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തില്‍ നിന്നും എത്തിയ രേവതിയും തങ്ങളുടെ കുടുംബങ്ങള്‍ സിനിമാ ലോകവുമായി പ്രതികരിച്ചത് എങ്ങനെയെന്നാണ് രേവതി പറയുന്നത്. ‘‘ആര്‍മിയില്‍ മേജറായിരുന്ന അച്ഛന്, യാഥാസ്ഥിക തമിഴ് ബ്രാഹ്മണ പശ്ചാത്തലമുള്ള അമ്മ - ഇരുവര്‍ക്കും നൃത്തം ഇഷ്ടമായിരുന്നത് കൊണ്ടാണ് എന്നെ നൃത്തം പഠിപ്പിച്ചത്. പിന്നീടാണ് സിനിമയില്‍ അവസരം വന്നപ്പോള്‍ അഭിനയിക്കാന്‍ അനുവദിച്ചത്...’’. ഇതിനു നേരെ വിപരീതമായി സിനിമാ കുടുംബത്തില്‍ നിന്നും എത്തിയതാണ് സുഹാസിനി. ‘‘ഞാന്‍ ചെറിയച്ഛന് കമല്‍ഹാസനൊപ്പം സ്വദേശമായ പരമകുടിയില്‍ നിന്നും ചെന്നൈയില്‍ എത്തി. കമലിന്റെ പ്രേരണ കൊണ്ട് അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമാട്ടോഗ്രഫി പഠിക്കാന്‍ ചേര്‍ന്നു. തുടര്‍ന്ന് മഹേന്ദ്രന് സംവിധാനം ചെയ്ത ‘നെഞ്ചത്തൈ കിള്ളാതെ’ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തി. സഹോദരിമാരായ സുഭാഷിണി. നന്ദിനി എന്നിവര്‍ മെഡിസിന്, അധ്യാപനം എന്നീ വഴികളാണ് തെരെഞ്ഞെടുത്തത്’’ സുഹാസിനി പറയുന്നു.
ഒരിക്കല്‍ തനിക്കൊപ്പം ചേച്ചിയും ഷൂട്ടിങ്ങിനു വന്ന സംഭവം സുഹാസിനി പറഞ്ഞത് ഇങ്ങനെ. ‘‘ഞാന്‍ അഭിനയിച്ച ‘മരുമകളെ വാഴ്ക’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനു എനിക്കൊപ്പം എന്റെ ചേച്ചിയും വന്നു. അതൊരു തെലുങ്ക് പടത്തിന്റെ റീമേക്ക് ആയിരുന്നു. അതിലെ നായിക ഒരു പുരുഷനാല്‍ റേപ്പ് ചെയ്യപ്പെടും. പിന്നീട് അയാളെ തന്നെ വിവാഹ കഴിക്കേണ്ടിയും വരും. ഞാന്‍ ലൊക്കേഷനില്‍ എത്തി ചോദിച്ചു, ഇന്ന് എന്താണ് സീന്‍ എന്ന്. അവര്‍ പറഞ്ഞു, ‘ഇന്ന് ഫസ്റ്റ് നൈറ്റ് മേഡം, നാളെ റേപ്പ് സീന്‍,’ എന്ന്. ഇത് കേട്ടതും എന്റെ ചേച്ചി അന്തംവിട്ടു. കാര്‍ എടുത്തു അപ്പൊ തന്നെ വീട്ടിലേക്ക് പോയി കളഞ്ഞു അവള്. ഇന്ന് ഫസ്റ്റ് നൈറ്റ്, നാളെ റേപ്പ് എന്നൊക്കെ പറയുന്നു. എന്റെ കുഞ്ഞനുജത്തിയാണ് അവള്. എന്ത് തരം ഒരു ഇന്‍ഡസ്ട്രിയിലാണ് അവളെ കൊണ്ട് വിട്ടിരിക്കുന്നത് എന്നൊക്കെ ചോദിച്ചു ചേച്ചി.’’
സമാനമായ ഒരു അനുഭവം രേവതിയും ഓര്‍ത്തെടുത്തു. ‘‘വൈദേഹി കാത്തിരുന്താള്‍’ എന്ന ചിത്രത്തെക്കുറിച്ചു ഉള്ളതായിരുന്നു ആ ഓര്‍മ്മ. 'അമ്മയുടെ ചേച്ചി, വല്യമ്മയാണ് എനിക്കൊപ്പം ലൊക്കേഷനില്‍ വന്നിരുന്നത്. ഹൊഗനേക്കലില്‍ ചിത്രീകരിച്ച ‘വൈദേഹി കാത്തിരുന്താള്‍’ എന്ന സിനിമയില്‍ എനിക്ക് ഒരു വിധവയുടെ വേഷമാണ്. ആദ്യ ദിവസം ഷൂട്ടിങ്ങിനു കോസ്റ്റ്യൂം ഒക്കെ ഇട്ടു വന്ന എന്നെ കണ്ടു വല്യമ്മ ഞെട്ടിപ്പോയി. ഈ കഥാപാത്രമാണോ നീ ചെയ്യുന്നത് എന്ന് ചോദിച്ചു അവര്‍. അതെ എന്ന് ഞാന്‍ പറഞ്ഞു. അയ്യോ ഏതു വേണ്ട, എനിക്ക് സങ്കടം വരുന്നു എന്നായി അവര്‍. എന്നിട്ടു എന്നെ ഉഴിഞ്ഞൊക്കെ ഇട്ടു. ഞാന്‍ പറഞ്ഞു വല്യമ്മേ ഇത് ഒരു കഥാപാത്രം മാത്രമല്ലേ, ഇങ്ങനെ ഇമോഷണല്‍ ആവേണ്ട കാര്യമുണ്ടോ എന്നൊക്കെ ചോദിച്ചു സമാധാനിപ്പിച്ചു വിട്ടു.’’
സുഹാസിനി-രേവതി എന്നിവര്‍ തമ്മില്‍ നടന്ന സൗഹൃദ സംഭാഷണത്തില്‍ ഇരുവരും ആദ്യമായി കണ്ടതും സുഹാസിനി വിവരിച്ചു. രേവതിയുടെ സിനിമാ അരങ്ങേറ്റ ചിത്രമായ ‘മണ്‍വാസനൈ’യുടെ തെലുങ്ക് ചിത്രത്തില്‍ സുഹാസിനിയെ അഭിനയിക്കാന്‍ ക്ഷണിച്ചപ്പോള്‍, അതിലെ ചില സീനുകള്‍ താന്‍ ചെയ്താല്‍ ശരിയാവില്ല എന്ന് കരുതിയതായും ചെന്നൈയിലെ വിജയാ ഗാര്‍ഡന്‍സില്‍ വച്ച് ആദ്യമായി രേവതിയെ കണ്ടപ്പോള്‍ ‘മണ്‍വാസനൈ’ യുടെ തെലുങ്ക് പതിപ്പും രേവതി തന്നെ ചെയ്യണം എന്ന് ആവശ്യപ്പെടുകയും ചെയ്തു എന്ന് സുഹാസിനി പറയുന്നു. എന്നാല്‍ എനിക്ക് തെലുങ്ക് തനിക്ക് വഴങ്ങില്ല എന്നും നിങ്ങള്‍ തന്നെ പോയി കഷ്ടപ്പെട്ടോളൂ എന്നും രേവതി മറുപടി പറഞ്ഞതായും സുഹാസിനി ഓര്‍ത്തെടുക്കുന്നുണ്ട്. സിനിമായാത്ര മുഴുവനായും ഇവര്‍ ഒരുമിച്ചിരുന്ന് ഈ പരിപാടിയില്‍ പങ്കുവയ്ക്കുന്നുണ്ട്.






