
സൈനിക വാഹനം മോഷ്ടിച്ച മേരിലാന്‍ഡ് സ്വദേശിയെ പോലീസ് പിടികൂടി. മെക്കല്‍ സ്റ്റീവന്‍സ് എന്ന 38 -കാരനാണ് പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ചയാണ് ഇയാള്‍ അഞ്ച് ടണ്‍ ഭാരമുള്ള സൈനിക വാഹനം മോഷ്ടിച്ചു കടന്നു കളയാന്‍ ശ്രമം നടത്തിയത്. എന്നാല്‍, പിന്തുടര്ന്നെത്തിയ പൊലീസ് പരിശ്രമത്തിനൊടുവില്‍ ഇയാളെ പിടികൂടുകയായിരുന്നു.
ഇയാള്‍ പോലീസ് വാഹനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം നടത്തിയതിനിടയില്‍ മറ്റു വാഹനങ്ങള്‍ക്കും അപകടം സംഭവിച്ചു. ആക്രമണം, വാഹനമോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മറ്റൊരു കേസില്‍ പിടിയിലായിരുന്നു ഇയാള്‍ ഏതാനും ദിവസങ്ങള്‍ മുന്‍പാണ് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെയാണ് സ്റ്റീവന്‍സ് മേരി ലാന്‍ഡിലെ ബെല്‍ എയറിലെ ഒരു വീട്ടില്‍ നിന്ന് 5 ടണ്‍ വരുന്ന സൈനിക കാര്‍ഗോ ട്രക്ക് മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമം നടത്തിയത്. തുടര്‍ന്ന് മോഷണം ശ്രദ്ധയില്‍പ്പെട്ട ഉടമ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബാള്‍ട്ടിമോറില്‍ നിന്ന് ഏകദേശം 20 മൈല്‍ വടക്കുകിഴക്കായി ഇന്റര്‍സ്റ്റേറ്റ് 95 -ലേക്ക് തിരിയുന്നതിന് മുമ്പായി ഒരു പ്രാദേശിക റോഡില്‍ വാഹനം കണ്ടെത്തിയത്.
പ്രാദേശിക റോഡില്‍ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. പൊലീസ് വാഹനം പിന്തുടര്ന്ന് എത്തിയപ്പോള്‍ രക്ഷപ്പെടാന്‍ ഇയാള്‍ നടത്തിയ അപകടകരമായ ഡ്രൈവിങ്ങിനിടയില്‍ നിരവധി വഴിയാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം.






