
ബംഗലുരു: ഡി.കെ. ശിവകുമാര്‍, സിദ്ധരാമയ്യ, രാഹുല്‍ഗാന്ധി കര്‍ണാടകത്തില്‍ വമ്പനൊരുവിജയം നേടി തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ കോണ്‍ഗ്രസിന്റെ വിജയത്തില്‍ ക്രെഡിറ്റ് കയ്യാളുന്ന അനേകര്‍ ഉണ്ടാകാം. എന്നാല്‍ ഇവര്‍ക്കെല്ലാം തത്തുല്യമായി ക്രെഡിറ്റ് നല്‍കേണ്ട ഒരാളുണ്ട്. ക്യാമറകളില്‍ നിന്നും പ്രരണങ്ങളില് നിന്നും അകന്നു നില്ക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനാഗൊലു. 137 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലേക്ക് ഉയരാന്‍ പിന്നില്‍ തന്ത്രങ്ങളൊരുക്കിയത് സുനിലിന്റെ തന്ത്രങ്ങളായിരുന്നു.
കര്‍ണാടകത്തില്‍ വിജയതന്ത്രമൊരുക്കാന് 2023 ലാണ് സുനിലിനെ കോണ്‍ഗ്രസ് നിയോഗിച്ചത്. കര്‍ണാടകത്തില്‍ തന്ത്രങ്ങള്‍ വിജയിച്ചതോടെ ജ്യോതിരാദിത്യ സിന്ധ്യേയുടെ കലാപത്തില്‍ തടിതപ്പുന്ന മദ്ധ്യപ്രദേശിലെ ജോലിയാണ് സുനിലിന് അടുത്തതായി കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്.
തന്ത്രത്തിന്റെ തമ്പുരാന് എന്നാണ് കനുഗൊലു ഇപ്പോള്‍ വിശേഷിപ്പിക്കപ്പെടുന്നത്. ആന്ധ്രയിലെ ഒരു തെലുങ്ക് ബിസിനസ് കുടുംബത്തില്‍ നിന്നും ചെന്നൈയില്‍ ജനിക്കുകയും വളരുകയും ഇപ്പോള്‍ ബംഗലുരുവില്‍ താമസമാക്കിയിരിക്കുകയും ചെയ്തിട്ടുള്ളയാളാണ് സുനില്‍ കനുഗൊലു. മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്കൊപ്പം ബിജെപിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചിരുന്ന സുനിലിനെ കോണ്‍ഗ്രസ് ഇത്തവണ കര്‍ണാടകത്തില്‍ ഇറക്കുകയായിരുന്നു.
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ 2017 ലെ വിജയത്തിന് പിന്നില്‍ തന്ത്രമൊരുക്കിയത് സുനിലായിരുന്നു. അതിന് മുമ്പ് തമിഴ്നാട്ടില്‍ ഡിഎംകെ യുടേയും എഡിഎംകെയുടേയും വിജയത്തിന് പിന്നിലും സുനില്‍ ഉണ്ടായിരുന്നു. പിന്നീടാണ് കോണ്‍ഗ്രസിന്റെ പ്രചരണവേദിയില്‍ അദ്ദേഹം എത്തിയത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 7 ന് അവസാനിച്ച തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്നും കശ്മീരിലെ ശ്രീനഗറിലേക്ക് രാഹുല്‍ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ എല്ലാ സഹായം ചെയ്യാനുള്ള ഉത്തരവാദിത്വം സുനിലിന് കോണ്‍ഗ്രസ് നല്‍കിയിരുന്നു.
കര്‍ണാടക കൂടി കഴിഞ്ഞതോടെ ഈ വര്‍ഷം അവസാനത്തോടെ നടക്കാനിരിക്കുന്ന മദ്ധ്യപ്രദേശ് തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിലാകും ഇനി സുനിലിന്റെ മിടുക്ക് കാണപ്പെടുക. പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളുമായി സൗഹൃദം ഉണ്ടാക്കാന്‍ കഴിയുന്നതാണ് സുനിലിന്റെ ഏറ്റവും വലിയ വൈദഗദ്ധ്യമായി സഹപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. ശാന്തനും ആകര്ഷണീയതയുളവാക്കുന്നതുമായ വ്യക്തിത്വവും അതിന് തുണയാകുന്നു.
എപ്പോഴും താഴെക്കിടയില്‍ അണികള്‍ക്കൊപ്പം നില്ക്കാന് ആഗ്രഹിക്കുകയും ശ്രദ്ധിക്കപ്പെടല്‍ വെറുക്കുകയും ചെയ്യുന്നയാളാണ്. അതേസമയം തന്നെ എപ്പോഴും ഫീല്‍ഡ് സര്‍വേകളുമായി എത്തുന്നതിനാല്‍ അദ്ദേഹത്തിനെ അവഗണിക്കാനും കഴിയുമായിരുന്നില്ല. ഇതെല്ലാം കാരണമായതിനാല്‍ രാഷ്ട്രീയ നേതാക്കള്‍ ദൈനംദിന രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് വലിയ മതിപ്പ് നല്‍കിയിരുന്നു. 2014 ല്‍ വേര്‍പിരിയുന്നത് വരെ തെരഞ്ഞെടുപ്പ് കാര്യങ്ങളില്‍ പ്രശാന്ത് കിഷോറിന്റെ സഹായിയായിരുന്നു.
കര്‍ണാടകാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഓരോ നിയമസഭാ സീറ്റിലും പിന്നിലിരുന്ന് തന്ത്രങ്ങളൊരുക്കുകയായിരുന്നു കനുഗോലു. അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ ബിജെപിയ്ക്കൊപ്പം ജെഡിഎസിനെയും മൂലയില്‍ കൊണ്ടിരുത്തി. മിക്കവാറും ത്രികോണ മത്സരമായി പോകാറുള്ള കര്‍ണാടകാ തെരഞ്ഞെടുപ്പിന്‍െ ഫോക്കസ് കോണ്‍ഗ്രസിലേക്ക് മാത്രമാക്കി നിര്‍ത്താനം കനുഗോലുവിനായി. എതിര് പാര്‍ട്ടിക്കാരുടെ ആരോപണങ്ങളെ നേരിടാന്‍ ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും പിന്തുണ നല്കി. റേറ്റ് കാര്‍ഡും പേ-സിഎം, 40 ശതമാനം കമ്മീഷന് സര്‍ക്കാര്‍ തുടങ്ങി കോണ്‍ഗ്രസ് പ്രചരണത്തില്‍ ഉന്നയിച്ച ശ്രദ്ധേയമായ പരാമര്‍ശങ്ങളെല്ലാം കൊനുഗലുവിന്റേതായിരുന്നു.






