
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ശേഷം മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കുഴഞ്ഞ് കര്‍ണാടക കോണ്‍ഗ്രസ്. നിലപാട് കടുപ്പിച്ച് പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ഇന്ന് സോണിയാഗാന്ധിയുമായി നടത്തുന്ന കൂടിക്കാഴ്ചയും ഡല്‍ഹിയിലെ ചര്‍ച്ചകളും നിര്‍ണ്ണായകമാകും. ചര്‍ച്ചയില്‍ തീരുമാനമായാല്‍ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്നാണ് സൂചനകള്‍.
സിദ്ധരാമയ്യയുടെ ഊഴം വെച്ചുള്ള മുഖ്യമന്ത്രി പദവും ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ഉപാധികളും തള്ളിയ ഡി.കെ. ശിവകുമാര്‍ സോണിയ ഗാന്ധിയോട് നേരിട്ട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടത് അനുസരിച്ചാണ് അദ്ദേഹം ഇന്ന് ഡല്‍ഹിയില്‍ എത്തുന്നത്. സിദ്ധരാമയ്യയുടെ മുഖ്യമന്ത്രിപദം സംബന്ധിച്ച പ്രസ്താവനകളിലെ അതൃപ്തി ശിവകുമാര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.
സിദ്ധരാമയ്യയുമായും കോണ്‍ഗ്രസ് നേതൃത്വവും നേരത്തേ ചര്‍ച്ച നടത്തി. ശിവകുമാറിന്റെ ആവശ്യങ്ങള്‍ സിദ്ധരാമയ്യയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേതാക്കളുമായി ചര്‍ച്ച നടത്തും. ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും സുപ്രധാന വകുപ്പുകളും നല്കി അനുനയിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം.
ആദ്യ രണ്ടു വര്‍ഷം താനും ബാക്കി മൂന്ന് വര്‍ഷം ശിവകുമാറും എന്ന സിദ്ധരാമയ്യയുടെ ഫോര്‍മുല നേരത്തേ ഡി.ശിവകുമാര്‍ തള്ളിയിരുന്നു. പങ്കുവെയ്ക്കാന്‍ മുഖ്യമന്ത്രിപദം പരമ്പരാഗത സ്വത്ത് അല്ലല്ലോ എന്നായിരുന്നു ശിവകുമാറിന്റെ പ്രതികരണം. കര്‍ണാടക കോണ്‍ഗ്രസിന് നല്‍കുമെന്ന് സോണിയയ്ക്കും മല്ലികാര്‍ജ്ജുന ഖാര്‍ഗേയ്ക്കും താന്‍ വാഗ്ദാനം നല്‍കിയിരുന്നു. ആ വാക്ക് താന്‍ പാലിച്ചിട്ടുണ്ട്. ബാക്കിയെല്ലാം അവര്‍ തീരുമാനിക്കട്ടെ എന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഡി.കെ. ശിവകുമാര്‍ നല്കിയ പ്രതികരണം.






